സിആര്‍ രവിചന്ദ്രന്‍|
Last Modified വ്യാഴം, 24 നവംബര്‍ 2022 (18:56 IST)
വെളിച്ചെണ്ണയുടെ ഗുണ നിലവാരം ഉറപ്പാക്കുന്നതിനായി ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ നേതൃത്വത്തില്‍ ആവിഷ്‌ക്കരിച്ച ഓപ്പറേഷന്‍ ഓയിലിന്റെ ഭാഗമായി 426 സ്ഥാപനങ്ങള്‍ പരിശോധിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. നിയമ നടപടികള്‍ക്കുളള പരിശോധനയ്ക്കായി 184 സ്റ്റാറ്റിയൂട്ടറി സാമ്പിളുകള്‍ ശേഖരിച്ചയച്ചു. കൂടാതെ 98 സര്‍വൈലന്‍സ് സാമ്പിളുകളും ശേഖരിച്ച് അനലിറ്റിക്കല്‍ ലബോറട്ടറിയിലേക്ക് അയച്ചു. വാളയാര്‍, ഗോപാലപുരം തുടങ്ങിയ ചേക്ക് പോസ്റ്റുകള്‍ കേന്ദ്രീകരിച്ചും പരിശോധന നടത്തി സാമ്പിളുകള്‍ ശേഖരിച്ചു. നിലവാരമില്ലാത്ത വെളിച്ചെണ്ണ വില്‍പ്പന നടത്തുന്നവര്‍ക്കെതിരെ കര്‍ശന നിയമ നടപടികള്‍ സ്വീകരിക്കുന്നതാണെന്നും മന്ത്രി വ്യക്തമാക്കി.
മായം ചേര്‍ത്ത വെളിച്ചെണ്ണയുടെ വില്‍പ്പന തടയുന്നതിന്റെ ഭാഗമായി കേരളത്തില്‍ ഒരു നിര്‍മാതാവിന് ഒരു ബ്രാന്‍ഡ് മാത്രമേ അനുവാദം നല്‍കിയിട്ടുളളു. ബ്രാന്‍ഡ് രജിസ്ട്രഷന്‍ ഇല്ലാത്ത വെളിച്ചെണ്ണയുടെ വില്‍പ്പന ശ്രദ്ധയില്‍പ്പെട്ടാല്‍ പിടിച്ചെടുത്ത് നിയമ നടപടി സ്വീകരിക്കുന്നതാണ്. ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ പരിശോധന വരും ദിവസങ്ങളിലും തുടരുന്നതാണ്.