വിദേശ രാജ്യങ്ങളുടെ മാതൃകയില്‍ പഠനത്തോടൊപ്പം ജോലി എന്ന ആശയം കേരളത്തിലും ഉടന്‍ യാഥാര്‍ഥ്യമാകുമെന്ന് മുഖ്യമന്ത്രി

സിആര്‍ രവിചന്ദ്രന്‍| Last Modified ശനി, 15 ഏപ്രില്‍ 2023 (14:14 IST)
വിദേശ രാജ്യങ്ങളുടെ മാതൃകയില്‍ പഠനത്തോടൊപ്പം ജോലി എന്ന ആശയം കേരളത്തിലും ഉടന്‍ യാഥാര്‍ഥ്യമാകുമെന്നും സര്‍ക്കാര്‍തലത്തില്‍ ഇതിനു നടപടി ആരംഭിച്ചതായും മുഖ്യമന്ത്രി പിണറായി വിജയന്‍. ഉപരിപഠനത്തിനായി ധാരാളം വിദ്യാര്‍ഥികള്‍ വിദേശ രാജ്യങ്ങളിലേക്കു പോകുന്ന കാലമാണിത്. ഇക്കാര്യത്തില്‍ ഉത്കണ്ഠയുടെ ആവശ്യമില്ല. ലോകത്തുണ്ടാകുന്ന മാറ്റങ്ങളുടെ ഭാഗമാണിത്. ഉന്നത നിലവാരത്തിലുള്ള വിദ്യാഭ്യാസത്തിനായി വിദേശ വിദ്യാര്‍ഥികള്‍ വൈകാതെ കേരളത്തിലേക്കുമെത്തുമെന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രിയുടെ പ്രതിവാര ടെലിവിഷന്‍ സംവാദ പരിപാടി 'നാം മുന്നോട്ട്'-ന്റെ പുതിയ എപ്പിസോഡില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. ഇന്‍ഫര്‍മേഷന്‍ - പബ്ലിക് റിലേഷന്‍സ് വകുപ്പാണ് 'നാം മുന്നോട്ട്' പരിപാടി നിര്‍മിക്കുന്നത്.

കേരളത്തില്‍നിന്നു നാലു ശതമാനത്തോളം വിദ്യാര്‍ഥികള്‍ ഓരോ വര്‍ഷവും ഉപരിപഠനത്തിനു വിദേശരാജ്യങ്ങളിലേക്കു പോകുന്നുവെന്നാണു കണക്കെന്നു മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. രാജ്യത്തെ മറ്റു സംസ്ഥാനങ്ങളിലെ നിരക്ക് ഇതിനേക്കാള്‍ കൂടുതലാണ്. ഇക്കാര്യത്തില്‍ വലിയ ഉത്കണ്ഠ വേണ്ട. ലോകം കുട്ടികളുടെ കൈയിലാണ്. ഉപരിപഠനത്തിന് എവിടെ പോകണമെന്നും ഏതു സ്ഥാപനത്തില്‍ പഠിക്കണമെന്നുമൊക്കെ ചേറുപ്പം മുതലേ അവരുടെ മനസിലുണ്ട്. മാറുന്ന കാലത്തിനനുസരിച്ചു കുട്ടികള്‍ക്കു ലോകകാര്യങ്ങള്‍ അതിവേഗം ഉള്‍ക്കൊള്ളാനും കഴിയുന്നുണ്ട്. അതിന്റെ ഭാഗമായി അവര്‍ സംസ്ഥാനത്തിനു പുറത്തേക്കും രാജ്യത്തിനു പുറത്തേക്കുമൊക്കെ പഠനത്തിനും ജോലിക്കും പോകാന്‍ തത്പരരുമാണ്.

ഈയടുത്തു പ്രധാനമന്ത്രി വിളിച്ച മുഖ്യമന്ത്രിമാരുടെ യോഗത്തില്‍ ഹരിയാന മുഖ്യമന്ത്രി ഉന്നയിച്ച മുഖ്യ പ്രശ്‌നം ആ സംസ്ഥാനത്തുനിന്നു ധാരാളമായി കുട്ടികള്‍ വിദേശത്തേക്കു പഠിക്കാന്‍ പോകുന്നുവെന്നതാണ്. രാജ്യത്തെതന്നെ മികച്ച വിദ്യാഭ്യാസ സ്ഥാപനങ്ങളുള്ള ഡല്‍ഹിയോടു ചേര്‍ന്നു കിടക്കുന്ന സംസ്ഥാനമാണു ഹരിയാനയെന്നോര്‍ക്കണം. ഈ പ്രവണതയെ കാലത്തിന്റെ പ്രത്യേകതയായിവേണം കാണാന്‍ - മുഖ്യമന്ത്രി പറഞ്ഞു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :