പി എസ് എൽ വി സി 34ന്റെ ചരിത്രവിജയം; ബഹിരാകാശ ഗവേഷണ രംഗത്ത് പുതിയ വഴിത്തിരിവ്, ഭാവിയിൽ വലിയ കുതിപ്പിന് പ്രചോദനമേകുമെന്ന് പിണറായി വിജയൻ

ഐ എസ് ആർ ഒ ശാസ്ത്രജ്ഞർ വീണ്ടും ചരിത്രം കുറിച്ചിരിക്കുന്നുവെന്നും ബഹിരാകാശ ഗവേഷണ രംഗത്ത് പുതിയ വഴിത്തിരിവാണിതെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. രാജ്യത്തിന്റെ ബഹിരാകാശ ഗവേഷണരംഗത്ത് പുതിയ ചരിത്രം ലക്‌ഷ്യം വെച്ച് പി എസ് എല്‍ വി സി 34 ശ്രീഹരിക്കോട്ടയില്‍

aparna shaji| Last Modified ബുധന്‍, 22 ജൂണ്‍ 2016 (15:22 IST)
ഐ എസ് ആർ ഒ ശാസ്ത്രജ്ഞർ വീണ്ടും ചരിത്രം കുറിച്ചിരിക്കുന്നുവെന്നും ബഹിരാകാശ ഗവേഷണ രംഗത്ത് പുതിയ വഴിത്തിരിവാണിതെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. രാജ്യത്തിന്റെ ബഹിരാകാശ ഗവേഷണരംഗത്ത് പുതിയ ചരിത്രം ലക്‌ഷ്യം വെച്ച് പി എസ് എല്‍ വി സി 34 ശ്രീഹരിക്കോട്ടയില്‍ നിന്ന് വിക്ഷേപിച്ചത് അഭിമാനകരമണെന്നും മുഖ്യമന്ത്രി ഫേസ്ബുക്കിൽ കുറിച്ചു.

പിണറായി വിജയന്റെ ഫേസ്ബുക്ക് പോസ്റ്റ്:

വീണ്ടും ഐഎസ്ആർഒ ശാസ്ത്രജ്ഞർ ചരിത്രം കുറിച്ചിരിക്കുന്നു. ഒറ്റ റോക്കറ്റ് ഉപയോഗിച്ച് ഇരുപത് കൃത്രിമ ഉപഗ്രഹങ്ങളെ കൃത്യതയോടെ ഭ്രമണപഥത്തിലെത്തിച്ച് അവർ മികവ് തെളിയിച്ചു. തദ്ദേശീയവും ചെലവുകുറഞ്ഞതുമായ സാങ്കേതിക വിദ്യയെന്ന പ്രത്യേകതയുമുണ്ട്. ഇതിന് പിന്നിൽ പ്രവർത്തിച്ച മുഴുവൻ ശാസ്ത്രജ്ഞരേയും സാങ്കേതികവിദഗ്ധരടക്കമുള്ള മുഴുവനാളുകളേയും അഭിനന്ദിക്കുന്നു.

ബഹിരാകാശ ഗവേഷണ രംഗത്ത് പുതിയ വഴിത്തിരിവാണ് ഈ നേട്ടം. അര നൂറ്റാണ്ടിന് മുമ്പ് തിരുവനന്തപുരത്തെ മത്സ്യത്തൊഴിലാളി ഗ്രാമമായ തുമ്പയിൽ നിന്ന് തുടങ്ങിയ കുതിപ്പ് ചന്ദ്രഗോളവും കടന്ന് മംഗൾയാൻ വഴി ചൊവ്വ വരെ എത്തി. വിക്ഷേപണ സാങ്കേതികവിദ്യയിൽ അമേരിക്കയടക്കമുള്ള വൻകിട രാജ്യങ്ങളെ വെല്ലാൻ ഐഎസ്ആർഒക്ക് കഴിഞ്ഞു.

അമേരിക്കൻ ഉപരോധത്തെ വെല്ലുവിളിച്ച് തദ്ദേശീയമായി ക്രയോജനിക് സാങ്കേതികവിദ്യയും നമ്മുടെ ശാസ്ത്രജ്ഞർ വികസിപ്പിച്ചു. പിഎസ്എൽവി എന്ന വിശ്വസനീയമായ വിക്ഷേപണവാഹനം വഴി വിദേശ രാജ്യങ്ങളുടേതടക്കം നിരവധി ഉപഗ്രഹങ്ങളെ ലക്ഷ്യത്തിലെത്തിച്ചു. ജിഎസ്എൽവി മാർക്ക്-മൂന്ന് എന്ന ശക്തിയേറിയ വിക്ഷേപണവാഹനവും പൂർണസജ്ജമാകുന്നു.

ഗതിനിർണയ ഉപഗ്രഹമായ ഐആർഎന്‍എസ്എസ് ഉപഗ്രഹം കൂടി ബഹിരാകാശത്ത് എത്തിച്ചതോടെ തദ്ദേശീയ ജിപിഎസ് സംവിധാനവും സ്വന്തമാകുകയാണ്. പുനരുപയോഗിക്കാൻ കഴിയുന്ന വിക്ഷേപണ വാഹനത്തിന്റെ പരീക്ഷണ പറക്കലിലും സമീപകാലത്ത് ഐഎസ്ആര്‍ഒ വിജയിച്ചു.

ബഹിരാകാശ ഗവേഷണം സാധാരണക്കാരുടെ ജീവിതനിലവാരം ഉയർത്തുന്നതിനുവേണ്ടി എന്നതാണ് ഐഎസ്ആർഒയുടെ അടിസ്ഥാന ലക്ഷ്യം. അതിനൊപ്പം സമൂഹത്തിലും പുതുതലമുറയിലും ശാസ്ത്ര അവബോധം വളർത്തുന്നതിലും ഐഎസ്ആർഒയുടെ നേട്ടങ്ങൾ മറ്റൊരു വഴിക്ക് മുഖ്യ പങ്ക് വഹിക്കുന്നുണ്ട്.

പുതിയ നേട്ടം ഭാവിയിൽ വലിയ കുതിപ്പിന് പ്രചോദനമാകട്ടെ എന്ന് ആശംസിക്കുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :