രേണുക വേണു|
Last Modified തിങ്കള്‍, 13 സെപ്‌റ്റംബര്‍ 2021 (14:12 IST)
അമ്പൂരി കണ്ടംതിട്ട ജിപിന്‍ഭവനില്‍ സെല്‍വ മുത്തു (52) കൊല്ലപ്പെട്ട സംഭവത്തില്‍ പൊലീസ് കസ്റ്റഡിയിലായിരുന്ന ഭാര്യ സുമലത (40) കുറ്റം സമ്മതിച്ചു. ഭര്‍ത്താവ് സെല്‍വ മുത്തു തന്നെ നിരന്തരം മര്‍ദിക്കാറുണ്ടെന്നും ഇതിന്റെ പ്രതികാരമായാണ് കൊലപ്പെടുത്തിയതെന്നും സുമലത സമ്മതിച്ചു. പുലര്‍ച്ചെ രണ്ടിന് ശേഷമായിരുന്നു കൊലപാതകം നടന്നത്. കൊലപാതകം നടന്ന ദിവസം രാവിലെയും സെല്‍വ മുത്തു തന്നെ മര്‍ദിച്ചതായി സുമലത പറയുന്നു. കട്ടിലില്‍ കിടന്നുറങ്ങുകയായിരുന്ന സെല്‍വമുത്തുവിന്റെ തലയില്‍ ഉലക്കകൊണ്ട് ശക്തമായി അടിക്കുകയാണ് സുമലത ചെയ്തത്. ഈ അടിയുടെ ആഘാതത്തില്‍ സെല്‍വമുത്തുവിന്റെ ബോധം പോയി. തലയോടും പൊട്ടി.
കട്ടിലിന്റെ വശത്തുനിന്നാണ് ഉലക്ക കൊണ്ട് അടിച്ചത്. അതിനുശേഷം റബര്‍ തടിയുടെ കഷണം കൊണ്ട് വീണ്ടും മൂന്നുവട്ടം ഭര്‍ത്താവിന്റെ തലയ്ക്ക് അടിച്ചു. പിന്നീട് കട്ടിലില്‍ ഇരുന്ന് കറിക്കത്തികൊണ്ട് ഭര്‍ത്താവിന്റെ കഴുത്തറുത്തു. മൃതദേഹം തുണികൊണ്ട് മൂടിയ ശേഷം കത്തികഴുകി ചണംചാക്കില്‍ പൊതിഞ്ഞ് വീടിന്റെ പിന്നിലെ തോട്ടത്തിലേക്ക് എറിഞ്ഞു. ഇതിനിടെ ഭിന്നശേഷിക്കാരനായ മകന്‍ ജിത്തു ശുചിമുറിയില്‍ പോയി തിരികെ എത്തിയപ്പോള്‍ കിടന്നുറങ്ങിക്കൊള്ളാന്‍ നിര്‍ദേശിച്ചു.
റബര്‍ ടാപ്പിങ്ങിന് പോകാനായി പുലര്‍ച്ചെ മൂന്നിന് സെല്‍വമുത്തു അലാം വയ്ക്കാറുണ്ട്. ഭര്‍ത്താവിനെ കൊലപ്പെടുത്തിയ ശേഷം സുമലത ഈ അലാം ഓഫാക്കി നേരം പുലരുന്നതുവരെ വീടിന്റെ വരാന്തയില്‍ ഇരുന്നു. രാവിലെയാണ് സമീപ വീട്ടില്‍ എത്തി ടാപ്പിങ് കത്തികൊണ്ട് ഭര്‍ത്താവിനു പരുക്കേറ്റെന്നും ആശുപത്രിയില്‍ എത്തിക്കാന്‍ സഹായിക്കണമെന്നും സുമലത ആവശ്യപ്പെട്ടത്.