തൃശൂര്‍|
JOYS JOY|
Last Updated:
വ്യാഴം, 23 ഏപ്രില്‍ 2015 (13:59 IST)
പ്രസിദ്ധമായ തൃശൂര്‍ പൂരത്തിന് കൊടിയേറി. തിരുവമ്പാടി വിഭാഗമാണ് ആദ്യം കൊടി ഉയര്‍ത്തിയത്. രാവിലെ 11.30നും 12നും ഇടയിലായിരുന്നു തിരുവമ്പാടിയുടെ കൊടിയേറ്റം. 12ന് പാറമേക്കാവ് വിഭാഗം കൊടി ഉയര്‍ത്തി.
മുന്‍വര്‍ഷത്തില്‍ നിന്നും വ്യത്യസ്തമായി നീല, പച്ച, വെള്ള, കറുപ്പ്, ചുവപ്പ്, റോസ്, മഞ്ഞ എന്നിങ്ങനെ ഏഴ് വര്‍ണ്ണങ്ങളില്‍ തീര്‍ത്തതാണ് തിരുവമ്പാടിയുടെ കൊടിക്കൂറ. ദേവസ്വം പ്രതിനിധികളും ദേശക്കാരും ചേര്‍ന്ന് ആര്‍പ്പ് വിളികളോടെയാണ് കൊടിമരമുയര്‍ത്തിയത്.
ഉച്ചയ്ക്ക് പന്ത്രണ്ടിനായിരുന്നു പാറമേക്കാവില്‍ കൊടിയേറ്റ്. വിശേഷാല്‍ പൂജകള്‍ക്ക് തന്ത്രി പുലിയന്നൂര്‍ നമ്പൂതിരിയും മേല്‍ശാന്തി ശ്രീധരന്‍ നമ്പൂതിരിയും നേതൃത്വം നല്‍കി. വലിയപാണിക്കുശേഷം പുറത്തേക്കെഴുന്നള്ളിച്ച ഭഗവതിയെ സാക്ഷിനിര്‍ത്തി ആല്, മാവ് എന്നിവയുടെ ഇലകളും ദര്‍ഭപ്പുല്ലും വച്ച് അലങ്കരിച്ച് പാരമ്പര്യാവകാശികളായ ചെമ്പില്‍ നീലകണ്ഠനാശാരി ചെത്തിയൊരുക്കിയ കൊടിമരത്തില്‍ സിംഹമുദ്രയുള്ള കൊടിക്കൂറ ദേശക്കാര്‍ ഉയര്‍ത്തുകയായിരുന്നു.
ക്ഷേത്രത്തില്‍ നിന്നുള്ള പൂരം പുറപ്പാട് ഉച്ചക്ക് രണ്ടിന് തുടങ്ങും. തിരുവമ്പാടി ശിവസുന്ദര്‍ തിടമ്പേറ്റും. മൂന്നിന് ഭഗവതി നായ്ക്കനാലില്‍ എത്തുന്നതോടെ നായ്ക്കനാലിലും നടുവിലാലിലും പൂരപ്പതാക ഉയരും. അപ്പോള്‍ ചെറിയ വെടിക്കെട്ട് നടന്നതായിരിക്കും.
27നാണ് സാമ്പിള്‍ വെടിക്കെട്ട്. പാറമേക്കാവിന്റെ ചമയപ്രദര്‍ശനം 27ന് അഗ്രശാലയില്‍ തുടങ്ങും. തിരുവമ്പാടിയുടെ ആനച്ചമയ പ്രദര്‍ശനം 28ന് ഷൊര്‍ണൂര്‍ റോഡിലെ കൗസ്തുഭം ഓഡിറ്റോറിയത്തില്‍ ആരംഭിക്കും. 29നാണ് തൃശൂര്‍ പൂരം.