നവരാത്രി ആഘോഷങ്ങള്‍ക്ക് തുടക്കമായി

തിരുവനന്തപുരം| Last Updated: ബുധന്‍, 14 ഒക്‌ടോബര്‍ 2015 (12:23 IST)
തലസ്ഥാന നഗരിയിലെ നവരാത്രി ആഘോഷങ്ങള്‍ക്ക് തുടക്കമായി. പത്മനാഭപുരത്തു നിന്ന് സരസ്വതീ ദേവിയും കുമാരകോവില്‍ കുമാരസ്വാമിയും മുന്നൂറ്റി നങ്കയും ചൊവ്വാഴ്ച വൈകിട്ട് ഭക്തിസാന്ദ്രമായ അന്തരീക്ഷത്തില്‍
പത്മനാഭസ്വാമി ക്ഷേത്രത്തിനു മുന്നില്‍ എത്തിയതോടെ നവരാത്രി വിഗ്രഹ ഘോഷയാത്രയ്ക്ക് പരിസമാപ്തിയായി. ഘോഷയാത്രയെ രാജപ്രതിനിധി അദിത്യവര്‍മ്മ കാണിക്കയിട്ടു സ്വീകരിച്ചു.

ചൊവ്വാഴ്ച രാവിലെ നെയ്യാറ്റിന്‍കര ശ്രീകൃഷ്ണസ്വാമി ക്ഷേത്ര സന്നിധിയില്‍ നിന്ന് പുനരാരംഭിച്ച ഘോഷയാത്ര ഉച്ചയോടെ
നഗരസഭാ അതിര്‍ത്തിയായ പ്രാവച്ചമ്പലത്തെത്തി. തഹസീല്‍ദാര്‍ എന്‍.രാജുവിന്‍റെ നേതൃത്വത്തിലുള്ള ഉദ്യോഗവൃന്ദം ഘോഷയാത്രയെ സ്വീകരിച്ച് തിരുവനന്തപുരത്തേക്ക് ആനയിച്ചു. കരമനയില്‍ മന്ത്രി വി.എസ്.ശിവകുമാറും സ്വീകരിക്കാന്‍ എത്തിയിരുന്നു. സിറ്റി പൊലീസ് കമ്മീഷണര്‍ വെങ്കിടേശിന്‍റെ നേതൃത്വത്തില്‍ ഘോഷയാത്രയ്ക്ക് ഗാര്‍ഡ് ഓഫ് ഓണര്‍ നല്‍കി.

സരസ്വതീ ദേവിയെ നവരാത്രിമണ്ഡപത്തിലും കുമാരസ്വാമിയെയേയും വെള്ളിക്കുതിരയേയും ആര്യശാല ദേവീ ക്ഷേത്രത്തിലും മുന്നൂറ്റിനങ്ക ദേവിയെ ചെന്തിട്ട ദേവീക്ഷേത്രത്തിലും കുടിയിരുത്തിയതോടെ നവരാത്രി ആഘോഷങ്ങള്‍ക്ക് തുടക്കമായി.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :