അതിദരിദ്രര്‍ക്കുള്ള റേഷന്‍ കാര്‍ഡ് വിതരണം ജനുവരി ആദ്യവാരം പൂര്‍ത്തിയാകും

സിആര്‍ രവിചന്ദ്രന്‍| Last Modified ഞായര്‍, 4 ഡിസം‌ബര്‍ 2022 (09:13 IST)
അതിദരിദ്രനിര്‍ണയപ്രക്രിയയുടെ ഭാഗമായി കേരളത്തില്‍ റേഷന്‍ കാര്‍ഡില്ലാത്ത മുഴുവന്‍ അതിദരിദ്രര്‍ക്കും കാര്‍ഡ് അനുവദിച്ചു നല്‍കാന്‍ നടപടികള്‍ ഊര്‍ജിതമാക്കി. ആവശ്യമായ രേഖകളില്ലാത്തവര്‍ക്ക് സമയബന്ധിതമായി രേഖകള്‍ ലഭ്യമാക്കാനുള്ള നടപടി സ്വീകരിക്കാന്‍ ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി ജി. ആര്‍.അനില്‍ ജില്ലാ കളക്ടര്‍മാര്‍ക്ക് നിര്‍ദ്ദേശം നല്‍കി. ഇന്നു ചേര്‍ന്ന ജില്ലാകളക്ടര്‍മാരുടെ യോഗത്തിലാണ് മന്ത്രി ഇതു സംബന്ധിച്ച നിര്‍ദ്ദേശം നല്‍കിയത്.

റേഷന്‍ കാര്‍ഡില്ലാത്ത 7181 അതിദരിദ്രര്‍ സംസ്ഥാനത്തുണ്ടെന്നാണ് തദ്ദേശ സ്വയം ഭരണ വകുപ്പ് കണ്ടെത്തിയത്. ഇതില്‍ ആധാര്‍ കാര്‍ഡുള്ള 2411 പേര്‍ക്ക് റേഷന്‍ കാര്‍ഡില്ലായെന്നും 4770 പേര്‍ക്ക് ആധാര്‍ കാര്‍ഡും റേഷന്‍ കാര്‍ഡുമില്ലായെന്നും കണ്ടെത്തി. ആധാര്‍ കാര്‍ഡുള്ളവരില്‍ റേഷന്‍ കാര്‍ഡില്ലാത്തവരായ 867 പേര്‍ക്ക് പുതിയതായി കാര്‍ഡ് വിതരണം ചെയ്തുകഴിഞ്ഞിട്ടുണ്ട്. മരണപ്പെട്ടതും സ്ഥലത്തില്ലത്തതുമൊഴികെ ബാക്കി നല്‍കാനുള്ള 153 പേര്‍ക്കും ഉടന്‍ കാര്‍ഡ് അനുവദിക്കും.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :