സിആര്‍ രവിചന്ദ്രന്‍|
Last Modified വ്യാഴം, 21 സെപ്‌റ്റംബര്‍ 2023 (10:56 IST)
സംസ്ഥാനത്ത് നിപ വൈറസ് പരിശോധിക്കുന്നതിന് ട്രൂനാറ്റ് പരിശോധന നടത്താന്‍ ഐ.സി.എം.ആര്‍. അംഗീകാരം നല്‍കിയതതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ലെവല്‍ ടു ബയോസേഫ്റ്റി സംവിധാനമുള്ള ആശുപത്രികള്‍ക്കാണ് അംഗീകാരം നല്‍കുന്നത്. ഇതിനായി എസ്.ഒ.പി. തയ്യാറാക്കും. ഐ.സി.എം.ആറുമായി നടത്തിയ ആശയവിനിമയത്തെ തുടര്‍ന്നാണ് നടപടി. ഇതിലൂടെ കൂടുതല്‍ കേന്ദ്രങ്ങളില്‍ പരിശോധന നടത്താനും കാലതാമസമില്ലാതെ നിപ വൈറസ് ഉണ്ടോയെന്ന് കണ്ടെത്താനും പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്താനുമാകും. ട്രൂനാറ്റ് പരിശോധനയില്‍ നിപ വൈറസ് കണ്ടെത്തുന്ന സാമ്പിളുകള്‍ മാത്രം തിരുവനന്തപുരം തോന്നക്കല്‍, കോഴിക്കോട് വൈറോളജി ലാബുകളിലേക്ക് അയച്ചാല്‍ മതിയാകുമെന്നും മന്ത്രി വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി.
കഴിഞ്ഞ നാല് ദിവസങ്ങളിലായി പുതിയ പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. കോഴിക്കോട് ചികിത്സയിലുള്ള ഒമ്പത് വയസുകാരന്റെ ആരോഗ്യനില കൂടുതല്‍ മെച്ചപ്പെട്ടു. ഓക്‌സിജന്‍ സപ്പോര്‍ട്ടും മാറ്റിയിട്ടുണ്ട്. ചികിത്സയിലുള്ള മറ്റ് മൂന്ന് പേരുടേയും ആരോഗ്യനിലയും തൃപ്തികരമാണ്. സംസ്ഥാനത്ത് ഇതുവരെ 323 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്. അതില്‍ 317 എണ്ണം നെഗറ്റീവാണ്. ഇതുവരെ ആറ് പോസിറ്റീവ് കേസുകളാണുള്ളത്. ആദ്യ ഇന്‍ക്യുബേഷന്‍ പീരീഡ് പൂര്‍ത്തിയാക്കിയവരെ ഒഴിവാക്കിയ ശേഷം സമ്പര്‍ക്കപ്പട്ടികയിലുള്ള 980 പേരാണ് ഐസൊലേഷനിലുള്ളത്. 11 പേര്‍ മെഡിക്കല്‍ കോളേജിലെ ഐസോലഷനിലുണ്ട്.