പുഞ്ഞാറില്‍ തീപ്പൊരിയാകാതിരുന്നത് ജോര്‍ജിന്റെ ജയം ആഗ്രഹിച്ച്‍; ജോര്‍ജിനെ കൂടെകൂട്ടിയാല്‍ പലതുണ്ട് കാര്യം, മുഖ്യമന്ത്രിയാകാനുള്ള നീക്കങ്ങള്‍ക്ക് തുടക്കമിട്ട് വിഎസ്

ജോസഫിന്റെ പ്രധാന എതിരാളി പിസി ജോര്‍ജാണെന്നതില്‍ സംശയിക്കേണ്ടതില്ല

തിരുവനന്തപുരം| ജിയാന്‍ ഗോണ്‍‌സാലോസ്| Last Modified ശനി, 30 ഏപ്രില്‍ 2016 (17:16 IST)
സദസ് ഏതാണെങ്കിലും ആളുകളെ ഇളക്കിമറിക്കാന്‍ സംസ്ഥാന രാഷ്‌ട്രീയത്തില്‍ കഴിവുള്ള ഏക വ്യക്തിയാണ് വിഎസ് അച്യുതാനന്ദന്‍. പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാവ് എന്നതിനൊപ്പം എല്‍ഡിഎഫിന്റെ പ്രചാരണ ആയുധമാണ് വിഎസ് എന്നു പറഞ്ഞാല്‍ തെറ്റുണ്ടാവില്ല. ഈ നിയമസഭ തെരഞ്ഞെടുപ്പിലും തന്റെ പ്രായത്തെ അവഗണിച്ചു കൊണ്ട് ശക്തമായ പ്രചാരണമാണ് അദ്ദേഹം നടത്തുന്നത്. എതിരാളികളെ നിഷ്‌പ്രഭരാക്കുന്ന പ്രസംഗങ്ങളാണ് അദ്ദേഹത്തിന്റെ ശക്തി. എന്നാല്‍ വെള്ളിയാഴ്‌ച പൂഞ്ഞാര്‍ മണ്ഡലത്തില്‍ എത്തിയ വിഎസ് എന്തുകൊണ്ട് ഒറ്റവാക്കില്‍ പ്രസംഗം അവസാനിപ്പിച്ചു എന്ന ചോദ്യത്തിന് നിരവധി കാരണങ്ങളുണ്ട്.

എല്‍ഡിഎഫിന്റെ പിന്തുണയോടെ മത്സരിക്കുന്ന ജനാധിപത്യ കേരളാ കോണ്‍ഗ്രസിലെ പിസി ജോസഫിന് വോട്ട് അഭ്യര്‍ഥിച്ച് വിഎസ് പുഞ്ഞാറില്‍ എത്തിയെങ്കിലും ഒറ്റവാക്കില്‍ പ്രസംഗം അവസാനിപ്പിക്കുകയായിരുന്നു. ജോസഫിന്റെ പ്രധാന എതിരാളി പിസി ജോര്‍ജാണെന്നതില്‍ സംശയിക്കേണ്ടതില്ല. മൂന്ന് മുന്നണികള്‍ക്കും തലവേദനയുണ്ടാക്കുന്ന സ്ഥാനാര്‍ഥിയാണ് ജോര്‍ജ്. പ്രചാരണം അന്തിമഘട്ടത്തില്‍ എത്തിക്കൊണ്ടിരിക്കെ കാര്യങ്ങള്‍ ജോര്‍ജിന്റെ വഴിക്കാണ് നീങ്ങുന്നതെന്നാണ് സൂചന. ഇത് മനസിലാക്കിയാണ് തനിക്ക് അനുകൂലമായി നിലകൊള്ളുന്ന ജോര്‍ജിനെതിരെ വിഎസ് ഒന്നും മിണ്ടാതിരുന്നത്.

താന്‍ പൂഞ്ഞാറില്‍ ജയിക്കുകയും വിഎസിനെ മുഖ്യമന്ത്രിയാക്കുകയും ആണെങ്കില്‍ എല്‍ഡിഎഫിന് പിന്തുണ നല്‍കുമെന്ന് പരസ്യമായി വ്യക്തമാക്കിയ ജോര്‍ജിനോട് പ്രതിപക്ഷനേതാവിന് തോന്നിയ സ്‌നേഹമാണ് പൂഞ്ഞാറിലെ തെരഞ്ഞെടുപ്പ് പ്രസംഗത്തില്‍ പ്രതിഫലിച്ചത്. എല്‍ഡിഎഫിനൊപ്പം ജോര്‍ജും ജയിച്ചാല്‍ ആള്‍ബലമില്ലാത്ത തനിക്കായി വാദിക്കാനും പോരടിക്കാനും ജോര്‍ജ് എത്തുമെന്ന ഉറച്ച വിശ്വാ‍സം വിഎസിനുണ്ട്. ഒരുകാലത്ത് തന്റെ വലംകൈയായിരുന്ന ജോര്‍ജ് ഒപ്പമെത്തുന്നത് കരുത്ത് പകരുന്നതിനൊപ്പം പിണറായി പക്ഷത്തിന്റെ ചിറകരിയാനും ഈ ബന്ധം സഹായിക്കുമെന്നും വിഎസ് വിശ്വസിക്കുന്നു.



നേരത്തെ കേരളാ കോണ്‍ഗ്രസ് (എം) ചെയര്‍മാന്‍ കെഎം മാണിയുടെ ഉറ്റതോഴനും ഉമ്മന്‍ചാണ്ടി മന്ത്രിസഭയുടെ അടിക്കളികള്‍ എല്ലാം അറിയുകയും ചെയ്യുന്ന ജോര്‍ജ് ഒരു ശക്തിയാണ്. മാണിക്കായി യുഡിഎഫില്‍ അധികാര വടംവലി നടത്തുകയും
മുഖ്യമന്ത്രി സ്ഥാനത്തിനായുള്ള അവകാശവാദവും ഉന്നയിച്ചതിനും പിന്നില്‍ ജോര്‍ജായിരുന്നു. മുന്നണിയില്‍ മാണിക്ക് പറയാന്‍ മടിയുള്ള വിഷയങ്ങള്‍ ചര്‍ച്ച ചെയ്‌തിരുന്നതും ജോര്‍ജായിരുന്നു. ഇത്രയും ശക്തനായ ഒരാള്‍ തനിക്കൊല്ലം നിന്നാല്‍ പഴയ വീര്യം തിരിച്ചു പിടിക്കാമെന്ന തോന്നല്‍ പൂഞ്ഞാറിലെത്തിയ പ്രതിപക്ഷ നേതാവിനുണ്ടായിരുന്നു.

മണ്ഡലത്തില്‍ ജോര്‍ജിനുള്ള സ്വാധീനം എല്ലാ മുന്നണികളെയും ഭയപ്പെടുത്തുന്നുണ്ട്. മുസ്ലിം വിഭാഗത്തിന്റെ അകമഴിഞ്ഞ പിന്തുണയുള്ള അദ്ദേഹത്തെ തടുക്കാന്‍ സകല തന്ത്രങ്ങളും പയറ്റണമെന്നാണ് സിപിഎം നേതൃത്വം അണികള്‍ക്ക് നിര്‍ദേശം നല്‍കിയിരിക്കുന്നത്. സിപിഎമ്മിലെ നല്ലൊരു ശതാനം പ്രവര്‍ത്തകരും ജോര്‍ജിന് പിന്തുണ രഹസ്യമായി പിന്തുണ നല്‍കുന്നുമുണ്ട്. പ്രചാരണം രണ്ടാം ഘട്ടത്തിലേക്ക് കടന്നശേഷവും മുന്നണി സ്ഥാനാര്‍ത്ഥിക്കായി രംഗത്തിറങ്ങാന്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ തയ്യാറാവഞ്ഞതാണ് സിപിഐമ്മിനെ ഭയപ്പെടുത്തുന്നത്.

ഒരുവിഭാഗം നേതാക്കള്‍ ജോര്‍ജിന് അനൂകലമായി രഹസ്യമായി പ്രവര്‍ത്തിക്കുന്നുവെന്ന് ജില്ലാ കമ്മിറ്റി സംസ്ഥാന നേതൃത്വത്തെ അറിയിച്ചിരുന്നു. കൂടാതെ പല സിപിഎം നേതാക്കളും ജോര്‍ജിന്റെ വിജയം ആഗ്രഹിക്കുന്നുമുണ്ട്. ജനാധിപത്യ കേരള കോണ്‍ഗ്രസ് ഇടതിലേക്ക് വരാതിരിക്കുകയും കാഞ്ഞിരപ്പള്ളി രൂപതയുടെ എതിര്‍പ്പ് നേരിടേണ്ടി വന്നില്ലായിരുന്നുവെങ്കിലും ജോര്‍ജ് ഇടത് സ്ഥാനാര്‍ഥിയാകുമായിരുന്നുവെന്നാണ് ഇവര്‍ വിശ്വസിക്കുന്നത്.

ഈ സാഹചര്യത്തില്‍ പൂഞ്ഞാറിലെത്തിയ വിഎസ് ജോര്‍ജിനെതിരെ ആഞ്ഞടിച്ചിരുന്നുവെങ്കില്‍ കാര്യങ്ങള്‍ സിപിഎമ്മിന് അനുകൂലമാകുമായിരുന്നു. എന്നാല്‍ ആ നീക്കത്തിന് നിന്നു കൊടുക്കാത്ത വിഎസ് ഒരു മുഴം മുമ്പേ എറിഞ്ഞിരിക്കുകയാണ്. ജോർജിനെ‌ എൽഡിഎഫിലെടുക്കേണ്ടെന്ന് കർശന നിലപാടെടുത്ത പിണറായിക്കുള്ള് മറുപടി കൂടിയായിരുന്നു കഴിഞ്ഞ ദിവസം കണ്ടത്. ജോര്‍ജ് ജയിച്ചാല്‍ അദ്ദേഹത്തെ പാളയത്തില്‍ എത്തിക്കാന്‍ ഏറ്റവും കൂടുതല്‍ ശ്രമിക്കുന്നതും വിഎസ് തന്നെ ആയിരുക്കുമെന്നതില്‍ ആര്‍ക്കും സംശയമില്ല.

മീനച്ചൽ താലൂക്കിലെ ഈരാറ്റുപേട്ട നഗരസഭയും തീക്കോയി, പൂഞ്ഞാർ, തെക്കേക്കര, തിടനാട് പഞ്ചായത്തുകളും, കാഞ്ഞിരപ്പള്ളി താലൂക്കിലെ പാറത്തോട്, കൂട്ടിക്കൽ, മുണ്ടക്കയം, കോരുത്തോട്, എരുമേലി പഞ്ചായത്തുകളും ഉൾപ്പെട്ടതാണ് മണ്ഡലം.
യുഡിഎഫിന്റെ ജോജുകുട്ടി ആഗസ്‌തി, ബിജെപിയുടെ ഉല്ലാസുമാണ് മറ്റ് സ്ഥാനാര്‍ഥികള്‍.



അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :