തൃശൂർ|
aparna shaji|
Last Modified ബുധന്‍, 22 ജൂണ്‍ 2016 (11:26 IST)
പീഡനശ്രമം നാടകമാണെന്ന് തിരിച്ചറിയാതെ നാട്ടുകാർ വിദ്യാർത്ഥികളെ പൊലീസിലേൽപ്പിച്ചു. ജോണ്‍ മത്തായി സെന്ററിലെ സ്‌കൂള്‍ ഓഫ് ഡ്രാമ വിദ്യാര്‍ത്ഥികളെയാണ് നാട്ടുകാർ പൊലീസിന് കൈമാറിയത്. പീഡനങ്ങൾക്കെതിരെ ബോധവൽക്കരണമെന്ന ഉദ്ദേശ്യത്തോടുകൂടി വിദ്യാർത്ഥികൾ നടത്തിയ നാടകമാണ് നാട്ടുകാർ ഒറിജിനൽ പീഡനശ്രമമാണെന്ന് വിശ്വസിച്ചത്.
സാമൂഹ്യവിരുദ്ധരുടെ നിരന്തരമുള്ള ശല്യപ്പെടുത്തലുകൾക്കെതിരെ പൊലീസിന് പരാതി നൽകിയിരുന്നെങ്കിലും കാര്യമായ നടപടികൾ ഒന്നും സ്വീകരിക്കാതിരുന്ന സാഹചര്യത്തിലാണ് പൊലീസ് സ്റ്റേഷന്റെ പരിതിയിൽ നാടകം നടത്താൻ വിദ്യാർത്ഥികൾ തീരുമാനിച്ചത്.
നാടകത്തിനിടയിൽ ഒരു പെൺകുട്ടി അടുത്തുള്ള കടയിൽ ഓടിക്കയറി. തന്നെ ഒരാൾ ശല്യപ്പെടുത്തുന്നുണ്ടെന്നും പീഡിപ്പിക്കാൻ ശ്രമിക്കുന്നുവെന്നും രക്ഷപ്പെടുത്തണമെന്നും പെൺകുട്ടി കടയിലുള്ളവരോട് പറഞ്ഞു. പുറകെ ഓടിക്കയറിയ ആൺകുട്ടിയെ നാട്ടുകാർ പിടികൂടി. പെൺകുട്ടി അടക്കമുള്ള വിദ്യാർത്ഥികൾ, സംഭവം നാടകമാണെന്ന് പറഞ്ഞെങ്കിലും നാട്ടുകാർ വഴങ്ങിയില്ല.
വിദ്യാർത്ഥികളെ പൊലീസിലേൽപ്പിക്കുക മാത്രമല്ല, അവർക്കെതിരെ കേസെടുക്കണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു. അതേസമയം, പൊലീസ് തങ്ങളോട് വൈരാഗ്യം തീർക്കുകയാണെന്ന് വിദ്യാർത്ഥികൾ വാദിച്ചു. ഒടുവിൽ പി കെ ബിജു എം പി ഇടപെട്ടാണ് സംഭവം ഒതുക്കി തീർത്തത്.