കേന്ദ്രസര്‍ക്കാര്‍ അനുമതി നല്‍കി; ദേശീയ സ്‌കൂള്‍ കായികമേള കോഴിക്കോട്‍, ജനവരി 25ന് തുടക്കം

ദേശീയ സ്‌കൂള്‍ കായികമേള , കോഴിക്കോട് , കേന്ദ്രസര്‍ക്കാര്‍
തിരുവനന്തപുരം| jibin| Last Modified ചൊവ്വ, 22 ഡിസം‌ബര്‍ 2015 (14:42 IST)
അനിശ്ചിതത്വങ്ങള്‍ക്കും ആശയക്കുഴപ്പങ്ങള്‍ക്കുമൊടുവില്‍ ദേശീയ സ്കൂള്‍ കായികമേള കേരളത്തില്‍ നടത്താന്‍ കേന്ദ്രസര്‍ക്കാര്‍ അനുമതി നല്‍കി. ജനവരി 25 മുതല്‍ 30 വരെയാണ് മത്സരങ്ങള്‍ നടക്കുക. കോഴിക്കോടായിരിക്കും വേദി. സ്കൂള്‍ മീറ്റ് ഈവര്‍ഷം എവിടെയും നടക്കില്ലെന്ന സ്ഥിതി വന്നതോടെയാണ് സംസ്ഥാന സര്‍ക്കാര്‍ ദേശീയ സ്കൂള്‍ മീറ്റ് നടത്താമെന്ന കാര്യം ചീഫ് സെക്രട്ടറി വഴി കേന്ദ്രത്തെ അറിയിച്ചത്.

ദേശീയ സ്‌കൂള്‍ കായികമേള നടത്താമെന്ന് ആദ്യം ഏറ്റത് മഹാരാഷ്ട്രയായിരുന്നു. എന്നാല്‍, ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും വെവ്വേറെ മത്സരം നടത്താമെന്ന ആശയം മുന്നോട്ടുവെച്ചതിനെ തുടര്‍ന്ന് ആരോപണം നേരിട്ട മഹാരാഷ്‌ട്ര പിന്നീട് ഗെയിംസ് നടത്തിപ്പില്‍ നിന്ന് പിന്മാറുകയായിരുന്നു. പിന്നീട് കേരളം ഗെയിംസ് ഏറ്റെടുക്കാമെന്ന് പറഞ്ഞെങ്കിലും എസ്എസ്എല്‍സി പരീക്ഷയും പിന്നാലെ തെരഞ്ഞെടുപ്പും വരുന്നതിനാല്‍ ഫിബ്രവരിയില്‍ കായികമേള നടത്താന്‍ കഴിയില്ല എന്ന് സര്‍ക്കാര്‍ നിലപാടെടുക്കുകയായിരുന്നു.

തുടര്‍ന്ന് കായികതാരങ്ങളില്‍ നിന്ന് സമ്മര്‍ദ്ദം ഏറിവന്നതിനെത്തുടര്‍ന്ന് ഫിബ്രവരിക്ക് മുമ്പാണെങ്കില്‍ ഗെയിംസ് നടത്താന്‍ തയാറാണെന്ന് കേന്ദ്രത്തെ അറിയിക്കാന്‍ കഴിഞ്ഞ ആഴ്ചത്തെ മന്ത്രിസഭാ യോഗം തീരുമാനമെടുത്തു. തുടര്‍ന്ന് ചീഫ് സെക്രട്ടറി കേന്ദ്രത്തിന് കത്ത് അയക്കുകയും ഫിബ്രവരിക്ക് മുമ്പായി ജനുവരിയില്‍ മത്സരങ്ങള്‍ നടത്താന്‍ അനുമതി നല്‍കുകയുമായിരുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :