നെടുങ്കണ്ടം കസ്‌റ്റഡിക്കൊല: രാജ്‍കുമാറിനെ മർദ്ദിച്ച രണ്ട് പൊലീസുകാർ കൂടി അറസ്റ്റിൽ

  nedumkandam , custody death , police , police officers , രാജ്‌കുമാര്‍ , പൊലീസ് , നെടുങ്കണ്ടം , ക്രൈംബ്രാഞ്ച്
നെടുങ്കണ്ടം| Last Modified തിങ്കള്‍, 8 ജൂലൈ 2019 (19:46 IST)
രാജ്‌കുമാറിനെ കസ്റ്റഡി മരണക്കേസിൽ രണ്ട് പൊലീസുകാർ കൂടി അറസ്‌റ്റില്‍. നെടുങ്കണ്ടം സ്റ്റേഷനിലെ എഎസ്ഐ റെജിമോൻ, സിപിഒ നിയാസ് എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. എട്ട് മണിക്കൂർ നീണ്ട ചോദ്യം ചെയ്യലിനൊടുവിലാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. കസ്റ്റഡിയിൽ രാജ്‍കുമാറിനെ ക്രൂരമായി മർദ്ദിച്ചത് ഇവരുടെ നേതൃത്വത്തിലാണ്.

നിയാസ്, എഎസ്ഐ റെജിമോൻ എന്നിവർ നേരത്തെ ഒളിവിൽ പോയിരുന്നു. ഇന്നുരാവിലെയാണ് ഇരുവരും അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരായത്. തുടർന്നായിരുന്നു ചോദ്യം ചെയ്യൽ. രണ്ടു പേരും നിലവിൽ സസ്പെൻഷനിലാണ്. ഇതോടെ കേസിൽ അറസ്റ്റിലായ പ്രതികളുടെ എണ്ണം 4 ആയി.എസ്ഐ കെ.എ. സാബു, ഡ്രൈവർ സജീവ് ആന്റണി എന്നിവരാണു നേരത്തേ അറസ്റ്റിലായത്.

രാജ്കുമാറിനു നേരെ മൂന്നാം മുറ പ്രയോഗിച്ചത് എഎസ്ഐ റെജിമോനും ഡ്രൈവർ നിയസ്സുമാണെന്നാണ് ക്രൈംബ്രാഞ്ചിന്റെ കണ്ടെത്തൽ. നിയാസിന്റെ പങ്ക് വ്യക്തമാക്കുന്ന മൊഴിയാണ് അറസ്റ്റിലായ ഒന്നാം പ്രതി കെ.എ. സാബുവും, നാലാം പ്രതി സജീവ് ആന്റണിയും നൽകിയത്.

റെജിമോനെയും, നിയാസിനെയും അന്വേഷണ സംഘതലവൻ സാബു മാത്യുവിന്റെ നേതൃത്വത്തിൽ നെടുങ്കണ്ടം ക്യാംപ് ഓഫിസിൽ വിളിച്ചുവരുത്തി ചോദ്യം ചെയ്തിരുന്നു.

രാജ്‌കുമാർ അനധികൃത കസ്റ്റഡിയിൽ ഇരിക്കെ ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന പൊലീസുകാരുടെ മൊഴിയെടുത്തെങ്കിലും വൈരുധ്യം കണ്ടെത്തി. രണ്ടാംഘട്ട മൊഴിയെടുപ്പിലാണ് റെജിമോനും നിയാസിനും എതിരെ കൂടുതൽ തെളിവുകൾ ലഭിച്ചത്. നിലവിൽ ഏഴു പൊലീസുകാർ രാജ്കുമാറിനെ മർദിച്ചെന്നാണ് കണ്ടെത്തൽ.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :