ടോമിന്‍ ജെ തച്ചങ്കരിയെ ഗതാഗത കമ്മീഷണര്‍ സ്ഥാനത്തു നിന്ന് മാറ്റി; തീരുമാനം മന്ത്രിസഭായോഗത്തില്‍; എഡിജിപി അനന്തകൃഷ്‌ണന്‍ പുതിയ ഗതാഗത കമ്മീഷണര്‍

ടോമിന്‍ ജെ തച്ചങ്കരിയെ ഗതാഗതകമ്മീഷണര്‍ സ്ഥാനത്തു നിന്ന് മാറ്റി

തിരുവനന്തപുരം| JOYS JOY| Last Modified വെള്ളി, 19 ഓഗസ്റ്റ് 2016 (11:11 IST)
സംസ്ഥാന ഗതാഗത കമ്മീഷണര്‍ ആയിരുന്ന ടോമിന്‍ ജെ തച്ചങ്കരിയെ തല്‍സ്ഥാനത്തു നിന്ന് മാറ്റി. ഇന്ന് ചേര്‍ന്ന മന്ത്രിസഭായോഗത്തിലാണ് തീരുമാനം ഉണ്ടായത്. തന്റെ പിറന്നാള്‍ ഗതാഗത വകുപ്പില്‍ തച്ചങ്കരി ആഘോഷിച്ചത് വിവാദമായിരുന്നു. ഇതിനെ തുടര്‍ന്നാണ് തച്ചങ്കരിയെ തല്‍സ്ഥാനത്തു നിന്ന് മാറ്റാന്‍
ബന്ധപ്പെട്ടവര്‍ തീരുമാനിച്ചത്. എ ഡി ജി പി അനന്തകൃഷ്‌ണന്‍ ആയിരിക്കും പുതിയ ഗതാഗത കമ്മീഷണര്‍.

ഇന്നു ചേര്‍ന്ന മന്ത്രിസഭായോഗത്തിന്റെ തുടക്കത്തില്‍ തന്നെ ഗതാഗതമന്ത്രി എ കെ ശശീന്ദ്രന്‍ ആണ് തച്ചങ്കരിയെ പുറത്താക്കണമെന്ന് ആവശ്യപ്പെടുകയായിരുന്നു. വകുപ്പിന്റെയും സര്‍ക്കാരിന്റെയും പ്രതിച്ഛായയ്ക്ക് മങ്ങലേല്പിക്കുന്നതിനാല്‍ കമ്മീഷണര്‍ സ്ഥാനത്തു നിന്ന് നീക്കണമെന്ന് ആയിരുന്നു ആവശ്യം. ഈ ആവശ്യം മുഖ്യമന്ത്രിയും മന്ത്രിമാരും അംഗീകരിക്കുകയായിരുന്നു.

ചീഫ് സെക്രട്ടറിയുടെ റിപ്പോര്‍ട്ടും തച്ചങ്കരിക്ക് എതിരായിരുന്നു. ആര്‍ ടി ഒ ഓഫീസില്‍ പിറന്നാള്‍ ആഘോഷിച്ചതും മധുരപലഹാരങ്ങള്‍ വിതരണം ചെയ്തതും വിവാദമായിരുന്നു. ഇത് ഐ എ എസ് പദവിക്ക് ചേരുന്ന രീതിയിലുള്ള പെരുമാറ്റമല്ലെന്ന് ആയിരുന്നു ചീഫ് സെക്രട്ടറിയുടെ വിലയിരുത്തല്‍. ചീഫ് സെക്രട്ടറിയുടെ റിപ്പോര്‍ട്ടും അംഗീകരിച്ചായിരുന്നു തച്ചങ്കരിയെ മാറ്റാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചത്.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :