സിആര്‍ രവിചന്ദ്രന്‍|
Last Modified ചൊവ്വ, 29 നവംബര്‍ 2022 (08:47 IST)
വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന്റെ പ്രവര്‍ത്തന സാങ്കേതികത സംബന്ധിച്ച് വിഴിഞ്ഞം ഇന്റര്‍നാഷണല്‍ സീപോര്‍ട്ട് ലിമിറ്റഡ് സംഘടിപ്പിക്കുന്ന വിദഗ്ധ സംഗമവും സെമിനാറും 29 ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. തിരുവനന്തപുരം മാസ്‌കറ്റ് ഹോട്ടല്‍ സിംഫണി ഹാളില്‍ രാവിലെ 10 ന് നടക്കുന്ന ചടങ്ങില്‍ തുറമുഖം- മ്യൂസിയം- പുരാവസ്തു പുരാരേഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ അധ്യക്ഷത വഹിക്കും. ധനകാര്യ വകുപ്പ് മന്ത്രി കെ എന്‍ ബാലഗോപാല്‍, പൊതുമരാമത്ത് - ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ്, ഫിഷറീസ് വകുപ്പ് മന്ത്രി വി അബ്ദുറഹിമാന്‍, ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു, ഭക്ഷ്യ - പൊതുവിതരണ വകുപ്പ് മന്ത്രി ജി ആര്‍ അനില്‍, ശശി തരൂര്‍ എംപി എന്നിവര്‍ സംസാരിക്കും.
വിഴിഞ്ഞം ഇന്റര്‍നാഷണല്‍ സീപോര്‍ട്ട് ലിമിറ്റഡ് എം.ഡി ഗോപാലകൃഷ്ണന്‍ സ്വാഗതം പറയും. തുറമുഖ വകുപ്പ് സെക്രട്ടറി കെ ബിജു പദ്ധതി വിശദീകരണം നടത്തും. തുടര്‍ന്ന് വിദഗ്ധര്‍
വിഷയാവതരണം നടത്തും. നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഓഷ്യന്‍ ടെക്നോളജിയിലെ മുന്‍ ശാസ്ത്രജ്ഞനും എല്‍ ആന്‍ഡ് ടി ഇന്‍ഫ്രാ എന്‍ജിനീയറിങ് തുറമുഖ- പരിസ്ഥിതി വിഭാഗം തലവനുമായ രാജേഷ് പി.ആര്‍ 'വിഴിഞ്ഞം തുറമുഖത്തിന്റെ ആഘാതം സമീപ തീരങ്ങളില്‍ - പഠനത്തിന്റെ വെളിച്ചത്തില്‍' എന്ന വിഷയം അവതരിപ്പിക്കും.
'തീര രൂപീകരണത്തിലെ അടിസ്ഥാന തത്വങ്ങള്‍ക്ക് വിഴിഞ്ഞം തുറമുഖ വികസനത്തിലുള്ള പ്രാധാന്യ'ത്തെക്കുറിച്ച്
ഇന്‍ഡോമര്‍ കോസ്റ്റല്‍ ഹൈഡ്രോളിക്സ് ലിമിറ്റഡ് എം.ഡിയും ഗോവ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഓഷ്യാനോഗ്രാഫിയിലെ ഓഷ്യന്‍ എന്‍ജിനീയറിങ് വിഭാഗത്തിലെ മുന്‍ തലവനും ശാസ്ത്രജ്ഞനുമായ ഡോ പി ചന്ദ്രമോഹനും
'തിരുവനന്തപുരം കടല്‍തീരത്തെ മാറ്റങ്ങള്‍-യഥാര്‍ത്ഥ ഘടകങ്ങളുടെ അടിസ്ഥാനത്തിലെ വിലയിരുത്തലി'നെക്കുറിച്ച്
നാഷണല്‍ സെന്റര്‍ ഫോര്‍ എര്‍ത്ത് സയന്‍സ് സ്റ്റഡീസിലെ മറൈന്‍ ജിയോസയന്‍സ് ഗ്രൂപ്പ് മേധാവി ഡോ. എല്‍. ഷീല നായറും സംസാരിക്കും.