കുട്ടികള്‍ ഒരുതരത്തിലും ചൂഷണത്തിന് ഇരയാകാന്‍ പാടില്ലെന്ന് മുഖ്യമന്ത്രി

സിആര്‍ രവിചന്ദ്രന്‍| Last Modified ശനി, 22 ഒക്‌ടോബര്‍ 2022 (20:11 IST)
കുട്ടികള്‍ ശാരീരികവും മാനസികവും ലൈംഗികവുമായവയടക്കം ഒരുതരത്തിലുമുള്ള ചൂഷണത്തിനും ഇരയാകാന്‍ പാടില്ലെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍. ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി, ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡ് തുടങ്ങിയവയ്ക്ക് ഇക്കാര്യത്തില്‍ വലിയ ഇടപെടല്‍ നടത്താനാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു. സംസ്ഥാന വനിതാ ശിശുവികസന വകുപ്പിന്റെ ബാല സംരക്ഷണ മൊബൈല്‍ ആപ്പ് 'കുഞ്ഞാപ്പ്'-ന്റെ ലോഞ്ചിങ്ങും പുതുതായി നിയമിതരായ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി, ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡ് അംഗങ്ങള്‍ക്കായുള്ള പ്രത്യേക പരിശീലനത്തിന്റെ ഉദ്ഘാടനവും കോവളം വെള്ളാര്‍ കേരള ആര്‍ട്സ് ആന്റ് ക്രഫ്റ്റ് വില്ലേജില്‍ നിര്‍വഹിക്കുകയായിരുന്നു മുഖ്യമന്ത്രി.

കുട്ടികള്‍ക്കെതിരായ ചൂഷണങ്ങളെ ചെറുക്കാന്‍ ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കണമെന്നു മുഖ്യമന്ത്രി പറഞ്ഞു. കുട്ടികളുമായി ബന്ധപ്പെട്ട നിയമങ്ങള്‍ സമൂഹത്തിലാകെ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കുകയും കുട്ടികളെ ഉത്തമ പൗരന്‍മാരാക്കുകയും ചെയ്യുക എന്നതാണ് ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിയുടേയും ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡിന്റെയും ചുമതല. വരും തലമുറയെ വാര്‍ത്തെടുക്കുന്നതില്‍ സുപ്രധാന പങ്കാണ് ഇവര്‍ വഹിക്കുന്നത്. കുട്ടികളുടെ സുരക്ഷയും സംരക്ഷണവും ഉറപ്പു വരുത്തണം. സ്‌കൂളില്‍ പോകുന്ന കുഞ്ഞുങ്ങളുടെ ബാഗിന്റെ ഭാരത്തില്‍ ചില ക്രമീകരണം സര്‍ക്കാര്‍ സ്‌കൂളുകളില്‍ വരുത്തിയിട്ടുണ്ട്. എന്നാല്‍ മറ്റ് സ്‌കൂളുകളില്‍ ബാഗിന്റെ ഭാരം കുട്ടികള്‍ക്ക് താങ്ങാന്‍ കഴിയാത്തിവിധമാകുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. ഇത് കുട്ടികളില്‍ ആരോഗ്യ പ്രശ്നത്തിനും കാരണമാകുന്നു. അക്കാര്യങ്ങളും ശ്രദ്ധിക്കണം.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :