തലശേരി|
jibin|
Last Modified വെള്ളി, 24 ജൂലൈ 2015 (11:15 IST)
കതിരൂര്‍ മനോജ് വധക്കേസില്‍ സിപിഎം കണ്ണൂര്‍ ജില്ലാസെക്രട്ടറി പി ജയരാജന്‍ നല്‍കിയ മുന്‍കൂര്‍ ജാമ്യഹര്‍ജി തലശേരി സെഷൻസ് കോടതി തള്ളി. കേസിൽ
യുഎപിഎ നിയമം ചുമത്തിയതിനാൽ ജാമ്യം നൽകരുതെന്ന സിബിഐയുടെ വാദം കണക്കിലെടുത്താണ് കോടതി ജാമ്യം നിഷേധിച്ചത്.
കേസില്‍ യുഎപിഎ വകുപ്പുകള്‍ ഉള്ളതിനാല്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നിലനില്‍ക്കില്ലെന്നാണ്
സിബിഐ വാദിച്ചത്. എന്നാല്‍ യുഎപിഎ ചേര്‍ത്ത കേസുകളില്‍ ജാമ്യം നിഷേധിക്കേണ്ടതില്ലെന്ന് സുപ്രീംകോടതി നിരീക്ഷിച്ചിട്ടുണെന്ന് ജയരാജനു വേണ്ടി ഹാജരായ അഭിഭാഷകന്‍ പി വിശ്വന്‍ കോടതിയില്‍ ബോധിപ്പിച്ചിരുന്നു. എന്നാല്‍ ഈ വാദം കോടതി മുഖവിലയ്ക്കെടുത്തില്ല.
മനോജ് വധക്കേസില്‍ രാഷ്ട്രീയപ്രേരിതമായി തന്നെ അറസ്റു ചെയ്യാന്‍ സാധ്യതയുണ്ടെന്നു ചൂണ്ടിക്കാട്ടിയാണു ജയരാജന്‍ ഹര്‍ജി നല്‍കിയത്. നിലവില്‍ ജയരാജന്‍ കേസില്‍ പ്രതിയല്ലെന്നും അതിനാല്‍ ഹര്‍ജി പരിഗണിക്കേണ്ട ആവശ്യമില്ലെന്നും സിബിഐ അഭിഭാഷകന്‍ വ്യക്തമാക്കുകയായിരുന്നു. കേസില്‍ സിബിഐ ജയരാജനെ ചോദ്യം ചെയ്തിരുന്നെങ്കിലും ഇതുവരെ പ്രതിപ്പട്ടികയില്‍ പേരു ചേര്‍ത്തിട്ടില്ല.
നേരത്തെ മനോജ് വധക്കേസ് പരിഗണിക്കുന്ന കോടതി മാറ്റണമെന്ന് ആവശ്യപ്പെട്ട് സിബിഐ സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നു. തലശേരി ജില്ലാ സെഷന്‍സ് കോടതിയാണ് നിലവില്‍ കേസ് പരിഗണിക്കുന്നത്. എറണാകുളം സിബിഐ കോടതിയിലേയ്ക്ക് കേസ് മാറ്റണമെന്നാണ് സിബിഐയുടെ ആവശ്യം. ഹര്‍ജി സുപ്രീംകോടതി പിന്നീട് പരിഗണിക്കും.