തിരുവനന്തപുരം/പത്തനാപുരം|
jibin|
Last Updated:
തിങ്കള്‍, 25 ഏപ്രില്‍ 2016 (15:52 IST)
നിയമസഭ തെരഞ്ഞെടുപ്പില്‍ താരപ്രഭയില്‍ അണിഞ്ഞൊരുക്കി നില്‍ക്കുന്ന മണ്ഡലമാണ് പത്തനാപുരം. ശക്തമായ പോരാട്ടം നടക്കുന്ന മണ്ഡലത്തില്‍ കേരളാ കോണ്‍ഗ്രസ് (ബി) നേതാവ് കെബി ഗണേഷ് കുമാറും കോണ്‍ഗ്രസിന്റെ സ്ഥനാര്‍ഥി ജഗദീഷുമാണ് അങ്കത്തിനിറങ്ങുന്നത്. ഇരുവര്‍ക്കും പേടിസ്വപ്‌നമായി ബിജെപി സ്ഥനാര്‍ഥിയായി ഭീമന്‍ രഘു എത്തുന്നു എന്നതുമാണ് മണ്ഡലത്തെ വ്യത്യസ്ഥമാക്കുന്നത്.
പടലപ്പിണക്കങ്ങള്‍ പൊട്ടിത്തെറിയില്‍ എത്തിയതോടെയാണ് യുഡിഎഫില്‍ നിന്ന് കേരളാ കോണ്‍ഗ്രസ് (ബി) യാത്രപറഞ്ഞ് ഇടതുപാളയത്തില്‍ എത്തിയത്. കേരളാ കോണ്‍ഗ്രസിനെ (ബി) ഘടകക്ഷിയായി അംഗീകരിച്ചില്ലെങ്കിലും നിര്‍ണായകമായ വേളയില്‍ ബാലകൃഷ്‌ണ പിള്ളയേയും സംഘത്തിനെയും എല്‍ഡിഎഫ് കൂടെ കൂട്ടുകയും സീറ്റ് നല്‍കുകയുമായിരുന്നു. മണ്ഡലത്തില്‍ നിര്‍ണായക സ്ഥാനമുള്ള കേരളാ കോണ്‍ഗ്രസിന് ഇത്തവണ ഇടതിന്റെ പിന്തുണയും ലഭിക്കുന്നതോടെ കാര്യങ്ങള്‍ എളുപ്പമാകുമെന്നാണ് റിപ്പോര്‍ട്ട്. സ്വന്തം വോട്ടുകള്‍ ചിതറി പോകാതെ പെട്ടിയില്‍ വീണാല്‍ കാര്യങ്ങള്‍ അനുകൂലമാകും. അതിനൊപ്പം ഇടത് വോട്ടുകള്‍ കൂടി ചേരുന്നതോടെ മികച്ച വിജയം നേടാമെന്ന കണക്കു കൂട്ടലിലാണ് പിള്ളയും സംഘവും.
മന്ത്രിയെന്ന നിലയില്‍ ഗണേഷ് വിജയമായിരുന്നുവെന്ന് യുഡിഎഫ് ക്യാമ്പും വിശ്വസിക്കുകയും അടക്കം പറയുകയും ചെയ്യുന്നുണ്ട്. പ്രവര്‍ത്തന മികവിനൊപ്പം മുന്‍പരിചയവും ഗണേഷിനുള്ളത് വോട്ടുകള്‍ സമ്മാനിക്കുന്നതിന്
കാരണമാകും. അതേസമയം, കേരളാ കോണ്‍ഗ്രസ് (ബി) എല്‍ഡിഎഫില്‍ ചേര്‍ന്നതിനോട് അസംതൃപ്‌തി പ്രകടിപ്പിക്കുന്ന ഒരു വിഭാഗം പ്രവര്‍ത്തകരുമുള്ളത് തിരിച്ചടിയാകുമെന്ന് കരുതുന്നുണ്ട്. ഇവരുമായി സംസാരിച്ച് വോട്ട് മറിയാതിരിക്കാനുള്ള മുന്‍കരുതലുകള്‍ സ്വീകരിച്ചുവെന്നാണ് നേതൃത്വം വ്യക്തമാക്കുന്നത്. തെരഞ്ഞെടുപ്പ് പ്രചാരണത്തിലും പ്രവര്‍ത്തനത്തിലും ഗണേഷ് വളരെയധികം മുന്നോട്ടു പോയി. കുടുംബയോഗങ്ങളും മീറ്റിംഗുകളും നടക്കുകയും ചെയ്യുന്നുണ്ട്. എതിരാളികളെ സമ്മര്‍ദ്ദത്തിലാക്കുന്ന പ്രസംഗമാണ് അദ്ദേഹം നടത്തുന്നതെന്നതും സവിശേഷതയാണ്.
