അഭിറാം മനോഹർ|
Last Modified ശനി, 22 ഫെബ്രുവരി 2020 (15:50 IST)
ബിഷപ് ഫ്രാങ്കോ മുളക്കലിനെതിരെ വീണ്ടും ലൈംഗികാരോപണം ഉയർന്ന സാഹചര്യത്തിൽ ബിഷപിനെതിരെ കാനോൻ നിയമപ്രകാരമുള്ള നടപടികൾ സ്വീകരിക്കണമെന്ന് കുറവിലങ്ങാട്ടെ കന്യാസ്ത്രീകൾ. വിഷയത്തിൽ
സഭ പരാതിക്കാരിയായ കന്യാസ്ത്രീക്കൊപ്പം നിൽക്കണമെന്നും സഭയുടെ മൗനം കന്യാസ്ത്രീക്ക് നീതി നിഷേധിക്കുന്നതിന് തുല്യമാണെന്നും
കന്യാസ്ത്രീകൾ പറഞ്ഞു.
നിരവധി പരാതികൾ വന്നിട്ടും സഭ ബിഷപ്പ് ഫ്രാങ്കോയെ സസ്‌പെൻഡ് ചെയ്യുകയോ മാറ്റി നിർത്തുകയോ ചെയ്തിട്ടില്ലെന്ന് സിസ്റ്റർ അനുപമ മാധ്യമങ്ങളോട് പറഞ്ഞു.കൂടുതൽ പേരെ ബിഷപ് ലൈംഗികമായി ചൂഷണം ചെയ്‌തതിന്റെ തെളിവാണ് കന്യാസ്ത്രീയുടെ മൊഴിയെന്നും ബിഷപ് സ്വാധീനിച്ചത് കൊണ്ടാകാം അവർ പരാതിയുമായി മുന്നോട്ട് പോകാതിരുന്നതെന്നും അവർ പറഞ്ഞു.
ബിഷപിനെതിരെ ആദ്യ പരാതി നൽകി രണ്ട് വർഷം കഴിഞ്ഞും സഭ അധികാരികൾ മറുപടി നൽകിയിട്ടില്ല. ബിഷപിനെ സംരക്ഷിക്കാനാണ് സഭ ശ്രമിക്കുന്നതെന്നും സഭാ തലത്തിലുൾപ്പടെ ബിഷപ് ഫ്രാങ്കോയ്ക്കെതിരെ അന്വേഷണം വേണമെന്നും സിസ്റ്റർ അനുപമ പറഞ്ഞു.