അഭിറാം മനോഹർ|
Last Modified ചൊവ്വ, 25 മാര്‍ച്ച് 2025 (20:12 IST)
വാര്‍ഷിക പരീക്ഷ അവസാനിക്കുന്ന ദിവസം സ്‌കൂളുകളില്‍ സംഘര്‍ഷം ഉണ്ടാകുന്ന തരത്തില്‍ ആഘോഷപരിപാടികള്‍ പാടില്ലെന്ന് പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രിയുമായ വി ശിവന്‍കുട്ടി. ഇക്കാര്യത്തില്‍ അധ്യാപകരുടെ പ്രത്യേക ശ്രദ്ധ വേണം. സ്‌കൂള്‍ കൊമ്പൗണ്ടില്‍ വാഹനങ്ങളിലുള്ള പ്രകടനവും അനുവദിക്കരുത്. ആവശ്യമെങ്കില്‍ പോലീസിന്റെ സാന്നിധ്യം ഉറപ്പുവരുത്തണമെന്നും വിദ്യാഭ്യാസ ഓഫീസര്‍മാരുടെ മേഖലാ യോഗങ്ങളില്‍ വെച്ച് മന്ത്രി നിര്‍ദേശിച്ചു.
ലഹരി വിരുദ്ധ ബോധവല്‍ക്കരണ പ്രവര്‍ത്തനം,സമഗ്ര ഗുണമേന്മാ വിദ്യാഭ്യാസ പദ്ധതി, എട്ടാം ക്ലാസില്‍ മിനിമം മാര്‍ക്ക് നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍, അവധിക്കാല അധ്യാപക പരിശീലനം, പാഠപുസ്തക വിതരണ ഉദ്ഘാടനം തുടങ്ങിയവ ചര്‍ച്ച ചെയ്യാനാണ്
പൊതു വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഉത്തര മേഖല, ദക്ഷിണ മേഖല യോഗങ്ങള്‍ ഓണ്‍ലൈനില്‍ വിളിച്ചു ചേര്‍ത്തത്.ലഹരി ഉപയോഗത്തിന്റെ ദൂഷ്യഫലങ്ങളെക്കുറിച്ച് കുട്ടികളില്‍ അവഗാഹം ഉണ്ടാക്കേണ്ടതും കുട്ടികള്‍ക്ക് ലഹരി പദാര്‍ത്ഥങ്ങള്‍ ലഭിക്കുന്ന വഴികള്‍ തടയേണ്ടതും ഈ കാലഘട്ടത്തിലെ അടിയന്തരാവശ്യമായി മാറിയിട്ടുണ്ട്. ഈ വിഷയം ഗൗരവമായി കണക്കിലെടുത്ത് വിദ്യാഭ്യാസ വകുപ്പ് കൂടുതല്‍ പദ്ധതികള്‍ ആവിഷ്‌കരിച്ച് നടപ്പാക്കുമെന്ന് മന്ത്രി അറിയിച്ചു.
എട്ടാം ക്ലാസില്‍ സബ്ജക്ട് മിനിമം നടപ്പാക്കുന്നതിന് മൂല്യനിര്‍ണയ രീതിശാസ്ത്രം പരിഷ്‌കരിക്കാന്‍ മാര്‍ഗ്ഗരേഖ അംഗീകരിച്ച് ഉത്തരവായിട്ടുണ്ട്. സബ്ജക്ട് മിനിമം എട്ടാം ക്ലാസില്‍ നടപ്പാക്കുമ്പോള്‍ കുട്ടികളുടെ വിദ്യാഭ്യാസ ഗുണമേന്മ വര്‍ദ്ധിപ്പിക്കുന്നതിനും അടുത്ത ക്ലാസ്സിലേയ്ക്ക് പ്രമോഷന്‍ നല്‍കുന്നതിനും പിന്തുണാ സംവിധാനം അവധിക്കാലത്ത് നല്‍കും. പൊതു വിദ്യാഭ്യാസ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ 2025 - 26 വര്‍ഷത്തെ അവധിക്കാല അധ്യാപക സംഗമം പ്രീസ്‌കൂള്‍,എല്‍പി,യുപി,ഹൈസ്‌കൂള്‍, ഹയര്‍ സെക്കണ്ടറി വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി വിഭാഗത്തിലെ മുഴുവന്‍ അധ്യാപകര്‍ക്കും 2025 ഏപ്രില്‍, മെയ് മാസങ്ങളില്‍ വിവിധ ഘട്ടങ്ങളിലായി സംഘടിപ്പിക്കും. പൊതു പരീക്ഷകളുടെ കേന്ദ്രീകൃത മൂല്യനിര്‍ണയത്തില്‍ പങ്കെടുക്കുന്ന എച്ച് എസ്,എച്ച്എസ്എസ്, വിഎച്ച്എസ്എസ് വിഭാഗം അധ്യാപകര്‍ക്ക് അതിനനുസരിച്ചുള്ള ബാച്ചുകള്‍ ക്രമീകരിച്ച് പരിശീലനം
നല്‍കും.
2025 - 26 അധ്യയന വര്‍ഷത്തേക്കുള്ള പാഠപുസ്തക വിതരണ ഉദ്ഘാടനം ഏപ്രില്‍ രണ്ടാം വാരം മുഖ്യമന്ത്രി നിര്‍വഹിക്കും. അതിനു മുന്നോടിയായി പത്താം ക്ലാസിലെ പരിഷ്‌കരിച്ച പാഠപുസ്തകങ്ങള്‍ ഇന്ന് (മാര്‍ച്ച് 25) ഉച്ചയ്ക്ക് 12.30ന് ഒമ്പതാം ക്ലാസില്‍ പരീക്ഷ എഴുതുന്ന കുട്ടികള്‍ക്ക് നിയമസഭാ മന്ദിരത്തിലെ ചേoബറില്‍ വച്ച് മുഖ്യമന്ത്രി വിതരണം ചെയ്യും. ഇതാദ്യമായാണ് ഒമ്പതാം ക്ലാസിലെ പരീക്ഷ പൂര്‍ത്തിയാകുന്നതിന് മുമ്പ് പത്താം ക്ലാസിലെ പാഠപുസ്തകങ്ങള്‍ കുട്ടികള്‍ക്ക് വിതരണം ചെയ്യുന്നത് എന്നും മന്ത്രി ചൂണ്ടിക്കാട്ടി.
യോഗത്തില്‍ പൊതു വിദ്യാഭ്യാസ ഡയറക്ടര്‍ക്ക്
പുറമെ വിദ്യാഭ്യാസ ഉപഡയറക്ടര്‍മാര്‍, ഡയറ്റ് പ്രിന്‍സിപ്പല്‍മാര്‍, എല്ലാ ജില്ലാ- ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍മാര്‍, ഡി പി സി മാര്‍, കൈറ്റ് കോഡിനേറ്റര്‍മാര്‍, ജില്ലാ വിദ്യാകരണം കോഡിനേറ്റര്‍മാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.