എ കെ ജെ അയ്യർ|
Last Modified ഞായര്‍, 23 ജൂണ്‍ 2024 (10:58 IST)
കൊല്ലം: ഭക്ഷണത്തിനു അമിത നിരക്ക് ഈടാക്കിയ സംഭവത്തിൽ കൊല്ലം റയിൽവേ ക്യാന്റീൻ ഉടമയ്ക്ക് 22000 രൂപാ
പിഴ വിധിച്ചു. ക്യാന്റീനിൽ ഭക്ഷണ സാധനങ്ങൾക്ക് അമിത വില ഈടാക്കുന്നതായി പരാതി ഉയർന്ന സാഹചര്യത്തിൽ ദക്ഷിണ മേഖലാ ജോയിന്റ് കൺട്രോളർ സി.ഷാമോൻ നിർദ്ദേശം നൽകിയത് അനുസരിച്ചു നടത്തിയ പരിശോധനയിലാണ് സംഗതി സ്ഥിരീകരിച്ചത്.ഇദ്ദേഹത്തിന്റെ പരിശോധനയിൽ ചായയ്ക്ക് അമിത വില ഈടാക്കുന്നതായും ചായയുടെ അളവിൽ കുറവുള്ളതായും കണ്ടെത്തി.
150 മില്ലിലിറ്റർ ചായയ്ക്ക് ടീ ബാഗ് ഇല്ലാതെ 5 രൂപയും ടീബാഗോട് കൂടിയ ചായയ്ക്ക് 10 രൂപയുമാണ് ഐ.ആർ.സി.ടി.സി നിരക്ക്. എന്നാൽ പരിശോധന ഇല്ലാത്ത സമയങ്ങളിൽ ടീ ബാഗ് ഇല്ലാത്ത ചായയ്ക്കും പത്ത് രൂപാ ഈടാക്കിയതായും ചായയുടെ അളവിൽ കുറവുള്ളതായും കണ്ടെത്തി.
തുടർന്നാണ് ഐ.ആർ.സി.ടി.സി ക്യാന്റീൻ നടത്തിപ്പുകാരനായ ഇടനിലക്കാരൻ ലൈസന്സിക്ക് എതിരെ കേസ് ചാർജ്ജ് ചെയ്തത്. തുടർന്ന് കേസ് ഒഴിവാക്കാനായി രാജി ഫീസ് ഇനത്തിൽ 22000 രൂപാ അടയ്ക്കുകയായിരുന്നു. കൊല്ലം അസിസ്റ്റന്റ് കൺട്രോളർ കെ.ജി. സുരേഷ് കുമാർ, കൊട്ടാരക്കര ഇൻസ്‌പെക്ടർ എസ്.ആർ.അതുൽ, ഇൻസ്‌പെക്ഷൻ അസിസ്റ്റന്റ് ജെ.ഉണ്ണിപ്പിള്ള എന്നിവർ ഉൾപ്പെട്ട സംഘമാണ് പരിശോധന നടത്തി പിഴ ഈടാക്കിയത്.