പരവൂര്‍|
JOYS JOY|
Last Modified ശനി, 16 ഏപ്രില്‍ 2016 (09:20 IST)
പരവൂര്‍ വെടിക്കെട്ട് അപകടവുമായി ബന്ധപ്പെട്ട് രണ്ട് പേരെ കൂടി അറസ്റ്റ് ചെയ്തു. വെടിക്കെട്ട് തൊഴിലാളികളായ തുളസി, അശോകന്‍ എന്നിവരെയാണ് അന്വേഷണസംഘം കസ്റ്റഡിയിലെടുത്തത്. കൊല്ലത്ത് വെച്ചാണ് ഇവരെ അറസ്റ്റ് ചെയ്തത്.
നേരത്തെ പിടിയിലായ കമ്പക്കെട്ടുകാരന്‍ കൊച്ച് മണിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് കൂടുതല്‍ കരിമരുന്ന് തൊഴിലാളികളെ കസ്റ്റഡിയില്‍ എടുത്തത്. വെടിക്കെട്ടാശാന്‍ കഴക്കൂട്ടം സുരേന്ദ്രന്‍ എത്തിച്ച തൊഴിലാളികള്‍ മദ്യലഹരിയിലായിരുന്നെന്നും ഇതാണ് അപകടമുണ്ടാകാന്‍ കാരണമെന്നും കൊച്ച് മണി ക്രൈം ബ്രാഞ്ചിന് മൊഴി നല്കിയിരുന്നു.
കൊച്ച് മണിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ സംഭവദിവസം മദ്യപിച്ചെത്തിയെന്ന് പറയപ്പെടുന്ന കരിമരുന്ന് തൊഴിലാളികള്‍ക്കായി ക്രൈംബ്രാഞ്ച് തെരച്ചില്‍ ഊര്‍ജ്ജിതമാക്കുകയായിരുന്നു. അതേസമയം, റിമാന്‍ഡില്‍ കഴിയുന്ന ക്ഷേത്രം കമ്മിറ്റി ഭാരവാഹികളായ കൃഷ്‌ണന്‍കുട്ടിപ്പിള്ള, ജയലാല്‍, പ്രസാദ്, മുരുകേശ്, സോമസുന്ദരന്‍ പിള്ള, രവീന്ദ്രന്‍ പിള്ള എന്നിവരെ കസ്റ്റഡിയില്‍ കിട്ടാന്‍ പരവൂര്‍ കോടതിയില്‍ ക്രൈംബ്രാഞ്ച് ഇന്ന് അപേക്ഷ നല്കും.