തിരുവനന്തപുരം|
jibin|
Last Modified ശനി, 30 ഏപ്രില്‍ 2016 (14:12 IST)
ബിജെപിക്കെതിരെ ആഞ്ഞടിച്ച് മുതിർന്ന കോൺഗ്രസ് നേതാവും പ്രവർത്തക സമിതിയംഗവുമായ എകെ ആന്റണി. തെരഞ്ഞെടുപ്പില്‍ അമിതമായ ആത്മവിശ്വാസം വേണ്ട. സംസ്ഥാനത്ത് ബിജെപി അക്കൗണ്ട് തുറന്നാൽ മതസൗഹാർദം തകരും. മതനിരപേക്ഷത കണ്ണിലെ കൃഷ്മണിപോലെ സൂക്ഷിക്കേണ്ടതാണ്. രാജ്യത്ത് കോൺഗ്രസിനെ ദുർബലപ്പെടുത്താനാണ് ബിജെപിയും ആർഎസ്എസും ശ്രമിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.
കേരളത്തിന്‍റെ പ്രത്യേകതയായ മതസൗഹാർദം കാത്ത് സൂക്ഷിക്കേണ്ടതുണ്ട്. ഇതിന് കോട്ടം വരാൻ അനുവദിക്കരുത്. വർഗീയ ശക്തികളെ കോൺഗ്രസ് കൂട്ടുപിടിച്ചിട്ടില്ല. ദേശീയ തലത്തിൽ കോൺഗ്രസിന്റെ എതിരാളി ബിജെപിയാണ്. ബിജെപി സാന്നിധ്യമില്ലാത്ത അസംബ്ലിയാണ് കോണ്‍ഗ്രസ്
ലക്ഷ്യം. ബിജെപിയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ അപകടം പതിയിരിക്കുന്നു. പ്രധാനമന്ത്രിമാരും കേന്ദ്രമന്ത്രിമാരും ഒരുമിച്ച് എത്തുന്നത് അതിന്റെ സൂചനയാണെന്നും ആന്റണി പറഞ്ഞു.
വികസന രംഗത്ത് ഉമ്മൻചാണ്ടി സർക്കാർ വൻമുന്നേറ്റമാണ് നടത്തിയത്. മെഷീനിനും ട്രാക്ടറിനും കമ്പ്യൂട്ടറിനുമെതിരായ പ്രതിഷേധങ്ങളും സമരങ്ങളും നടത്തിയ എൽ.ഡി.എഫിന് കാൽ നൂറ്റാണ്ടിന് ശേഷമാണ് ബോധോദയം ഉണ്ടായത്. ഇന്ന് അവർ കമ്പ്യൂട്ടറിന്‍റെയും നവമാധ്യമങ്ങളുടെയും ആരാധകരായി തീര്‍ന്നിരിക്കുകയാണെന്നും ആന്റണി വ്യക്തമാക്കി.
സിപിഎമ്മിന്റെ ആരോപണം 10 വോട്ട് കൂടുതൽ നേടാനാണ്. സിപിഎമ്മിന്റെ വികസന നയം 25 വർഷം പിന്നിലാണ്. അഴിമതിയും ആരോപണവും രണ്ടാണ്. ആരോപണം ഉന്നയിക്കുന്നതിൽ സിപിഎം വിദഗ്ധരാണ്. നിലവിൽ എൽഡിഎഫും യുഡിഎഫും ഒപ്പത്തിനൊപ്പമെന്നും ആന്റണി പറഞ്ഞു.