വിദേശ രാജ്യത്ത് തൊഴിൽ വാഗ്ദാനം ചെയ്ത് തട്ടിപ്പ്; രണ്ട് പേർ അറസ്റ്റിൽ

തൊഴില്‍തട്ടിപ്പ്: 2 പേര്‍ അറസ്റ്റില്‍

തിരുവനന്തപുരം| Last Modified ശനി, 12 നവം‌ബര്‍ 2016 (14:01 IST)
വിദേശ രാജ്യങ്ങളില്‍ തൊഴില്‍ വാഗ്ദാനം ചെയ്ത് തട്ടിപ്പ് നടത്തിയ രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ആറ്റിങ്ങല്‍ സ്വദേശി ശരത് (43) എന്നറിയപ്പെടുന്ന മനു,
മെഡിക്കല്‍ കോളേജ് സ്വദേശി ഷാജികുമാര്‍ (55) എന്നിവരാണു പിടിയിലായത്.

ഫോണ്‍ നമ്പര്‍ മാത്രം കാണിച്ച് പത്ര പരസ്യം നല്‍കി ഉദ്യോഗാര്‍ത്ഥികളെ കണ്ടെത്തി കബളിപ്പിലായിരുന്നു ഇവരുടെ തട്ടിപ്പ് രീതി. ഫോണില്‍ ബന്ധപ്പെടുന്നവരെ നഗരത്തിലെ ഏതെങ്കിലും സ്ഥലത്ത് വരാന്‍ പറഞ്ഞ ശേഷം വാഹനങ്ങളില്‍ ഇവര്‍ കാത്തുനില്‍ക്കും. ഇരകള്‍ എത്തിയാല്‍ അവരില്‍ നിന്ന് ഡോക്കുമെന്‍റുകള്‍ വാങ്ങുകയും പ്രോസസിംഗ് ഫീ എന്ന പേരില്‍ ആയിരം രൂപയും വാങ്ങും.

ദിവസങ്ങള്‍ക്ക് ശേഷം വിസ തയ്യാറായെന്നും ടിക്കറ്റിനുള്ള പണവുമായി എത്താനും ഇവരെ അറിയിക്കും. തുടര്‍ന്ന് വ്യാജ വിസയുടെ ഒരു കോപ്പിയും വിമാന ടിക്കറ്റിനായി പണമടച്ച ഒരു രസീതും ഇവര്‍ നല്‍കും. വിദേശത്തു പോകേണ്ട തീയതി ഉടന്‍ അറിയിക്കാമെന്ന് പറഞ്ഞ് മുങ്ങുന്ന ഇവരെ പിന്നീട് കണ്ടെത്തുകയേയില്ല. അടിക്കടി ഇവര്‍ തങ്ങളുടെ മൊബൈല്‍ നമ്പരുകളും മാറ്റും.

നിരവധി പരാതികള്‍ ലഭിച്ചതിനെ തുടര്‍ന്ന് സിറ്റി പൊലീസ് കമ്മീഷണര്‍ സ്പര്‍ജന്‍ കുമാറിന്‍റെ നിര്‍ദ്ദേശാനുസരണം ഷാഡോ പൊലീസ് നടത്തിയ അന്വേഷണത്തിലാണു പ്രതികള്‍ പിടിയിലായത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :