ന്യൂഡൽഹി|
സജിത്ത്|
Last Modified ബുധന്‍, 30 മാര്‍ച്ച് 2016 (08:15 IST)
തട്ടിക്കൊണ്ടുപോയ മലയാളി വൈദികൻ ഫാ
ടോം ഉഴുന്നാലിനെ മോചിപ്പിക്കാൻ വൻ തുക ആവശ്യപ്പെട്ട് ഐ എസ് ഭീകരർ. മോചനദ്രവ്യം ആവശ്യപ്പെട്ടുള്ള വീഡിയോ കേന്ദ്രസർക്കാരിന് ലഭിച്ചതായാണ് സൂചന. രണ്ടുപേരടങ്ങിയ വീഡിയോയിൽ ഫാ.ടോമാണ് തന്നെ രക്ഷിക്കണമെന്ന അഭ്യർഥന നടത്തുന്നത്. എന്നാൽ വീഡിയോയുടെ ആധികാരികത സംബന്ധിച്ച് വ്യക്തതയില്ല. ഫാ.ടോമിന്റെ മോചനത്തിനായി കേന്ദ്ര സർക്കാർ ശ്രമം തുടരുകയാണ്.
ദുഃഖവെള്ളിയാഴ്ച ഫാ. ടോമിനെ കുരിശിലേറ്റിയെന്ന അഭ്യൂഹം കഴിഞ്ഞ ദിവസം പ്രചരിച്ചിരുന്നു. വിയന്നയിലെ കർദിനാൾ ക്രിസ്റ്റോഫ് ഷോൺബോണിനെ ഉദ്ധരിച്ച് ചില ഓസ്ട്രിയൻ മാധ്യമങ്ങളാണ് വാർത്ത ആദ്യം പുറത്തു വിട്ടത്. എന്നാൽ ഈ വാർത്തകൾ അടിസ്ഥാന രഹിതമാണെന്ന് അബുദാബി രൂപതാ അധികൃതർ അറിയിച്ചിരുന്നു. കാത്തലിക് ബിഷപ് കൗൺസിൽ ഓഫ് ഇന്ത്യയും വിദേശകാര്യമന്ത്രാലയവും അഭ്യൂഹങ്ങൾ ശരിയല്ലെന്ന് വ്യക്തമാക്കിയിരുന്നു.
ഫാ. ടോമിനെ തട്ടിക്കൊണ്ടുപോയത് ഐ എസ് ആണെന്ന് ശനിയാഴ്ച വിദേശകാര്യമന്ത്രി സുഷമ സ്വരാജ് സ്ഥിരീകരിച്ചിരുന്നു. ഫാ. ടോമിന്റെ മോചനവുമായി ബന്ധപ്പെട്ട് കേന്ദ്രസർക്കാരിനെയും അബുദാബിയിലെ സഭാനേതൃത്വത്തെയും കുടുംബാംഗങ്ങൾ നിരന്തരം ബന്ധപ്പെടുന്നുണ്ട്. കേന്ദ്ര സർക്കാരും കത്തോലിക്കാ സഭാനേതൃത്വവും ഐ എസുമായി ചർച്ച നടത്തി വരികയാണെന്നു സൂചനയുണ്ട്. ഫാ. ടോമിനെ മോചിപ്പിക്കുന്നതിന് ഐഎസ് വൻ തുക ആവശ്യപ്പെട്ടതായി നേരത്തെതന്നെ സൂചനയുണ്ടായിരുന്നു.
സലേഷ്യൻ ഡോൺ ബോസ്കോ വൈദികനായ ടോം ഉഴുന്നാലിനെ ഈ മാസം നാലിന് ഏഡനിലുള്ള മിഷനറീസ് ഓഫ് ചാരിറ്റി സന്യാസിനീ സമൂഹത്തിന്റെ വൃദ്ധസദനത്തിൽനിന്നാണ് തട്ടിക്കൊണ്ടുപോയത്.