ഓണവിപണി: ആഗസ്റ്റ് 19 മുതല്‍ 28വരെ സപ്ലൈകോ നേടിയത് 170 കോടിയുടെ വിറ്റുവരവ്

സിആര്‍ രവിചന്ദ്രന്‍| Last Modified ശനി, 2 സെപ്‌റ്റംബര്‍ 2023 (13:50 IST)
ഓണത്തോടനുബന്ധിച്ച് ആഗസ്റ്റ് 19 മുതല്‍ 28വരെ സപ്ലൈകോ വില്പനശാലകളില്‍ 170 കോടിയുടെ വിറ്റുവരവുണ്ടായതായി ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി ജി ആര്‍ അനില്‍. സപ്ലൈകോയുടെ 1527 വില്പനശാലകളിലായാണ് ഓണം ഫെയര്‍ നടന്നത്. 14 ജില്ലാ ഫെയറുകളില്‍ മാത്രം 6.5 കോടിയുടെ വില്പന നടന്നു. മുന്‍ വര്‍ഷമിത് 2.51 കോടിയായിരുന്നുവെന്നും മന്ത്രി അറിയിച്ചു.

സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന വലിയൊരു വിഭാഗം 13 ഇനം സബ്സിഡി സാധനങ്ങള്‍ വാങ്ങുന്നതിനായാണ് പ്രധാനമായും സപ്ലൈകോയെ ആശ്രയിക്കുന്നത്. എല്ലാ സബ്സിഡി ഉല്‍പ്പന്നങ്ങളും സപ്ലൈകോയുടെ ജില്ലാ ഫെയറുകളില്‍ ലഭ്യമാണെന്ന് ഉറപ്പ് വരുത്തുവാന്‍ സര്‍ക്കാരിന് കഴിഞ്ഞു.

പൊതു വിപണിയില്‍ 1200 രൂപയോളം വിലയുള്ള 13 ഇനം ആവശ്യസാധനങ്ങള്‍ നിശ്ചിത അളവില്‍ സപ്ലൈകോ വില്‍പ്പനശാലകളില്‍ ഏകദേശം 650 രൂപയ്ക്കാണ് ലഭിക്കുന്നത്. ഓണക്കാല വിപണി ഇടപെടലിലൂടെ മാത്രം സപ്ലൈകോയ്ക്ക് ഏകദേശം 30 കോടി രൂപയുടെ അധിക ബാധ്യത ഉണ്ടായിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. ഓണക്കാലത്ത് ഏകദേശം 32 ലക്ഷം കാര്‍ഡുടമകള്‍ സംസ്ഥാനത്തെ സപ്ലൈകോ വില്‍പ്പനശാലകളില്‍ നിന്ന് സാധനങ്ങള്‍ വാങ്ങുന്നതിനായി എത്തി. റേഷന്‍ കടകളിലൂടെ ആഗസ്റ്റ് മാസം 83 ശതമാനം പേര്‍ അവരുടെ റേഷന്‍ വിഹിതം കൈപ്പറ്റിയതായും മന്ത്രി പറഞ്ഞു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :