തലഭിത്തിയില്‍ ഇടിപ്പിച്ചശേഷം വടികള്‍ കൊണ്ട് തല്ലിച്ചതച്ചു; വെള്ളത്തിനായി കരഞ്ഞപ്പോള്‍ നിലത്തിട്ടു ചവിട്ടി, മരണം ഉറപ്പാക്കുംവരെ അക്രമികള്‍ കാവല്‍ നിന്നു - മങ്കടയില്‍ നടന്നത് സദാചാര കൊലപാതകം

നസീറിനെ മര്‍ദ്ദിച്ച് അവശനാക്കിയ ശേഷം വഴയരികില്‍ കിടത്തി

  മങ്കടയിലെ കൊലപാതകം , സാദാചാര കൊല , നസീര്‍ , പൊലീസ് , അറസ്‌റ്റ് , യുവതി
മലപ്പുറം| jibin| Last Updated: ചൊവ്വ, 28 ജൂണ്‍ 2016 (20:50 IST)
മലപ്പുറം മങ്കടയിൽ നാട്ടുകാരുടെ മർദ്ദനമേറ്റ് മരിച്ച നസീറിന്റെ ജീവൻ നഷ്ടമാകുന്നതുവരെ അക്രമികൾ ഉപദ്രവം തുടര്‍ന്നിരുന്നുവെന്ന് പൊലീസ്. ഒറ്റയ്‌ക്ക് താസിക്കുകയായിരുന്ന സ്‌ത്രീയുടെ വീട്ടില്‍ സംശയാസ്പദമായ സാഹചര്യത്തില്‍ കണ്ടെന്നാരോപിച്ച് മങ്കട കൂട്ടില്‍ കുന്നശ്ശേരി നസീറിനെ സാദാചാര ഗുണ്ടകകള്‍ മര്‍ദ്ദിച്ചു കൊല്ലുകയായിരുന്നുവെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്.

ഇന്നു പുലര്‍ച്ചെ രണ്ടരയോടെ സസീറിന്റെ വീടിന് ഒരു കിലോമീറ്റര്‍ അകലെയുള്ള കുട്ടിഹസന്‍ എന്നയാളുടെ വീട്ടില്‍വച്ചായിരുന്നു കൊലപാതകം നടന്നത്. കുട്ടിഹസന്‍ ഗള്‍ഫിലായിരുന്നതിനാല്‍ ഇയാളുടെ ഭാര്യ മാത്രമെ വീട്ടില്‍ ഉണ്ടായിരുന്നുള്ളൂ. പുലര്‍ച്ചെ ഈ വീട്ടില്‍ നസീര്‍ എത്തിയതറിഞ്ഞ് സമീപവാസികളായ ഏഴോളം പേര്‍ ഇവിടെയെത്തുകയും വാതില്‍ തുറക്കാന്‍ ആവശ്യപ്പെടുകയുമായിരുന്നു.

വാതില്‍ തുറക്കാന്‍ നസീര്‍ മടി കാണിച്ചതോടെ ഏഴംഗസംഘം വാതില്‍ ചവിട്ടിപ്പൊളിച്ച് അകത്തു കയറുകയായിരുന്നു. തുടര്‍ന്ന് വടികൊണ്ടും മറ്റും നസീറിനെ സംഘം മര്‍ദ്ദിച്ചു. ഭിത്തിയില്‍ തലയിടിപ്പിച്ചും വടികള്‍ കൊണ്ടുള്ള ആക്രമണത്തിലും നസീര്‍ അവശനായി. മുറിയിലെ ഭിത്തിയിലും തറയിലും രക്‍തം വീണതോടെ വീടിനു പുറത്തേക്ക് വലിച്ചിഴച്ചു കൊണ്ടു പോയി മര്‍ദ്ദനം തുടര്‍ന്നു.

നസീറിനെ മര്‍ദ്ദിക്കുന്നതായി വിവരം ലഭിച്ചതിനേത്തുടര്‍ന്ന് സഹോദരന്‍ നവാസും സുഹൃത്തുക്കളും സംഭവസ്ഥലത്ത് എത്തിയെങ്കിലും അക്രമികള്‍ അവരെ അടുപ്പിച്ചില്ല. നിലത്തു വീണു കിടന്ന നസീറിനെ ചവിട്ടിയും വടികള്‍ കൊണ്ട് അടിച്ചും മര്‍ദ്ദനം തുടരുകയും ചെയ്‌തുവെന്ന് നവാസ് പറഞ്ഞു. സംഭവസ്ഥലത്ത് എത്തുമ്പോള്‍ ഏതാനും ആളുകൾ വലിയ വടികളുമായി പുറത്തേക്ക് വരുന്നത് കണ്ടു. ഞങ്ങള്‍ എത്തുമ്പോള്‍ നസീറിന് ബോധമുണ്ടായിരുന്നു. എന്തോ പറയാൻ ശ്രമിച്ചു. എന്നാൽ എന്താണെന്ന് വ്യക്തമായില്ല.

വിഷയം എന്താണെങ്കിലും രാവിലെ സംസാരിക്കാമെന്നും ഇപ്പോൾ സഹോദരനെ ആശുപത്രിൽ കൊണ്ടു പോകട്ടെയെന്നും
അവരോട് ചോദിച്ചുവെങ്കിലും അനുവദിച്ചില്ല. പൊലീസിനെയും പെൺകുട്ടിയുടെ ബന്ധുക്കളെയും വിളിച്ചിട്ടുണ്ടെന്നും അവർ വരട്ടെയെന്നുമാണ് അപ്പോള്‍ അവര്‍ പറഞ്ഞതെന്നും നവാസ് വ്യക്തമാക്കി.

മര്‍ദ്ദനമേറ്റ സഹോദരന്‍ വെള്ളം ചോദിച്ചപ്പോൾ ആക്രമികളുടെ സംഘത്തിലുണ്ടായിരുന്ന സുഹൈൽ എന്ന വ്യക്തി നൽകാൻ അനുവദിച്ചില്ല. പിന്നീട് അവിടെ കൂടിനിന്നവർ തന്നെ നസീറിനെ ആശുപത്രിയിൽ കൊണ്ടുപോകാൻ പറയുകയായിരുന്നു. ഇത് നസീർ മരിച്ചുവെന്ന് ഉറപ്പായതിന് ശേഷമായിരുന്നുവെന്നും നവാസ് പറഞ്ഞു.

നസീറിനെ മര്‍ദ്ദിച്ച് അവശനാക്കിയ ശേഷം വഴയരികില്‍ കിടത്തിയെന്നും ആശുപത്രിയില്‍ കൊണ്ടു പോകാന്‍ അക്രമികള്‍ സമ്മതിച്ചില്ലെന്നും സമീപവാസികളും വ്യക്തമാക്കി. അതേസമയം, സംഭവത്തില്‍ നിരവധി പേര്‍ നിരീക്ഷണത്തിലാണെന്നും അഞ്ചോളം പേരെ കസ്‌റ്റഡിയില്‍ എടുത്തതായും പൊലീസ് വ്യക്തമാക്കി.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :