പഞ്ചരത്‌നങ്ങളില്‍ മൂന്നു പേരുടെ വിവാഹം നടന്നു

എ കെ ജെ അയ്യര്‍| Last Updated: ശനി, 24 ഒക്‌ടോബര്‍ 2020 (16:37 IST)
ഗുരുവായൂര്‍: ഒറ്റ പ്രസവത്തില്‍ ജനിച്ച പഞ്ച രത്‌നങ്ങള്‍ എന്നറിയപ്പെട്ടിരുന്ന അഞ്ച് കുട്ടികളില്‍ മൂന്നു പെണ്‍കുട്ടികളുടെ വിവാഹം ഇന്ന് രാവിലെ ഗുരുവായൂരപ്പന്റെ സന്നിധിയില്‍ നടന്നു. ഇന്ന് രാവിലെയുള്ള 7.45 നും 8.30 നും മധ്യേയുള്ള ശുഭമുഹൂര്‍ത്തത്തില്‍ ഉത്തര, ഉത്തര, ഉത്തമ എന്നിവരുടെ വിവാഹമാണ് നടന്നത്.

ഇവരുടെ മറ്റൊരു സഹോദരി ഉത്രജയുടെ വരന്‍ വിദേശത്തായ തിനാലാണ് ഈ വിവാഹം പിന്നീട് നടക്കുന്നത്. സഹോദരിമാരുടെ ഒരേയൊരു പൊന്നാങ്ങള ഉത്രജന്‍ ചടങ്ങുകള്‍ നടത്തി. വിവാഹത്തിന് അഞ്ചു മക്കളുടെ മാതാവ് രമാദേവിയും കഴിഞ്ഞ ദിവസം തന്നെ ഗുരുവായൂരിലെത്തിയിരുന്നു. പഞ്ചരത്‌നങ്ങളെ ചേര്‍ത്ത് പിടിച്ച് ആ മാതാവ് പറഞ്ഞത്, കണ്ണന് എന്തുകൊടുത്താലും മതിയാകില്ലെന്നും കണ്ണന്‍ തന്ന സമ്മാനങ്ങളാണ് തന്റെ അഞ്ചു പൊന്നോമനകളെന്നും അവരെ പൊട്ടി വളര്‍ത്താനുള്ള കരുത്ത് തന്നതും കണ്ണന്‍ തന്നെ എന്നാണ്. ഗുരുവായൂരപ്പന് കാണിക്കയായി അവര്‍ സ്വര്‍ണ്ണത്തള നല്‍കി.

തിരുവനന്തപുരം പോത്തന്‍കോട് പ്രേംകുമാര്‍ രമാദേവി ദമ്പതികള്‍ക്ക് 1995 നവംബര്‍ 18 - വൃശ്ചിക മാസത്തിലെ ഉത്രം നാളില്‍ അഞ്ചു പേരും പിറന്നത്. അതിനാല്‍ തന്നെ ഇവര്‍ക്ക് സാമ്യമുള്ള പേരുകളുമിട്ടു. എന്നാല്‍ കുട്ടിക്കാലത്തു തന്നെ പ്രേംകുമാര്‍ മരിച്ചെങ്കിലും പ്രതിസന്ധികളെ തരണം ചെയ്ത രമാദേവി അവരെ വളര്‍ത്തി വലുതാക്കി.

മസ്‌കറ്റില്‍ ഹോട്ടല്‍ മാനേജരായ ആയൂര്‍ സ്വദേശി അജിത് കുമാറാണ് ഫാഷന്‍ ഡിസൈനറായ ഉത്രയെ വിവാഹം കഴിച്ചത്. മാധ്യമ പ്രവര്‍ത്തകനായ കോഴിക്കോട് സ്വദേശി മഹേഷ് കുമാറാണ് ഈ രംഗത്തു തന്നെയുള്ള ഉത്തരയെ വിവാഹം കഴിച്ചത്.

അതെ സമയം മസ്‌കറ്റില്‍ ജോലിയുള്ള വിനീതന്‍ അനസ്തേഷ്യ ടെക്നീഷ്യനായ ഉത്തമയെ വിവാഹം ചെയ്തത്. നടക്കാനിരിക്കുന്ന ഉത്രജയുടെ വരന്‍ പത്തനംതിട്ട സ്വദേശി ആകാശ് കുവൈത്തില്‍ അനസ്തേഷ്യ ടെക്നീഷ്യനാണ്. നാലുപേരുടെയും വിവാഹം ഒരുമിച്ചു നടത്താണ് തന്നെയാണ് തീരുമാനിച്ചിരുന്നത്. എന്നാല്‍ ആകാശിനു നാട്ടിലെത്താന്‍ കഴിയാത്തതിനാലാണ് വിവാഹം മാറ്റിവയ്ക്കേണ്ടി വന്നത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :