പൂരങ്ങളുടെ പൂരം ഇന്ന്

തൃശൂര്‍| JOYS JOY| Last Modified ബുധന്‍, 29 ഏപ്രില്‍ 2015 (08:25 IST)
പൂരങ്ങളുടെ പൂരമായ തൃശൂര്‍ പൂരം ഇന്ന്. തട്ടകത്തെ പത്ത് ദേവതകള്‍ നിശ്ചഞ്ചലനായ വടക്കുന്നാഥന്റെ സന്നിധിയിലേക്ക് എഴുന്നള്ളിയെത്തുന്നതു മുതല്‍ പിരിയുന്നതു വരെയുള്ള 36 മണിക്കൂര്‍ നഗരം പൂരത്തിലമരും.

ബുധനാഴ്ച രാവിലെ കണിമംഗലം ശാസ്താവാണ് ആദ്യം വടക്കുന്നാഥ ക്ഷേത്രത്തില്‍ എത്തുക. രാവിലെ തിരുവമ്പാടി ഭഗവതി ശിവസുന്ദറിന്റെ പുറത്തേറി നടുവില്‍ മഠത്തിലേക്ക് പുറപ്പെടും. മഠത്തില്‍ എത്തിയശേഷം 11ന് മഠത്തില്‍വരവ് പഞ്ചവാദ്യം.

വര്‍ഷങ്ങളായി പ്രമാണം വഹിച്ച അന്നമനട പരമേശ്വരന്‍ മാരാരുടെ അസാന്നിധ്യത്തില്‍ കേളത്ത് കുട്ടപ്പന്‍ മാരാര്‍ക്കാണ് ഇത്തവണ നിയോഗം.

ഉച്ചക്ക് 12ന് പാറമേക്കാവ് ഭഗവതിയുടെ പൂരം തുടങ്ങും. പത്മനാഭനാണ് തിടമ്പേറ്റുന്നത്. പാറമേക്കാവിലിന്റെ പൂരം വടക്കുന്നാഥന്റെ മതിലകത്ത് പ്രവേശിച്ചാല്‍ ഉച്ചക്ക് 02.30ഓടെ പ്രസിദ്ധമായ ഇലഞ്ഞിത്തറ മേളം ആരംഭിക്കും.

വൈകുന്നേരം അഞ്ചോടെ തെക്കേഗോപുര പരിസരത്ത് പാറമേക്കാവ്, തിരുവമ്പാടി വിഭാഗങ്ങള്‍ മുഖാമുഖം നിന്ന് നിറങ്ങളുടെ കുടമാറ്റം തുടങ്ങും. കുടമാറ്റത്തിനു ശേഷം പുലര്‍ച്ചെ മൂന്നിനാണ് വെടിക്കെട്ട്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :