ആലത്തൂരില്‍ രമ്യ ഹരിദാസ് വീണ്ടും സ്ഥാനാര്‍ഥിയാകും

രേണുക വേണു| Last Modified തിങ്കള്‍, 2 ഒക്‌ടോബര്‍ 2023 (09:50 IST)

ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ആലത്തൂര്‍ മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ഥിയായി രമ്യ ഹരിദാസ് മത്സരിക്കും. സിറ്റിങ് എംപിയായ രമ്യക്ക് വീണ്ടും അവസരം നല്‍കാന്‍ കോണ്‍ഗ്രസില്‍ ധാരണയായി. ആലത്തൂരില്‍ വേറൊരു സ്ഥാനാര്‍ഥിക്ക് വേണ്ടി അന്വേഷണങ്ങളും ചര്‍ച്ചകളും ആവശ്യമില്ലെന്നാണ് കോണ്‍ഗ്രസിന്റെ വിലയിരുത്തല്‍. സംസ്ഥാന നേതൃത്വവും രമ്യ ഹരിദാസ് മതിയെന്ന നിലപാടിലാണ്.

അതേസമയം എല്‍ഡിഎഫ് സ്ഥാനാര്‍ഥി ആരായിരിക്കുമെന്ന കാര്യത്തില്‍ ഇപ്പോഴും വ്യക്തതയില്ല. പി.കെ.ബിജുവിന് ഇനി അവസരം നല്‍കേണ്ട എന്ന നിലപാടിലാണ് സിപിഎം. മന്ത്രി കെ.രാധാകൃഷ്ണനെ ആലത്തൂരില്‍ നിന്ന് മത്സരിപ്പിക്കണോ എന്ന ആലോചന പാര്‍ട്ടിയില്‍ ഉണ്ടായിരുന്നു. എന്നാല്‍ ലോക്‌സഭയിലേക്ക് മത്സരിക്കാന്‍ രാധാകൃഷ്ണന് താല്‍പര്യമില്ല.

2019 ല്‍ പി.കെ.ബിജുവായിരുന്നു ആലത്തൂരിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി. ഒന്നര ലക്ഷത്തിലേറെ വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് ബിജുവിനെതിരെ രമ്യ ഹരിദാസ് വിജയം നേടിയത്. ഇത്തവണയും ജയം ആവര്‍ത്തിക്കാമെന്ന വിലയിരുത്തലാണ് കോണ്‍ഗ്രസിനുള്ളത്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :