കൊച്ചി|
VISHNU N L|
Last Modified ശനി, 5 സെപ്‌റ്റംബര്‍ 2015 (13:51 IST)
താന്‍ ക്രിക്കറ്റിനേക്കാള്‍ വലുതല്ലെന്നും തനെന്നാല്ല ഒരു കളിക്കാരനും ക്രിക്കറ്റിനേക്കാള്‍ വലുതല്ലെന്നും ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍. കൊച്ചിയില്‍ നടക്കുന്ന ഇന്റര്‍നാഷണല്‍ അഡ്വര്‍ടൈസിങ് അസോസിയേഷന്‍ ഇന്ത്യ ചാപ്റ്ററിന്റെ രജത ജൂബിലി സമ്മേളനത്തിലാണ് സച്ചിന്‍ ഇങ്ങനെ അഭിപ്രായപ്പെട്ടത്. സമ്മേളനത്തില്‍ പ്രത്യേക ക്ഷണിതാവായി പങ്കെടുത്ത് സംസാരിക്കുകയായിരുന്നു സച്ചിന്‍.
ക്രിക്കറ്റിന് എന്റെ ഹൃദയത്തിലാണ് സ്ഥാനം. കുട്ടിക്കാലം മുതല്‍ ക്രിക്കറ്റിനെ കുറിച്ചല്ലാതെ മറ്റൊന്നിനെ കുറിച്ചും ഞാന്‍ ചിന്തിച്ചിരുന്നില്ല. ക്രിക്കറ്റ് സ്വാഭാവികമായി എന്നില്‍ വളര്‍ന്നു വരികയായരുന്നു. ജീവിതത്തില്‍ ശരിയായ ആള്‍ക്കാരെ കണ്ടുമുട്ടാനായതാണ് ഇതിന് കാരണം. ഇവരാണ് എന്റെ കരിയറിനെ ഇന്നത്തെ നിലയില്‍ വളര്‍ത്തിയത്. വിജയത്തിലേയ്ക്ക് ഒരിക്കലും കുറുക്കുവഴികളില്ല എന്നതാണ് എന്റെ ക്രിക്കറ്റ് കരിയര്‍ നല്‍കുന്ന പാഠം. നിങ്ങള്‍ ഒരു ജോലിയേയോ ദൗത്യത്തെയോ സ്‌നേഹിക്കുന്നില്ലെങ്കില്‍ പരിഹാരങ്ങളല്ല, പ്രതിസന്ധികളാവും നമ്മളെ കാത്തിരിപ്പുണ്ടാവുക-സച്ചിന്‍ ടെണ്ടുല്‍ക്കര്‍ പറഞ്ഞു.
പരസ്യങ്ങളുടെ ലോകം ഇന്ന് ഏറെ മാറിക്കഴിഞ്ഞുവെന്നും താന്‍ ഒരിക്കലും പുകയില ഉത്പ്പന്നങ്ങളോ മദ്യമോ പരസ്യത്തിലൂടെ പ്രോത്സാഹിപ്പിക്കില്ലെന്നും സച്ചിന്‍ പറഞ്ഞു. ഇതെനിക്ക് എന്റെ അച്ഛന്‍ നല്‍കിയ ഉപദേശമാണ്. ഒരിക്കലും അതില്‍ നിന്ന് വ്യതിചലിക്കുകയുമില്ല- സച്ചിന്‍ കൂട്ടിച്ചേര്‍ത്തു.