പാലക്കാട്|
Sajith|
Last Modified ചൊവ്വ, 8 മാര്‍ച്ച് 2016 (10:38 IST)
റെയില്‍വേ പൊലീസ് ചമഞ്ഞ് തട്ടിപ്പ് നടത്തിയ ചെന്നൈ സ്വദേശികളായ രണ്ട് യുവാക്കളെ പൊലീസ് അറസ്റ്റ് ചെയ്തു. ചെന്നൈ തൊണ്ടയാര്‍പേട്ട് സ്വദേശി അന്‍പുശെല്‍വന്‍ (23), റോയാപുരം അപ്പയാര്‍ സ്ട്രീറ്റ് സ്വദേശി ഇളയരാജ (28) എന്നിവരാണ് ടൌണ്‍ നോര്‍ത്ത് പൊലീസ് വലയിലായത്.
മലപ്പുറത്തെ ചെമ്മാടിലുള്ള സലീം എന്ന മൊബൈല്‍ വില്‍പ്പനക്കാരന്‍ ചെന്നൈയിലെ ബര്‍മാ ബസാറില്‍ നിന്ന് സെക്കന്‍ഡ് ഹാന്‍ഡ് മൊബൈലുകള്‍ മൊത്തമായി വാങ്ങി ചെമ്മാട്, തിരൂര്‍ എന്നിവിടങ്ങളില്‍ വില്‍പ്പന നടത്തുകയായിരുന്നു. ജനുവരി ഒന്നിനു ചെന്നൈയില്‍ പോയി മംഗലാപുരം എക്സ്പ്രസില്‍ തിരൂരിലേക്ക് വരികയായിരുന്ന സലീമിനെ ഒലവക്കോട് വച്ച് പ്രതികള്‍ ഭീഷണിപ്പെടുത്തി ഒരു ലക്ഷം രൂപയും ആറര ലക്ഷത്തോളം രൂപ വിലവരുന്ന മൊബൈല്‍ ഫോണുകളും തട്ടിയെടുക്കുകയായിരുന്നു.
കേസിലെ പ്രതികളായ രതീഷ്, ഇളയരാജ എന്നിവര്‍
ഇരുവരും ബര്‍മാ ബസാറില്‍ തന്നെ മൊബൈല്‍ ഷോപ്പുകള്‍ നടത്തുന്നവരായിരുന്നു. ഇരുവരും സലീമിനെ പിന്‍തുടരുകയും ട്രെയിനില്‍ വച്ച് ആര് പി എഫ് ജീവനക്കാരാണെന്നും പറഞ്ഞ് ഒലവക്കോട്ടു സ്റ്റേഷനില്‍ സലീമിനെ ഇറക്കി. സ്റ്റേഷനില്‍ പോയാല്‍ കൂടുതല്‍ പിഴ അടയ്ക്കേണ്ടി വരുമെന്ന് പറഞ്ഞ് പതിനായിരം രൂപ കൈക്കൂലി നല്‍കണമെന്ന് ആവശ്യപ്പെട്ടു.
ഇടയ്ക്ക് എ റ്റി എമ്മില്‍ നിന്ന് പണം എടുക്കാന്‍ കയറിയ സലീം പുറത്തു വന്നപ്പോള്‍ രതീഷും ഇളയരാജയും ചേര്‍ന്ന് സലീമിന്‍റെ പണവും മൊബൈല്‍ ഫോണ്‍ അടങ്ങിയ ബാഗുകളുമായി ഓട്ടോയില്‍ കയറി രക്ഷപ്പെട്ടു.
കബളിപ്പിക്കല്‍ മനസിലായ സലീം നല്‍കിയ പരാതിയെ തുടര്‍ന്ന് സൈബര്‍ സെല്ലിന്‍റെ സഹായത്തോടെ ക്രൈം സ്ക്വാഡ് നടത്തിയ അന്വേഷണത്തിലാണ് ഇളയരാജയേയും സഹായിയേയും പിടികൂടിയത്. ഒന്നാം പ്രതിയായ രതീഷിനെ പിടിക്കാന്‍ അന്വേഷണം തുടരുകയാണ്.