തിരുവനന്തപുരം|
സജിത്ത്|
Last Updated:
ശനി, 28 ജനുവരി 2017 (12:15 IST)
ലോ അക്കാദമി പ്രശ്നത്തില്‍ സിന്‍ഡിക്കേറ്റ് ഉപസമിതി റിപ്പോര്‍ട്ടില്‍ കോളജിനും പ്രിന്‍സിപ്പല്‍ ലക്ഷ്മി നായര്‍ക്കുമെതിരെ നടപടിക്ക് ശുപാര്‍ശ. ലക്ഷ്മി നായരെ പരീക്ഷാ ചുമതലകളില്‍ നിന്ന് അഞ്ച് വര്‍ഷത്തേക്ക് ഡീബാര്‍ ചെയ്യണമെന്ന് സിന്‍ഡിക്കേറ്റ് ഉപസമിതി റിപ്പോര്‍ട്ടില്‍ നിര്‍ദേശമുണ്ട്. ലോ അക്കാദമിയിലെ വിദ്യാര്‍ത്ഥികള്‍ ഉന്നയിച്ച പരാതികളെ കുറിച്ച് അന്വേഷിച്ച ഉപസമിതി സിന്‍ഡിക്കേറ്റിന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു.
ഉപസമിതി റിപ്പോര്‍ട്ട് പരിശോധിക്കുന്നതിനും നടപടിയെടുക്കുന്നതിനുമായി കേരള സര്‍വ്വകലാശാല സിന്‍ഡിക്കേറ്റ് യോഗം ചേരുന്നു. ലോ അക്കാദമിക്കെതിരെയുള്ള നടപടിക്കും ഉപസമിതി ശുപാര്‍ശ ചെയ്തിട്ടുണ്ട്. റിപ്പോര്‍ട്ട് വിശദമായി പഠിക്കുന്നതിന്
കൂടുതല്‍ സമയം വേണമെന്ന് ചില സിന്‍ഡിക്കേറ്റ് അംഗങ്ങള്‍ യോഗത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
അമ്പത് വർഷത്തെ പാരമ്പര്യമുള്ള ഒരു മഹത്തായ സ്ഥാപനത്തെ ഇന്നത്തെ ഈ ദയനീയാവസ്ഥയിലെത്തിച്ചതിനു പ്രിൻസിപ്പൽ ലക്ഷ്മി നായരുടെ ദുർഭരണം മാത്രമാണ് കാരണമെന്നും ഒൻപതംഗ സമിതി ഐക്യകണ്ഠ്യേന തയ്യാറാക്കിയ റിപ്പോർട്ടിൽ കുറ്റപ്പെടുത്തി. ലക്ഷ്മി നായരുടെ സ്വജനപക്ഷപാതത്തിന് വ്യക്തമായ തെളിവുകളുണ്ട്. തനിക്ക് ഇഷ്ടപ്പെട്ടവര്‍ക്ക് മാര്‍ക്ക് വാരിക്കോരി നല്‍കുകയാണ് പ്രിന്‍സിപ്പല്‍ ചെയ്യുന്നതെന്നും സമിതി കണ്ടെത്തി.
ലക്ഷ്മി നായരുടെ ഭാവി മരുമകള്‍ അനുരാധ പി നായര്‍ക്ക് വാരിക്കോരി മാര്‍ക്ക് നല്‍കുകയും ഇല്ലാത്ത ഹാജര്‍ നല്‍കുകയും ചെയ്തു. പലരുടേയും ഇന്റേണല്‍ മാര്‍ക്ക് പൂജ്യത്തില്‍ നിന്ന് പത്തുവരെയായി. ഹോസ്റ്റലില്‍ പെണ്‍കുട്ടികളുടെ സ്വകാര്യത ഹനിക്കുന്ന രീതിയിലാണ് ക്യാമറകള്‍ സ്ഥാപിച്ചിട്ടുള്ളത്. ഇന്റേണല്‍ മാര്‍ക്കില്‍ സര്‍വ്വകലാശാല ചട്ടങ്ങള്‍ പാലിക്കപ്പെട്ടില്ലെന്നും സമിതിയില്‍ കുറ്റപ്പെടുത്തി.