തിരുവനന്തപുരം|
സജിത്ത്|
Last Modified ചൊവ്വ, 10 മെയ് 2016 (12:20 IST)
സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പില്‍ ബി ജെ പിയും കോണ്‍ഗ്രസും തമ്മിലാണ് പ്രധാനമത്സരമെന്ന മുഖമന്ത്രിയുടെ പ്രസ്താവനയെ ചൊല്ലിയുളള വിവാദങ്ങള്‍ സജീവമാക്കി പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന് രംഗത്ത്‍. വര്‍ഗീയ വിഷം ചീറ്റുന്ന ബി ജെ പിക്ക് കുടപിടിച്ചത് കോണ്‍ഗ്രസാണ്. ബി ജെ പിക്ക് ആളെ സംഘടിപ്പിച്ച് കൊടുക്കുന്ന റിക്രൂട്ടിംഗ് ഏജന്‍സിയാണ് ഇപ്പോള്‍ ആ പാര്‍ട്ടിയെന്ന് ആരോപിച്ച വി എസ് പല സംസ്ഥാനങ്ങളിലേയും കോണ്‍ഗ്രസ് നേതാക്കള്‍ ബി ജെ പിയിലേക്ക് മാറുന്നതും ചൂണ്ടിക്കാട്ടുന്നു. സ്വയം ചീഞ്ഞ് ബി ജെ പി ക്ക് വളമാകുയാണ് കോണ്‍ഗ്രസെന്നും വി എസ് തന്റെ ഫേസ്‌ബുക്ക് പോസ്റ്റില്‍ പരിഹസിക്കുന്നു.
വി എസിന്റെ ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:
ബി.ജെ.പി.യുടെ റിക്രൂട്ടിംഗ് ഏജൻസി, അതാണ് കോൺഗ്രസ് !!!
ഇന്ത്യാ മഹാരാജ്യത്തെ ബി.ജെ.പിയുടെ വളർച്ചയ്ക്ക് കാരണക്കാർ ഇടത് പക്ഷമാണെന്ന് മുഖ്യമന്ത്രി ആവർത്തിക്കാറുണ്ട്. വസ്തുതകൾ വച്ച് സംസാരിക്കുന്ന ആളല്ല അദ്ദേഹം എന്നറിയാം. എങ്കിലും പറയുന്നത് സംസ്ഥാന മുഖ്യമന്ത്രിയാണല്ലോ. അത് കൊണ്ട് ഇതിലെ വസ്തുതകൾ ജനങ്ങൾ അറിയേണ്ടതുണ്ട് എന്ന് കരുതുന്നു.
വർഗീയ വിഷം ചീറ്റുന്ന ബി.ജെ.പിക്ക് കുടപിടിച്ചത് കോൺഗ്രസാണ്. സ്വയം ചീഞ്ഞ് ബി.ജെ.പി.ക്ക് വളമാകുയാണ് കോൺഗ്രസ്. ബി.ജെ.പിക്ക് ആളെ സംഘടിപ്പിച്ച് കൊടുക്കുന്ന റിക്രൂട്ടിംഗ് ഏജൻസിയാണ് ഇപ്പോൾ ആ പാർട്ടി. ഇന്ന് ഭാരതത്തിൽ കോൺഗ്രസ് ഭരണത്തിലിരുന്ന സംസ്ഥാനങ്ങളിൽ മുഖ്യമന്ത്രി പദത്തിലിരുന്ന എത്ര പേരാണ് പരിവാരങ്ങളായി ബി.ജെ.പിയിൽ ചേർന്ന് ആ സംസ്ഥാനങ്ങളിലെ ഭരണം തന്നെ ബി.ജെ.പി.ക്ക് അടിയറ വച്ചത്. 1980 മുതൽ അരുണാചൽ പ്രദേശിൽ മുഖ്യമന്ത്രിയായിരുന്ന ഗഗോങ് അപാംങ് ഇപ്പോൾ ബി.ജെ.പി. നേതാവാണ്. അരുണാചൽ പ്രദേശിലെ ഇപ്പോഴത്തെ മുഖ്യമന്ത്രി കലിക്കോ പുൾ 18 കോൺഗ്രസ് എം.എൽ.എമാരോടൊപ്പം ഇപ്പോൾ ബി.ജെ.പി. സഖ്യത്തിന്റെ മുഖ്യമന്ത്രിയാണ്.
എന്താണ് ഉത്തരാഘണ്ഡിൽ സംഭവിക്കുന്നത്? മുഖ്യമന്ത്രിയായിരുന്ന വിജയ് ബഹുഗുണ ഇന്ന് ബി.ജെ.പി. സഖ്യത്തോടൊപ്പമല്ലേ? 13 എം.എൽ.എ.മാർ ബി.ജെ.പി.യിലേക്ക് കൂറ് മാറിയതും കുതിരകച്ചവടമായി ഉത്തരാഘണ്ഡും ബി.ജെ.പി.ക്ക് താലത്തിൽ വച്ച് സമ്മാനിക്കുകയല്ലേ കേൺഗ്രസ്.
അസമിലെ സ്ഥിതിയും വ്യത്യസ്തമല്ല. 2015 സെപ്തംബറിൽ മുൻ മന്ത്രി H. B. ബർമ്മയുടെ നേതൃത്വത്തിൽ ഒമ്പത് എം.എൽ.എ.മാർ ബി.ജെ.പി.യിലേക്ക് ചേക്കേറി.
2015 ജൂണിലാണ് ഒറിസാ മുൻ മുഖ്യമന്ത്രി ഗിരിധർ ഗമാംഗ് കോൺഗ്രസ് അംഗത്വം രാജിവച്ച് ബി.ജെ.പി.യിൽ ചേർന്നത്.
ഡൽഹി മുഖ്യമന്ത്രിയായിരുന്ന ജഗദാംബിക പാൽ 2014-ൽ ബി.ജെ.പി.യിൽ ചേർന്നു.
ഗുജറാത്തിലെ ഡെപ്യൂട്ടി മുഖ്യമന്ത്രിയായിരുന്ന നർഹരി അമിൻ പരിവാര സമേതം ബി.ജെ.പി.യിൽ ചേർന്നു.
ഇതുവരെ പറഞ്ഞത് കോൺഗ്രസ് വിട്ട് അനുയായികളോടൊപ്പം ബി.ജെ.പി.യിൽ ചേർന്ന മുൻ കോൺഗ്രസ് മുഖ്യമന്ത്രിമാരുടെ കാര്യം മാത്രമാണ്. ഇത് വഴി അരുണാചൽ പ്രദേശ്, അസം, ഉത്തരാഘണ്ഡ്, ഒറീസ തുടങ്ങിയ സംസ്ഥാനങ്ങളിലെ ഭരണം തന്നെ ബി.ജെ.പി. ക്ക് താലത്തിൽ നല്കിയ പാർട്ടിയാണ് കോൺഗ്രസ്.
ഈ നേതാക്കളിലും സംസ്ഥാനങ്ങളിലും ഇത് ഒതുങ്ങുന്നില്ല. ഹരിയാന പ്രദേശ് കോൺഗ്രസ് കമ്മറ്റി പ്രസിഡന്റും കോൺഗ്രസ് വർക്കിംഗ് കമ്മറ്റി മെമ്പറുമായിരുന്ന ചൗധരി ബീരേന്ദ്ര സിംങ് ബി.ജെ.പി. യിൽ ചേർന്ന് ഇപ്പോൾ കേന്ദ്രമന്ത്രിയാണ്.
ഇപ്പോൾ കേന്ദ്ര മന്ത്രിയായ നജ്മ ഹെബ്ത്തുള്ളയുടെ ചരിത്രം നമുക്കറിയാം.
ഇപ്പോൾ കേന്ദ്രമന്ത്രിയായ ഇന്ദർജിത്ത് സിംഗ് റാവു യു.പി.എ. സർക്കാരിലും മന്ത്രിയായിരുന്നയാളാണ്.
യു.പി.എ. മന്ത്രിസ്ഥാനം രാജിവച്ചാണ് ആന്ധ്രാപ്രദേശിലെ പുരന്ധരേശ്വരി ബി.ജെ.പി. യിൽ ചേർന്നത്.
ഈ ലിസ്റ്റ് വളരെ നീണ്ടതാണ്. എന്നാൽ ഇവരെയെല്ലാം കവച്ച് വയ്ക്കുന്നതാണ് ഉമ്മൻ ചാണ്ടിയുടെ റിക്കോർഡ്. കോൺഗ്രസ്സിന് ഉള്ളിൽ നിന്ന് ഒരു സംഘ് പ്രചാരകനെ പോലെ ബി.ജെ.പി.ക്ക് വിടുപണി ചെയ്യുന്ന കോൺഗ്രസ്കാരനാണ് ഉമ്മൻ ചാണ്ടി. അതിനായി നടേശനെ പോലെ ഒരു മാദ്ധ്യവർത്തിയെയും ഉമ്മൻ ചാണ്ടി സൃഷ്ടിച്ചെടുത്തു. ഇതിന്റെ ടെസ്റ്റ് ഡോസ്സാണ് അരുവിക്കര ഉപതെരഞ്ഞെടുപ്പിൽ നാം കണ്ടത്. ഉമ്മൻ ചാണ്ടി തന്നെ മണ്ഡലം തിരിച്ച് ഈ പരീക്ഷണം കേരളമൊട്ടാകെ ഈ നിയമസഭാ തെരെഞ്ഞെടുപ്പിൽ നടപ്പിലാക്കി കൊണ്ടിരിക്കുന്നു. മദ്ധ്യവർത്തിയായ നടേശൻ യു.ഡി.എഫ്. അധികാരത്തിൽ വരുന്നതാണ് ബി.ജെ.പി.ക്ക് നല്ലതെന്ന് പരസ്യമായി പ്രഖ്യാപിച്ചിട്ടുമുണ്ട്.
വാളെടുത്ത് വെളിച്ചപ്പാടിനെ പോലെ "ഹോം.... ഹൂം ..... ഹ്രീം ......" എന്ന് ബി ജെ പിക്കെതിരെ ഇപ്പോൾ ഉമ്മൻ ചാണ്ടി ഉറയുന്നത് ആരെ പറ്റിക്കാനാണ്? നിങ്ങളുടെ ഇത്തരം വേലത്തരങ്ങൾ കണ്ട് നാട്ടുകാർ വാപൊത്തി ചിരിക്കുകയാണ്. ചുരുക്കി പറഞ്ഞാൽ ബി ജെ പി ബാധയെ കേരളത്തിൽ കുടിയിരുത്താൻ ശ്രമിച്ച ദുർമന്ത്രവാദിയാണ് താങ്കൾ. ജനങ്ങളെന്ന യഥാർത്ഥ മന്ത്രവാദികൾ ഈ ബാധയെ മുച്ചൂടും ഒഴിപ്പിച്ചിരിക്കും.