കൊച്ചി|
jibin|
Last Modified ചൊവ്വ, 14 ജൂണ്‍ 2016 (12:47 IST)
മെത്രാന്‍ കായല്‍ അടക്കമുള്ള സര്‍ക്കാരിന്റെ അവസാന കാലത്തെ തീരുമാനങ്ങള്‍ നിയമസഭ തെരഞ്ഞെടുപ്പില്‍ യുഡിഎഫിന് തിരിച്ചടിയായെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. യുഡിഎഫ് സർക്കാരിന്റെ അവസാന നാളുകളിൽ കൈക്കൊണ്ട തീരുമാനങ്ങൾ വിവാദമുണ്ടാക്കി. കൂടാതെ സ്ഥാനാര്‍ഥിത്വം സംബന്ധിച്ച വിവാദങ്ങളും പരാജയത്തിന് കാരണമായെന്നും അദ്ദേഹം പറഞ്ഞു.
മെത്രാൻ കായൽ തീരുമാനം ജനങ്ങൾക്കിടയിൽ സംശയത്തിന് ഇടനൽകി. മന്ത്രിസഭാ യോഗത്തിൽ ഔട്ട് ഒഫ് അജണ്ടയായി ഈ വിഷയം കൊണ്ടു വരേണ്ടിയിരുന്നില്ല. തീരുമാനം വിവാദമായതോടെ ഉത്തരവ് സർക്കാർ പിൻവലിച്ചെങ്കിലും അക്കാര്യം ജനങ്ങളെ ബോദ്ധ്യപ്പെടുത്താനായില്ലെന്നും ചെന്നിത്തല പറഞ്ഞു. കെപിസിസി പ്രസിഡന്റിനെ മാറ്റുക എന്ന പ്രചാരണങ്ങള്‍ തെറ്റാണ്. അത്തരത്തിലൊരു വാര്‍ത്ത ഉണ്ടായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
അടുത്ത പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ യുഡിഎഫ് ശക്തമായി തിരിച്ചുവരും. നിയമസഭാ തെരഞ്ഞെടുപ്പില്‍ വര്‍ഗീയ ദ്രുവീകരണത്തിലൂടെയാണ് സിപിഎമ്മും ബിജെപിയും മുന്നേറ്റമുണ്ടാക്കിയത്. ഒരു തെരഞ്ഞെടുപ്പ് വിജയത്തിനായി എല്‍ഡിഎഫ് കാത്തിരുന്നതുപോലെ 10 വര്‍ഷം യുഡിഎഫിന് കാത്തിക്കേണ്ടിവരില്ല. യുഡിഎഫിന്റെ അടിത്തറ തകര്‍ന്നുവെന്ന സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ പ്രചരണം അടിസ്ഥാന രഹിതമാണ്. പാര്‍ട്ടി അധികാര കേന്ദ്രമാകരുതെന്ന് കോടിയേരിയുടെ പ്രസ്താവന സിപിഎമ്മിന്റെ കാപട്യമാണ് വെളിവാക്കുന്നതെന്നും ചെന്നിത്തല പറഞ്ഞു.
എല്‍ഡിഎഫ് അധികാരത്തില്‍ വന്നപ്പോള്‍ ആദ്യം ശരിയാക്കിയത് വിഎസ് അച്യുതാനന്ദനെയാണ്. പിണറായി വിജയനും സീതാറാം യെച്ചൂരിയും വിഎസിനെ വഞ്ചിച്ചു. സാധാരണ എംഎല്‍എ ആയി തുടരണമോ എന്ന് വിഎസ് തീരുമാനിക്കട്ടെ എന്നും ചെന്നിത്തല കൊച്ചിയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം പറഞ്ഞു.