കോടതിക്കും ആശുപത്രിക്കും എന്തിന് കൊച്ചി മെട്രോക്കുവരെ വേണ്ടിയിരുന്നത് മഹാരാജാസിന്റെ ഭൂമി, സർക്കാരും കൈയ്യൊഴിഞ്ഞ വിദ്യാർത്ഥികളുടെ ഭാവി ഇനിയെന്താകും?: ആഷിക് അബു

ചുവരിൽ പച്ചത്തെറികളും ടോയ്‌ലറ്റ് സാഹിത്യവും എല്ലായിടത്തും കാണുമെന്ന് ആഷിക് അബു

aparna shaji| Last Modified വ്യാഴം, 22 ഡിസം‌ബര്‍ 2016 (13:54 IST)
മഹാരാജാസ് കോളേജിലെ ചുവരെഴുത്തു വിവാദവുമായി ബന്ധപ്പെട്ട് വിദ്യാര്‍ത്ഥികള്‍ക്ക് പിന്തുണയുമായി സംവിധായകന്‍ ആഷിക് അബു. ഫേസ്ബുക്ക് പേജിലാണ് ആഷിക് അബു തന്റെ നിലപാട് വ്യക്തമാക്കി രംഗത്തെത്തിയത്. സർക്കാരും കൈയ്യൊഴിഞ്ഞ മഹാരാജാസ് കാമ്പസിലെ വിദ്യാർത്ഥികളുടെ ഭാവി തീരുമാനിക്കുന്നത് അവിടുത്തെ സാറന്മാരായിരിക്കുമെന്ന് ആഷിക് അബു വ്യക്തമാക്കുന്നു. വിഷയവുമായി ബന്ധപ്പെട്ട് ആഷിക് നേരത്തെ തന്നെ തന്റെ നിലപാട് അറിയിച്ചിരുന്നു.

ആഷിക് അബുവിന്റെ വാക്കുകളിലൂടെ:

കോടതിക്കും ആശുപത്രിക്കും കൊച്ചി മെട്രോക്കും അങ്ങനെ പലതിനും ഭൂമി ആവശ്യം വന്നപ്പോൾ പകുത്തുകൊണ്ടുപോയത് സർക്കാർ കലാലയമായ എറണാകുളം മഹാരാജാസ് കോളേജിന്റെ ഭൂമിയാണ്. GCDA കാലാവധി കഴിഞ്ഞും കൈവശം വെച്ചിരുന്ന മഹാരാജാസ് കോളേജ് സ്റ്റേഡിയം ഒരു കാലത്തെ വലിയ വിദ്യാർത്ഥി സമരത്തിന് ശേഷമാണ് കോളേജിന് വിട്ടുകിട്ടിയത്. ഇപ്പോൾ ആ സ്റ്റേഡിയം ആരുടെ നിയന്ത്രണത്തിലാണ് എന്നറിയില്ല. അതിദാരുണമാണ് ഹോസ്റ്റലുകളുടെ സ്ഥിതി എല്ലാ കാലവും. മഹാരാജാസ് കോളേജ് പുനരുദ്ധാരണം എന്ന പേരിൽ തേക്കും വീട്ടിയും മാറ്റി വെയിലേറ്റാൽ വളയുന്ന, മഹാഗണി എന്ന പേരിൽ ഏതോ തട്ടിപ്പുമരം കൊണ്ട് കോൺട്രാക്ടർ നന്നായി.

ഒന്നാന്തരം അക്കാദമിക് നിലവാരം എല്ലാ കാലവും ഈ ക്യാമ്പസ് നിലനിർത്തിപോന്നു. കലയും സാഹിത്യവും രാഷ്ട്രീയവും കലഹവും സിനിമയും ശാസ്ത്രവും ഗണിതവും ഒരുപോലെ കണ്ടിരുന്ന സംസ്കാരം. ദാ ഇപ്പൊ സ്വയംഭരണ പദവി ചാർത്തികൊടുത്ത സർക്കാരും കൈ കഴുകി. ഇനി മഹാരാജാസിന്റെ ഭാവി നിശ്ചയിക്കുക അവിടുത്തെ സാറന്മാരാണ്. അതായത് എന്തൊക്കെയോ സീനിയോറിറ്റി മാത്രം മാനദണ്ഡമായി വരുന്ന 'നിയമനങ്ങൾ' തീരുമാനിക്കും കുട്ടികളുടെ ജീവിതം. ഇതിനെയാണ് ആ ക്യാമ്പസ്സിലെ വിദ്യാർത്ഥികൾ കുറെ കാലങ്ങളായി എതിർക്കുന്നത്.

ചുവരിൽ പച്ചത്തെറികളും, ടോയ്‌ലറ്റ് സാഹിത്യവും എല്ലായിടത്തും കാണും, കാമ്പസുകളിൽ മാത്രമല്ല. ചുവരിൽ കുറച്ചുപേർ എഴുതിവെച്ച വൃത്തികേടുകൾ മായ്ക്കുകയാണ് അവിടുത്തെ പുരോഗമന വിദ്യാർഥിസമൂഹം ചെയ്തത്. അത് ചെയ്തവരെ മാതൃകാപരമായി തിരുത്തണം എന്നും ആ വിദ്യാർത്ഥികൾ വിശ്വസിക്കുന്നു. ജയിലിൽ ഇടുന്നതിനുമുൻപ് കൗമാരപ്രായക്കാരെ തിരുത്താൻ വഴികൾ ഒരുപാടുണ്ടല്ലോ !



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :