കത്ത് പൊട്ടിച്ചുവായിച്ച പോസ്റ്റുമാനും സൂപ്രണ്ടിനും ഒരു ലക്ഷം രൂപ പിഴ

എ കെ ജെ അയ്യര്‍| Last Modified ശനി, 20 നവം‌ബര്‍ 2021 (10:31 IST)
കണ്ണൂർ : രജിസ്റ്റേർഡ് കത്ത് പൊട്ടിച്ചുവായിച്ച പോസ്റ്റുമാനും സൂപ്രണ്ടിനും ഒരു ലക്ഷം രൂപ വിധിച്ചു. പോസ്റ്റ് ഓഫീസിലെ മുൻ പോസ്റ്റുമാൻ എം.വേണുഗോപാൽ, മുൻ പോസ്റ്റൽ സൂപ്രണ്ട് കെ.ജി.ബാലകൃഷ്ണൻ എന്നിവർക്കാണ് അര ലക്ഷം രൂപാ വീതം പിഴ ശിക്ഷ ലഭിച്ചത്.

ചിറയ്ക്കൽ പുതിയ തെരുവ് കൊല്ലറത്തിക്കൽ പുതിയപുരയിൽ ഹംസക്കുട്ടി എന്ന ആൾക്ക് 2008 ജൂൺ 30 നു ആർട്ടിസ്റ്റ് ശശികല ഒരു രജിസ്റ്റേർഡ് കത്ത് അയച്ചു. എന്നാൽ അപ്പോഴത്തെ പോസ്റ്റുമാനായ വേണുഗോപാൽ കത്ത് പൊട്ടിച്ചുവായിച്ച് അതിലെ ഉള്ളടക്കം ഹംസക്കുട്ടിയെ അറിയിച്ചു. പിന്നീട് കത്ത് പൂർവസ്ഥിതിയിലാക്കി മേൽവിലാസക്കാരനെ കണ്ടെത്തിയില്ല എന്ന് അറിയിച്ചു കത്ത് ശശികലയ്ക്ക് തിരിച്ചയച്ചു. പോസ്റ്റൽ സൂപ്രണ്ട് കെ.ജി.ബാലകൃഷ്ണൻ ഇതിനു കൂട്ടുനിൽക്കുകയും ചെയ്തു.

തനിക്ക് വീട് നിർമ്മിച്ച് നൽകാമെന്ന് പറഞ്ഞു ഹംസക്കുട്ടി അഡ്വാൻസ് വാങ്ങിയെങ്കിലും വീടോ പണമോ തിരികെ കൊടുത്തില്ല എന്ന കാരണത്താലാണ് ശശികല ഹംസക്കുട്ടിക്ക് രജിസ്റ്റേർഡ് കത്ത് അയച്ചത്. കത്തിലെ ഉള്ളടക്കം പോസ്റ്റ്മാനെ സ്വാധീനിച്ചു മനസിലാക്കിയ ശേഷം ഹംസക്കുട്ടി വീടും സ്ഥലവും മറ്റൊരാൾക്ക് മറിച്ചു വിറ്റു.

ഇതിനാൽ തനിക്ക് വൻ സാമ്പത്തിക നഷ്ടം ഉണ്ടാക്കി എന്ന് കാണിച്ചു ശശികല കണ്ണൂർ ഉപഭോക്‌തൃ കമ്മീഷന് പരാതി നൽകി. എന്നാൽ ചില സാങ്കേതിക കാരണങ്ങൾ പറഞ്ഞു പരാതി തള്ളി. തുടർന്ന് ശശികല സംസ്ഥാന കമ്മീഷനിൽ അപ്പീൽ നൽകി.അപ്പീലിനെ തുടർന്ന് വീണ്ടും പരാതി കണ്ണൂർ ഉപഭോക്‌തൃ കമ്മീഷനിൽ തന്നെ തീർപ്പു കൽപ്പിക്കാൻ എത്തി. ഇതിലാണ് പിഴ ശിക്ഷ വിധിച്ചത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :