അനുബന്ധ വാര്ത്തകള്
- 24 മണിക്കൂറിനിടെ 78,512 പേർക്ക് രോഗം, 971 മരണം, രാജ്യത്ത് കൊവിഡ് ബാധിതർ 36,21,246
- ലക്ഷ്യമിട്ടത് ഹഖ് മുഹമ്മദിനെ, കസ്റ്റഡിയിൽ എടുത്ത രണ്ടുപേർ ഡിവൈഎഫ്ഐ പ്രവർത്തകനെ വധിയ്ക്കാൻ ശ്രമിച്ച കേസിലെ പ്രതികൾ
- അതിർത്തി സംഘർഷം: ദക്ഷിണ ചൈന കടലിൽ യുദ്ധക്കപ്പൽ വിന്യസിച്ച് ഇന്ത്യ
- സമീപത്തെ സിസിടിവി ക്യാമറകൾ തിരിച്ചുവച്ചിരുന്നു, മിഥിലാജിനെ കുത്തിയത് നെഞ്ചിൽ, ഹക്ക് മുഹമ്മദിനെ പലതവണ വെട്ടി
- വെഞ്ഞാറമൂട്ടിൽ രണ്ട് ഡിവൈഏഫ്ഐ നേതാക്കളെ വെട്ടിക്കൊലപ്പെടുത്തി: മൂന്ന് പേർ കസ്റ്റഡിയിൽ
കോൺഗ്രസ് തിരുവോണ പൂക്കളത്തിന് പകരം ചോരപ്പൂക്കളമൊരുക്കി: കോടിയേരി
വെഞ്ഞാറമൂട് ഇരട്ട കൊലപാതക കേസിൽ കോൺഗ്രസിനെതിരെ ആരോപണവുമായി സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. ഡിവൈഎഫ്ഐ പ്രവർത്തകരായ മിഥിലാജിനെയും, ഹഖ് മുഹമ്മദിനെയും വടിവാൾ കൊണ്ട് വെട്ടിയരിഞ്ഞ് കൊന്നുതള്ളിയ കോൺഗ്രസ്, തിരുവോണ പൂക്കളത്തിന് പകരം ചോരപ്പൂക്കളമൊരുക്കിയാണ് ലോകമെങ്ങുമുള്ള മലയാളികൾക്ക് ആശംസ നേരുന്നത് എന്ന് അദ്ദേഹം ഫെയ്സ്ബുക്കിൽ കുറിച്ചു.
ഫെയ്സ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം
തിരുവോണ നാളിൽ കോൺഗ്രസ് ഇട്ട ചോരപൂക്കളം കണ്ട് പ്രബുദ്ധ കേരളം തല കുനിക്കുകയാണ്. തിരുവനന്തപുരം വെഞ്ഞാറമൂട്ടിൽ തിരുവോണ ദിവസം പുലരുമ്പോഴാണ് രണ്ട് ചെറുപ്പക്കാരെ കോൺഗ്രസ് ഗുണ്ടാസംഘം പൈശാചികമായി വെട്ടിക്കൊന്നത്. ഡി വൈ എഫ് ഐ പ്രവർത്തകരായ മിഥിലാജിനെയും ഹഖ് മുഹമ്മദിനെയും വടിവാൾ കൊണ്ട് വെട്ടിയരിഞ്ഞ് കൊന്നുതള്ളിയ കോൺഗ്രസ്, തിരുവോണ പൂക്കളത്തിന് പകരം ചോരപ്പൂക്കളമൊരുക്കിയാണ് ലോകമെങ്ങുമുള്ള മലയാളികൾക്ക് ആശംസ നേരുന്നത്.
കോൺഗ്രസിന്റെ വടിവാൾ രാഷ്ട്രീയത്തിൽ ഇല്ലാതായ രണ്ട് ചെറുപ്പക്കാരുടെയും കുടുംബത്തിന്റെയും ദുഖം വിവരണാതീതമാണ്. അവരുടെ പ്രതീക്ഷകളെല്ലാം കൊലപാതക രാഷ്ട്രീയം കൊണ്ട് കോൺഗ്രസ് ഇല്ലാതാക്കി. കോവിഡ് മഹാമാരിയുടെ ഈ അസാധാരണ കാലത്ത് അതിജീവനത്തിന്റെ കരുതലോടെ നമ്മൾ മുന്നോട്ടു പോവുമ്പോൾ, കൊലക്കത്തിയുമായി ജീവനെടുക്കാൻ ഇറങ്ങിത്തിരിച്ച കോൺഗ്രസ് സംസ്കാരം പരിഷ്കൃത സമൂഹത്തിന് ചേർന്നതല്ല.
ഇത് ആസൂത്രിതമായ കൊലപാതകമാണ്. ഇതിനായി ഉന്നതതലത്തിൽ ഗൂഡാലോചന നടന്നിട്ടുണ്ട്. നേരത്തെ ഈ പ്രദേശത്ത് വധ ശ്രമങ്ങൾ ഉണ്ടായിട്ടുണ്ട്. അതിന്റെ തുടർച്ചയാണ് ഈ കൊലപാതകം. കോൺഗ്രസിന്റെ ഉന്നത നേതൃത്വത്തിന് ഈ കൊലപാതകത്തിൽ പങ്കുണ്ട്. ഇത് സംബന്ധിച്ച് സമഗ്രമായ അന്വേഷണം നടത്തണം.കോൺഗ്രസ് നേതൃത്വം വികലമായ പ്രവൃത്തികൾ കൊണ്ടും പ്രസ്താവനകൾ കൊണ്ടും ജനങ്ങളിൽ നിന്ന് ഒറ്റപ്പെട്ടുകൊണ്ടിരിക്കുമ്പോൾ കേരളത്തിൽ അക്രമവും കൊലപാതകവും നടത്തി അരക്ഷിതാവസ്ഥ സൃഷ്ടിക്കാനാണ് ശ്രമിക്കുന്നത്. ഈ നീക്കത്തിനെതിരെ ശക്തമായ ബഹുജനവികാരം ഉയർന്നുവരണം. ധീര രക്തസാക്ഷികളായ സഖാക്കൾ മിഥിലാജിനും ഹഖ് മുഹമ്മദിനും ആദരാഞ്ജലികൾ.
അടുത്ത ലേഖനം