സിനിമയെ വര്‍ഗീയവിദ്വേഷ പ്രചാരണായുധം എന്ന നിലയ്ക്ക് ഉപയോഗിക്കുന്ന രീതി വര്‍ധിച്ചുവരുന്നതായി മുഖ്യമന്ത്രി

സിആര്‍ രവിചന്ദ്രന്‍| Last Modified വെള്ളി, 15 സെപ്‌റ്റംബര്‍ 2023 (10:04 IST)
സിനിമയെ കലാരൂപം എന്ന നിലയ്ക്ക് അല്ലാതെ വര്‍ഗീയവിദ്വേഷ പ്രചാരണായുധം എന്ന നിലയ്ക്ക് ഉപയോഗിക്കുന്ന രീതി വര്‍ധിച്ചുവരുന്നതായി മുഖ്യമന്ത്രി പിണറായി വിജയന്‍. നന്മയുടെയും സാഹോദര്യത്തിന്റെയും മതനിരപേക്ഷതയുടെയും നാടാണ് കേരളം എന്ന യഥാര്‍ഥ പ്രതിച്ഛായ ലോകത്തിന് മുന്നില്‍
അവതരിപ്പിക്കാന്‍ ഇവിടത്തെ ചലച്ചിത്രപ്രവര്‍ത്തകര്‍ ശ്രദ്ധിച്ചാല്‍ അത് നാടിനു വേണ്ടി ചെയ്യുന്ന ഏറ്റവും നല്ല കാര്യമാകുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

53-ാമത് സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് (2022) വിതരണചടങ്ങ് ഉദ്ഘാടനം ചെയ്തശേഷം തിരുവനന്തപുരം കനകക്കുന്നില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കേവലമായ കലാവിഷ്‌ക്കാരം എന്ന നില വിട്ട് ആശയപ്രചാരണത്തിന് കൂടി സിനിമ ഉപയോഗിക്കപ്പെടുന്നുണ്ട്. ആശയപ്രചാരണം കാലത്മകമാണെങ്കില്‍ തെറ്റില്ല. എന്നാല്‍ ഏതുതരത്തിലുള്ള ആശയങ്ങള്‍ എന്ന ചോദ്യം പ്രസക്തമാണ്.

നാടിനെയും കാലത്തെയും മുന്നോട്ടു നയിക്കുന്ന മാധ്യമം എന്ന നിലയ്ക്ക് സിനിമ ഉപയോഗിക്കപ്പെടുന്നുണ്ട്. എം.ടിയുടെ 'നിര്‍മ്മാല്യം' പോലുള്ള സിനിമകള്‍ ആ ഗണത്തില്‍ വരുന്നതാണ്.
എന്നാല്‍ ഇന്ന് അത്തരം സിനിമകള്‍ അധികം കാണാനാകുന്നില്ല.
അന്ധകാരത്തെ പുനരുജ്ജീവിപ്പിക്കാനുള്ള ആശയം എന്ന നിലയില്‍ സിനിമയെ ഉപയോഗിക്കുന്ന പ്രവണത കാര്യമായി കാണാനുണ്ട് താനും. ഇതിനു വര്‍ധിച്ച ശക്തി കൈവരുന്ന കാലന്തരീക്ഷം ദേശീയതലത്തില്‍ നിലനില്‍ക്കുന്നു എന്നത് നിര്‍ഭാഗ്യകരമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :