തിരുവനന്തപുരം|
jibin|
Last Modified ശനി, 23 ഏപ്രില്‍ 2016 (11:42 IST)
പിണറായിക്കെതിരെ പ്രസംഗിച്ച് അദ്ദേഹത്തെ തോല്‍പ്പിക്കാന്‍ തന്നെ കിട്ടില്ലെന്ന് പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദന്‍. അദ്ദേഹത്തിനെതിരെ പ്രസംഗിച്ച് ധർമടത്ത് തോല്പിക്കാൻ താങ്കൾ വെറെ ആളെ അന്വേഷിക്കണം. കമ്മ്യൂണിസ്റ്റ് പാർട്ടികളിൽ ആശയസമരങ്ങൾ നടക്കുന്നത് സ്വാഭാവികമാണ്. അത് പാർട്ടി കാര്യമാണെന്നും വിഎസ് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ ഫേസ്‌ബുക്ക് പോസ്‌റ്റിന് മറുപടിയായി പറഞ്ഞു.
വി എസിന്റെ ഫേസ്‌ബുക്ക് പോസ്‌റ്റിന്റെ പൂര്‍ണ്ണരൂപം:
ഉമ്മൻ ചാണ്ടിക്ക് മറുപടി
പ്രിയപ്പെട്ട ശ്രീ ഉമ്മൻ ചാണ്ടി,
എന്റെ വെബ്ബ്ലോക പ്രവേശത്തെ പിൻകാല് കൊണ്ട് സല്യൂട്ട് ചെയ്ത ശേഷം എന്നെ അഭിസംബോധന ചെയതുകൊണ്ട് താങ്കൾ എഴുതിയ രണ്ട് പോസ്റ്റുകൾ വായിച്ചു. തികച്ചും രാഷ്ട്രീയമായ ചോദ്യങ്ങളുന്നയിച്ചു കൊണ്ടുള്ളതാണ് താങ്കളുടെ അവസാന പോസ്റ്റ്. അതിന് ആദ്യം മറുപടി പറയാം.
സ്വന്തം പാർട്ടിയുടെ മുഖ്യമന്ത്രിയായിരുന്ന കെ. കരുണാകരനെ പുകച്ച് പുറത്ത് ചാടിക്കുന്നതിന് താങ്കളുടെ നേതൃത്വത്തിൽ തൊണ്ണൂറുകളിൽ നടന്ന നീക്കങ്ങൾ പൂർണമായും മറന്ന് പോയ മട്ടിലാണ് ഇപ്പോൾ താങ്കൾ സംസാരിക്കുന്നത്. 1992 മാർച്ചിൽ മുഖ്യമന്ത്രി കരുണാകരനെതിരെ പാമോയിൽ അഴിമതി ആരോപണം ഞാൻ നിയമസഭയിൽ കൊണ്ട് വന്നപ്പോൾ കരുണാകരന് വേണ്ടി താങ്കൾ നിയമസഭയിൽ പോരാടിയെന്ന് അടുത്ത കാലത്ത് താങ്കൾ പരസ്യമായി പറഞ്ഞിരുന്നല്ലോ? അന്നത്തെ നിയമസഭയിലെ രംഗം ഞാൻ ഓർക്കുകയാണ്. ധനമന്ത്രി യായിരുന്ന താങ്കൾ മുഖ്യമന്ത്രി കരുണാകരനെതിരെയുള്ള ആരോപണങ്ങൾ ആസ്വദിക്കുന്ന മട്ടിൽ ഒരക്ഷരം മിണ്ടാതെ സഭയിലിരിക്കുകയായിരുന്നു. താങ്കൾ മാത്രമല്ല എ ഗ്രൂപ്പ് കാരായ എം.എൽ.എ.മാർ മുഴുവനും ഇതാണ് ചെയ്തത്. ആ ദിവസങ്ങളിലെ സഭാ നടപടികൾ ഞാൻ പരിശോധിച്ചു. താങ്കളുടെയും താങ്കളുടെ ഗ്രൂപ്പ്കാരുടെയും മൗനം വാചാലമായി സഭയിൽ നിറഞ്ഞ് നിൽക്കുന്നത് ആ രേഖകളിൽ കാണാം. എന്നിട്ടും താങ്കൾ എന്തിന് ഇങ്ങനെ പച്ചകള്ളങ്ങൾ തട്ടിവിടുന്നു?
ചാര കേസിൽ മുഖ്യമന്ത്രി കരുണാകരനെ പുറത്താക്കുന്നതിനായി താനൊരു പങ്കും വഹിച്ചിട്ടില്ലെന്നും അങ്ങനെ തെളിയിക്കുന്ന എന്തെങ്കിലും രേഖകൾ ഉണ്ടോയെന്ന് അങ്ങ് വെല്ല് വിളിക്കുകയും ചെയ്തു. അടുത്ത ദിവസം ഏഷ്യാനെറ്റ് ന്യൂസ് ചാര കേസിൽ വിശ്വാസ്യത നഷ്ടപ്പെട്ട കരുണാകരൻ രാജിവയ്ക്കണമെന്ന് അങ്ങ് പരസ്യമായി പറയുന്ന വീഡിയോ റിക്കോർഡിംഗ് ആവർത്തിച്ച് പ്രക്ഷേപണം ചെയ്തു. ഇത് കണ്ടിട്ടും രേഖയെവിടെ രേഖയെവിടെ എന്ന് താങ്കൾ ആവർത്തിച്ച് ചോദിച്ച് കൊണ്ടേയിരുന്നു.
താങ്കൾക്കുള്ളത് മറവിരോഗമല്ല. താങ്കളെ ഭരിക്കുന്നത് കേരള ജനതയൊടുള്ള പരമ പുശ്ചമാണ്. അവർ കഴുതകളാണെന്ന് താങ്കൾ ആത്മാർത്ഥമായി വിശ്വസിക്കുന്നു. താങ്കളുടെ ഈ തട്ടിപ്പ് രാഷ്ട്രീയത്തിനെതിരെയാണ് അതേ ജനങ്ങൾ ഈ തിരഞ്ഞെടുപ്പിൽ ചുട്ട മറുപടി നൽകാൻ പോകുന്നത്.
ഇനി താങ്കളുടെ ചോദ്യങ്ങളിലേയ്ക്ക് വരാം.
ലാവിലിൻ കേസ് - ഇക്കാര്യത്തിൽ എന്റെ നിലപാട് വിചാരണ കോടതിയുടെ വിധി വന്ന അന്ന് തന്നെ ഞാൻ വ്യക്തമാക്കിയതാണ്. ആ കോടതി വിധി ഞാൻ അംഗീകരിക്കുന്നു. ആ കോടതി വിധിക്കെതിരെ മറ്റൊരു മേൽ കോടതി വിധി വരുന്നത് വരെ എന്റെ നിലപാടിലും മാറ്റമില്ല
ആർ.ബാലകൃഷ്ണപിള്ള കേസ് - ഭരണത്തിൽ ഇരുന്ന് അഴിമതി നടത്തിയ നിരവധി പേർക്കെതിരെ ഞാൻ നിയമ പോരാട്ടങ്ങൾ നടത്തിയിട്ടുണ്ട്. ഈ കേസുകളിൽ ജയിലിൽ അടയ്ക്കാൻ കഴിഞ്ഞത് ആർ ബാലകൃഷ്ണപിള്ളയെയാണ്. ആർ. ബാലകൃഷ്ണപിള്ളയുടെ പാർട്ടി ഇടത് പക്ഷ ജനാധിപത്യ മുന്നണിയിൽ അംഗമല്ല. ആ നില തുടരുകയും ചെയ്യും.
ധർമടത്ത് ഞാൻ സ. പിണറായി വിജയന് എതിരെ പ്രസംഗിച്ചില്ല എന്നതാണ് താങ്കളുടെ ചോദ്യം. എന്റെ പാർട്ടിയുടെയും മുന്നണിയുടെയും സീനിയർ നേതാവാണ് സ: പിണറായി വിജയൻ. അദ്ദേഹത്തിനെതിരെ പ്രസംഗിച്ച് ധർമടത്ത് തോല്പിക്കാൻ താങ്കൾ വെറെ ആളെ അന്വേഷിക്കണം. കമ്മ്യൂണിസ്റ്റ് പാർട്ടികളിൽ ആശയസമരങ്ങൾ നടക്കുന്നത് സ്വാഭാവികമാണ്. അത് പാർട്ടി കാര്യം. ഒരു തിരഞ്ഞെടുപ്പിലേയ്ക്ക് അത് വലിച്ച് നീട്ടുന്ന സംഘടനാ വിരുദ്ധ സ്വഭാവം ഞങ്ങൾക്കില്ല. ഈ സ്വഭാവം കോൺഗ്രസ്കാർക്ക് പക്ഷേ കൂടപിറപ്പാണ്.
ടി.പി. ചന്ദ്രശേഖരൻ വധം. - ഇക്കാര്യത്തിലും എന്റെ നിലപാടുകൾക്ക് യാതൊരു മാറ്റവുമില്ല. ആ വധം അങ്ങേയറ്റം അപലപനീയമാണ്. അത് ആര് നടത്തിയാലും അവരെ നിയമത്തിന്റെ മുമ്പിൽ കൊണ്ടുവരേണ്ടതുണ്ട്. എന്നാൽ ആർ.എം.പി.യെ ഉപയോഗിച്ച് യു.ഡി.എഫ്. നടത്തുന്ന രാഷ്ട്രീയ കച്ചവടത്തിന് അരുനിൽക്കാൻ എന്നെ കിട്ടില്ല.
ഏത് അപമാനവും അവഹേളനവും സഹിച്ച് അധികാരത്തിൽ തുടരും എന്ന് പരസ്യമായി പ്രഖ്യാപിച്ച മുഖ്യമന്ത്രിയാണ് താങ്കൾ. ലോകത്ത് മറ്റൊരു ഭരണാധികാരിയും ഇങ്ങനെ പരസ്യമായി പ്രഖ്യാപിച്ച് കാണില്ല. ഇത്തരം ഒരു ഉളുപ്പില്ലായ്മ താങ്കൾക്ക് ഉണ്ടായത് കൊണ്ടാണ് സലീം മോനേയും സരിതാ നായരെയും പോലുള്ളവർ മുഖ്യമന്ത്രിയുടെ ആഫീസിലും ഔദ്യോഗിക വസതിയിലും കയറിയിറങ്ങി നിരങ്ങിയത്.
സസ്നേഹം, വി.എസ്.അച്യുതാനന്ദൻ