എതിര്‍പ്പുകളുടെ പരിഹാസങ്ങളുടെയും ഇടയില്‍ നിന്നാണ് ജഗദീഷ് പത്തനാപുരത്ത് കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായത്.
കോണ്‍ഗ്രസ് സാരഥിയായ അദ്ദേഹത്തിന് അപ്രതീക്ഷിതമായിട്ടാണ് സീറ്റ് ലഭിച്ചത്. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ അനുഗ്രഹത്തോടെ എതിര്‍പ്പുകള്‍ വകഞ്ഞുമാറ്റി മത്സരരംഗത്ത് ഇറങ്ങിയെങ്കിലും കനത്ത വെല്ലുവിളിയാണ് ജഗദീഷിനുള്ളത്. കോമാളിയെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയാക്കരുതെന്ന പ്രവര്‍ത്തകരുടെ പരിഹാസശരങ്ങളെ തടുത്തുമാറ്റിയെങ്കിലും ഇവരുടെ വോട്ടുകള്‍ തനിക്ക് സ്വന്തം പെട്ടിയില്‍ വീഴുന്നതിനും ശ്രമിക്കേണ്ടതുണ്ട്. രാഷ്‌ട്രീയ പശ്ചാത്തലമില്ലാത്തതും പ്രചാരണ രംഗത്തെ മികവില്ലായ്‌മയുമാണ് ജഗദീഷിന് വിനയാകുന്നത്.
രാഷ്‌ട്രീയം സംസാരിക്കാന്‍ അറിയില്ലെന്നും എതിരാളികളെ രാഷ്‌ട്രീയമായി നേരിടാന്‍ അറിയില്ലെന്നുമുള്ള ആരോപണങ്ങള്‍ ജഗദീഷ് ഇതിനകം കേട്ടുകഴിഞ്ഞു. ആള്‍ക്കൂട്ടത്തെ കൈയിലെടുക്കാനുള്ള കഴിവ് ഇല്ലാത്തത് തിരിച്ചടിയാകുമെന്നാണ് റിപ്പോര്‍ട്ട്. അനാവശ്യ കാര്യങ്ങള്‍ സംസാരിക്കുകയും നിലവിലെ സാഹചര്യങ്ങള്‍ മുതലെടുക്കാനും ജഗദീഷിന് കഴിയുന്നില്ലെന്ന ആക്ഷേപവും നിലനില്‍ക്കുന്നുണ്ട്.
അപ്രതീക്ഷിതമായിട്ടാണ് ബിജെപി സ്ഥാനാര്‍ഥിയായി ഭീമന്‍ രഘു അങ്കത്തട്ടിലെത്തിയത്. കൊല്ലം തുളസി സ്ഥാനര്‍ഥിയാകുമെന്ന പ്രചരണത്തിനിടെയാണ് ഭീമന്‍ രഘു കളത്തിലിറങ്ങിയത്. മണ്ഡലത്തിലെ ജയസാധ്യത ഉറപ്പിച്ചു പറയുന്ന ബിജെപി ലക്ഷ്യമാക്കുന്നത് ഇടത്- വലത് മുന്നണികളുടെ വോട്ടാണ്. യുവാക്കളുടെ വലിയ പിന്തുണ തങ്ങള്‍ക്കാണെന്നും ഭീമര്‍ രഘു അവകാശപ്പെടുന്നു. ഇളക്കിമറിയിക്കുന്ന പ്രചാരണം ഒന്നും നടത്തുന്നില്ലെങ്കിലും സിനിമ താരമെന്ന നിലയില്‍ ആളുകള്‍ക്കിടയിലേക്ക് ഇറങ്ങി ചെന്ന് വോട്ട് നേടാനാണ് പദ്ധതി.