കൊച്ചി|
സജിത്ത്|
Last Modified വ്യാഴം, 14 ജൂലൈ 2016 (18:51 IST)
കൊച്ചി ഉള്‍പ്പെടെയുള്ള മൂന്നു കോർപറേഷനുകളിൽ ഡീസല്‍ ഓട്ടോറിക്ഷകള്‍ക്ക‍് ഇനിമുതല്‍ പെർമിറ്റ് നല്‍കിയേക്കില്ല. ഡീസൽ ഓട്ടോറിക്ഷ മൂലമുള്ള മലിനീകരണത്തിന്റെ തോത് കൂടുതലായതിനാല്‍ പുതിയ ഡീസല്‍ ഓട്ടോകള്‍ക്ക് നഗരങ്ങളില്‍ പെര്‍മിറ്റ് നല്‍കേണ്ടെന്ന് മോട്ടോർ വാഹന വകുപ്പ് അധികൃതര്‍ സര്‍ക്കാരിനോട് ശുപാര്‍ശ ചെയ്തു.
തിരുവനന്തപുരം, കോഴിക്കോട്, കൊച്ചി നഗരങ്ങളില്‍ ഓട്ടോറിക്ഷകള്‍ക്കുള്ള സിറ്റി പെര്‍മിറ്റിന്റെ എണ്ണം 21 വര്‍ഷമായി വര്‍ധിപ്പിച്ചിട്ടില്ല. നിലവിലുള്ള ഡീസല്‍ ഓട്ടോറിക്ഷകള്‍ ഘട്ടംഘട്ടമായി എല്‍പിജി, സിഎന്‍ജി ഉപയോഗത്തിലേക്കു മാറ്റണമെന്നും ശുപാര്‍ശ ചെയ്തിട്ടുണ്ടെന്ന് ട്രാൻസ്പോർട്ട് കമ്മിഷണർ ടോമിൻ ജെ തച്ചങ്കരി അറിയിച്ചു.
എന്നാൽ കൊച്ചി ഉള്‍പ്പെടെ മൂന്നു കോര്‍പറേഷനുകളില്‍ കൂടുതല്‍ ഓട്ടോറിക്ഷകള്‍ക്കു പെര്‍മിറ്റ് അനുവദിക്കുന്നതു പരിഗണനയിലാണെന്നും ട്രാൻസ്പോർട്ട് കമ്മീഷണർ വ്യക്തമാക്കി. കൂടാതെ നഗരങ്ങളില്‍ അനധികൃത സര്‍വീസ് നടത്തുന്ന ഓട്ടോകളുടെ എണ്ണം വര്‍ധിച്ചുവരുകയാണ് നഗരപരിധിക്കു പുറത്തുനിന്നു വന്ന് സര്‍വീസ് നടത്തുന്ന ഓട്ടോകള്‍ പലപ്പോഴും ജനങ്ങള്‍ക്കു ബുദ്ധിമുട്ട് സൃഷ്ടിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
എല്ലാ നഗരങ്ങളിലും പെര്‍മിറ്റുള്ള ഓട്ടോറിക്ഷകളുടെ എണ്ണം വര്‍ധിപ്പിച്ച് പ്രത്യേക നിറവും നമ്പറും നല്‍കാനാണ് തീരുമാനം. തിരുവനന്തപുരം നഗരത്തില്‍ നടപ്പിലാക്കിയ പദ്ധതി വിജയം കണ്ട സാഹചര്യത്തിലാണ് കൊച്ചി, കോഴിക്കോട് എന്നിവിടങ്ങളിലേക്കു കൂടി ഈ പദ്ധതി വ്യാപിപ്പിക്കാന്‍ തീരുമാനമെടുത്തതെന്ന് കമ്മിഷണര്‍ അറിയിച്ചു.