ബി ഡി ജെ എസ് പ്രഖ്യാപിച്ച സ്ഥാനാർഥികളെ പിൻവലിച്ച് ഗൗരിയമ്മയുടെ ജെ എസ് എസിന് സീറ്റ് നൽകാം: വെള്ളാപ്പള്ളി നടേശന്‍

എൻ ഡി എയിൽ ചേർന്നാൽ കെ ആർ ഗൗരിയമ്മയുടെ ജെ എസ് എസിന് അരൂർ ഉൾപ്പെടെയുള്ള ചില മണ്ഡലങ്ങൾ വിട്ടുകൊടുക്കാൻ തയാറാണെന്നു ബി ഡി ജെ എസ് നേതാവ് വെള്ളാപ്പള്ളി നടേശൻ

ന്യൂഡൽഹി, വെള്ളാപ്പള്ളി നടേശന്‍, ഗൗരിയമ്മ, ബി ഡി ജെ എസ്, ജെ എസ് എസ് newdelhi, vellappalli natesan, gouri amma, BDJS, JSS
ന്യൂഡൽഹി| സജിത്ത്| Last Modified വ്യാഴം, 31 മാര്‍ച്ച് 2016 (08:17 IST)
എൻ ഡി എയിൽ ചേർന്നാൽ കെ ആർ ഗൗരിയമ്മയുടെ ജെ എസ് എസിന് അരൂർ ഉൾപ്പെടെയുള്ള ചില മണ്ഡലങ്ങൾ വിട്ടുകൊടുക്കാൻ തയാറാണെന്നു ബി ഡി ജെ എസ് നേതാവ് വെള്ളാപ്പള്ളി നടേശൻ. കൂടാതെ ബി ഡി ജെ എസ് ഇതിനകം പ്രഖ്യാപിച്ചു കഴിഞ്ഞ സ്ഥാനാർഥികളെ പിൻവലിച്ചും ഗൗരിയമ്മയുടെ പാർട്ടിക്കു സീറ്റു നൽകാൻ തയ്യാറാണെന്ന് വെള്ളാപ്പള്ളി നടേശൻ വ്യക്തമാക്കി.

സീറ്റ് അനുവധിക്കാത്തതിനാല്‍ സി പി എമ്മുമായി ഇടഞ്ഞു നിൽക്കുന്ന ഗൗരിയമ്മയെ എൻ ഡി എയുമായി സഹകരിപ്പിക്കുന്നതിനു ജെ എസ് എസ് രാജൻ ബാബു വിഭാഗവും ബി ഡി ജെ എസുമായിരിക്കും മുൻകയ്യെടുക്കുക. നിയമസഭാ തിരഞ്ഞെടുപ്പിലെ രാഷ്ട്രീയ നിലപാടു തീരുമാനിക്കാൻ ഏപ്രിൽ ഒൻപതിനു ജെ എസ് എസ് സംസ്ഥാന സമിതി ചേരുന്നതിനു മുൻപു തന്നെ ഗൗരിയമ്മയുമായി ധാരണയിലെത്താനുള്ള അണിയറ നീക്കങ്ങൾ ആരംഭിച്ചിട്ടുണ്ട്.

ജെ എസ് എസിന്റെ രാഷ്ട്രീയ അസ്തിത്വം നിരാകരിച്ചു സീറ്റു നിഷേധിച്ച അപമാനം പൊറുക്കുന്ന പ്രകൃതമല്ല ഗൗരിയമ്മയുടേത്. ഭരണത്തിലെത്തിയാൽ കോർപറേഷൻ, ബോർഡ് ചെയർമാൻ സ്ഥാനങ്ങളെന്ന വാഗ്ദാനത്തിലൂടെ ഗൗരിയമ്മയെ അനുനയിപ്പിക്കാൻ സി പി എമ്മിനു കഴിയില്ലെന്നും കരുതുന്നു. സി പി എം വഞ്ചിച്ചുവെന്നു തുറന്നടിച്ച ബി ജെ പി നേതൃത്വത്തിന്റെ ക്ഷണം തള്ളിക്കളഞ്ഞില്ലെന്നത് അനുകൂല സൂചനയായാണു ബി ഡി ജെ എസ് നിഗമനം.

ജെ എസ് എസിലെ മറ്റു നേതാക്കളുമായും ഗൗരിയമ്മയുമായും രാജൻ ബാബുവിനുള്ള ബന്ധം ഉപയോഗിച്ചു സഖ്യമോ ധാരണയോ ഉണ്ടാക്കാനാണു ബി ഡി ജെ എസ് ശ്രമിക്കുന്നത്. രാജൻ ബാബു മുഖേനയുള്ള നീക്കങ്ങളിൽ അനുകൂല സൂചനകൾ ലഭിച്ചാൽ വെള്ളാപ്പള്ളി ഉൾപ്പെടെയുള്ള ബി ഡി ജെ എസ് നേതാക്കൾ ഗൗരിയമ്മയെ സന്ദർശിച്ചു ചർച്ച നടത്താനും സാധ്യതയുണ്ട്.

സി പി എം അധികാരത്തിലെത്തിയാൽ വി എസ് അച്യുതാനന്ദനെ തഴയുമെന്നു തിരുവിതാംകൂർ മേഖലയിൽ പ്രചാരണം നടത്തി സി പി എമ്മിനെ പ്രതിരോധത്തിലാക്കാനും എൻ ഡി എയ്ക്കു പദ്ധതിയുണ്ട്. ഗൗരിയമ്മയെ പോലെ വി എസും സി പി എമ്മിനു കറിവേപ്പിലയാകുമെന്നുള്ള തരത്തിലാകും പ്രചാരണം നടത്തുക.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :