പിഞ്ചുമക്കളെ നടുറോഡിൽ ഉപേക്ഷിച്ച് കാമുകനൊപ്പം മുങ്ങി, ഇരുവരേയും അഴിക്കുള്ളിലാക്കി കോടതി; വിവാഹേതരബന്ധത്തിൽ അപൂർവ്വ വിധി !

ചിപ്പി പീലിപ്പോസ്| Last Updated: ബുധന്‍, 30 ഒക്‌ടോബര്‍ 2019 (15:20 IST)
ചെറിയകുട്ടികളെ വഴിയിൽ ഉപേക്ഷിച്ച് കാമുകനൊപ്പം പോയ യുവതി അഴിക്കുള്ളിൽ. യുവതിയേയും കാമുകനേയും റിമാൻഡ് ചെയ്ത് കോടതിയുടെ അസാധാരണവിധി. നെയ്യാറ്റിൻ‌കര ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് ആണ് വിവാഹേതരബന്ധത്തിൽ അവിശ്വസനീയ വിധി പുറപ്പെടുവിച്ചത്.

ഭർത്താവിനേയും മക്കളേയും ഉപേക്ഷിച്ച് ഫേസ്ബുക്ക് വഴി പരിചയപ്പെട്ട കാമുകനൊപ്പം പോയ യുവതി ചെറിയ കുട്ടികളോട് ക്രൂരത കാണിച്ചത് ചൂണ്ടിക്കാണിച്ചാണ് വിധി. ഭർത്താവിന്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് യുവതിയേയും കാമുകനേയും അറസ്റ്റ് ചെയ്തതും കോടതിയിൽ ഹാജരാക്കിയതും.

ജോലിക്ക് പോകുന്നുവെന്ന് പറഞ്ഞാണ് മക്കളെയും കൂട്ടി യുവതി വീട്ടിൽ നിന്നും ഇറങ്ങിയത്. ആറു വയസുള്ള മകനേയും നാലര വയസുള്ള മകളേയും വീടിനടുത്തുള്ള ബസ്റ്റോപ്പിൽ ആക്കിയ യുവതി കാമുകനെ വിളിച്ച് വരുത്തി അയാൾക്കൊപ്പം പോവുകയായിരുന്നു. സഹോദരനെ വിളിച്ച് മക്കളെ വീട്ടിലേക്ക് കൂട്ടിക്കൊണ്ട് പോകാൻ പറയുകയായിരുന്നു.

കാമുകൻ അരുൺകുമാർ അവിവാഹിതനാണ്. ഭർത്താവിന്റെ ഉപദ്രവം മൂലമാണ് വീടുവിട്ടതെന്നും കാമുകനൊപ്പം പോയാൽ മതിയെന്നും യുവതി കോടതിയിൽ പറഞ്ഞു. എന്നാൽ, ഇരുവർക്കും ജാമ്യം നൽകുന്നത് സമൂഹത്തിൽ മോശം സന്ദേശം വ്യാപിപ്പിക്കുമെന്ന് പ്രോസിക്യൂഷൻ വാദിച്ചു. കുട്ടികളോട് ക്രൂരത കാണിച്ചതിനാൽ നവംബർ 9 വരെ ഇരുവരേയും റിമാൻഡ് ചെയ്തു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :