സിപിഎം ആഗ്രഹിക്കുന്നത് സമാധാനം, അക്രമികൾക്ക് മറുപടി ബാലറ്റിലൂടെയെന്ന് കോടിയേരി

അഭിറാം മനോഹർ| Last Modified വ്യാഴം, 3 സെപ്‌റ്റംബര്‍ 2020 (17:11 IST)
സിപിഎം സമാധാനം ആഗ്രഹുക്കുന്ന പ്രസ്ഥാനമാണെന്നും അക്രമത്തിന് അക്രമം വഴി മറുപടി നൽകാൻ ആഗ്രഹിക്കുന്നില്ലെന്നും പാർട്ടി സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണൻ. വെഞ്ഞാറമ്മൂട്ടില്‍ കൊല്ലപ്പെട്ട ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ ഹഖ് മുഹമ്മദിന്റെയും മിഥിലാജിന്റെയും കുടുംബത്തെ സന്ദർശിച്ചശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കൊലപാതകങ്ങളിലൂടെ സിപിഎമ്മിനെ തകർക്കാമെന്ന് കോൺഗ്രസ് കരുതരുത്. സിപിഎമ്മിന് ബാലികേറാമലയായിരുന്ന പ്രദേശമായിരുന്നു ഇറ്റ്. എന്നാൽ ധാരാളം ചെറുപ്പക്കാർ പാർട്ടിയുമായി ചേർന്ന് പ്രവർത്തിക്കാൻ തുടങ്ങിയതോടെ സിപിഎം വിജയിക്കാൻ തുടങ്ങി.അന്നു മുതല്‍ കോണ്‍ഗ്രസില്‍നിന്ന് മാറി ഇടതുപക്ഷത്തേയ്ക്കു വന്ന പ്രവര്‍ത്തകരെ ലക്ഷ്യംവെച്ചുകൊണ്ടുള്ള പ്രവര്‍ത്തനങ്ങളാണ് കോൺഗ്രസ് നടത്തുന്നതെന്നും വെഞ്ഞാറമൂട്ടിലെ കൊലപാതകം ഇതിന്റെ തുടർച്ചയാണെന്നും കോടിയേരി പറഞ്ഞു.

കൊലപാതകികൾക്ക് കേരളം മാപ്പ് നൽകില്ല. കൊലപാതകികളെ ബാലറ്റ് പേപ്പർ വഴി ജനങ്ങൾ ഒറ്റപ്പെടുത്തണം.അമര്‍ഷവും പ്രതിഷേധവും മനസ്സില്‍ സൂക്ഷിച്ചുകൊണ്ട് വരാന്‍ പോകുന്ന തിരഞ്ഞെടുപ്പില്‍ കോൺഗ്രസിനെ പരാജയപ്പെടുത്താനാവണം ഇനിയുള്ള പോരാട്ടമെന്നും കോടിയേരി പറഞ്ഞു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :