ശബരിമലയിൽ വഴിപാടായി ലഭിക്കുന്ന നാണയങ്ങൾ എണ്ണാൻ ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ്, പുതിയ നീക്കവുമായി ദേവസ്വം ബോർഡ്

അഭിറാം മനോഹർ| Last Modified ഞായര്‍, 29 ജനുവരി 2023 (14:02 IST)
ശബരിമലയിൽ വഴിപാടായി ലഭിക്കുന്ന വൻ നാണയശേഖരം എണ്ണിത്തിട്ടപ്പെടുത്താൻ ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് ഉപയോഗിക്കാൻ ആലോചനയുമായി തിരുവിതാംകൂർ ദേവസ്വം ബോർഡ്. ഇത് സംബന്ധിച്ച് 2 പദ്ധതികളുടെ നിർദേശങ്ങൾ ഇതിനകം തന്നെ ബോർഡിന് ലഭിച്ചിട്ടുണ്ട്.

ചെന്നൈയിൽ നിന്നുമുള്ള ഒരു എഞ്ചിനിയറിംഗ് കോളേജും കേരളത്തിലെ ഒരു സംരംഭകനുമാണ് പ്രപ്പോസൽ നൽകിയിട്ടുള്ളത്. പദ്ധതിയുടെ വിശദാംശങ്ങൾ നൽകാൻ കോളേജിനോട് ദേവസ്വം നിർദേശിച്ചിട്ടുണ്ട്. എല്ലാ നിർദേശങ്ങളും പരിഗണിച്ച ശേഷം സാങ്കേതിക വിദഗ്ധരുടെ കൂടി അഭിപ്രായം എടുത്തതിന് ശേഷമായിരിക്കും ഇത് സംബന്ധിച്ച് അന്തിമ തീരുമാനമുണ്ടാകുക.

നിലവിൽ ശബരിമലയിൽ നാണയങ്ങൾ വേർതിരിക്കുന്ന 3 യന്ത്രങ്ങളാണുള്ളത്. എന്നാൽ എണ്ണിത്തിട്ടപ്പെടുത്തൽ പിന്നീട് പ്രത്യേകം നടത്തേണ്ടതായിട്ടുണ്ട്. ഈ പ്രശ്നം പരിഹരിക്കാനാണ് പുതിയ പദ്ധതിയ്ക്ക് ദേവസ്വം രൂപം നൽകുന്നത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :