നിര്‍ണായകമാകും; മേമന്റെ ഹര്‍ജി ഇന്ന് പരിഗണിക്കും

മുംബൈ സ്ഫോടനക്കേസ് , യാക്കൂബ് മേമന്‍ , ടാഡ കോടതി , സുപ്രീംകോടതി
ന്യൂഡല്‍ഹി| jibin| Last Modified തിങ്കള്‍, 27 ജൂലൈ 2015 (09:33 IST)
മുംബൈ സ്ഫോടനക്കേസില്‍ വധശിക്ഷക്കു വിധിക്കപ്പെട്ട യാക്കൂബ് മേമന്റെ ശിക്ഷ നടപ്പാക്കുന്നതിനെതിരേ സമര്‍പ്പിച്ച ഹര്‍ജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും. തന്റെ തിരുത്തല്‍ ഹര്‍ജി സുപ്രീംകോടതിയുടെ പരിഗണനയിലിരിക്കെ ടാഡ കോടതി മരണവാറണ്ട് പുറപ്പെടുവിച്ചതു നീതിക്കു നിരക്കാത്തതാണെന്നു ചൂണ്ടിക്കാട്ടിയാണു മേമന്‍ പുതിയ ഹര്‍ജി നല്‍കിയിരിക്കുന്നത്. ഇതിനു പുറമേ മഹാരാഷ്ട്ര ഗവര്‍ണര്‍ക്കു പുതിയ ദയാഹര്‍ജിയും മേമന്‍ സമര്‍പ്പിച്ചിട്ടുണ്ട്.

സുപ്രീംകോടതി മാര്‍ഗ്ഗ നിര്‍ദേശപ്രകാരം വധശിക്ഷ നടപ്പിലാക്കാനുള്ള നിര്‍ദേശം ലഭിച്ച് 14 ദിവസത്തിന് ശേഷമെ ശിക്ഷ നടപ്പിലാക്കാനാവു. കഴിഞ്ഞ ആഴ്‌ചയാണ് മേമന്റെ വധശിക്ഷ റദ്ദാക്കണമെന്നാവശ്യപ്പെട്ട തിരുത്തല്‍ ഹര്‍ജി തള്ളിയത്. സ്വാഭാവികമായും വിധി വന്ന് ഒമ്പതാം നാള്‍ വധശിക്ഷ നടപ്പാക്കുന്നത് സുപ്രീംകോടതിയുടെ വധശിക്ഷ മാര്‍ഗ നിര്‍ദേശത്തിന് എതിരാണെന്നും ഹര്‍ജിയില്‍ പറയുന്നു.

കൂടാതെ മഹാരാഷ്‌ട്ര ഗവര്‍ണര്‍ക്ക് മേമന്‍ നല്‍കിയ ദയാഹര്‍ജിയിലും തീരുമാനമായിട്ടില്ല. സുപ്രീംകോടതിയുടെ പരിഗണനയിലുള്ള കേസില്‍ പ്രത്യേക ടാഡ കോടതിയും മഹാരാഷ്‌ട്ര സര്‍ക്കാരും വേഗത്തില്‍ തീരുമാനമെടുത്തത് അംഗിക്കാനാവില്ലെന്നും ഹര്‍ജിയില്‍ പറയുന്നുണ്ട്.

കഴിഞ്ഞ വര്‍ഷമാണ് മേമന്റെ ദയാഹര്‍ജി രാഷ്ട്രപതി പ്രണാബ് മുഖര്‍ജിയും തള്ളിയിത്. 53 വയസുകാരനായ യാക്കൂബ് അബ്ദുള്‍ റസാഖ് മേമനെ 2007-ലാണ് മുംബൈ റ്റാഡ കോടതി വധശിക്ഷയ്ക്ക് വിധിക്കുന്നത്. 1993-ലെ മുംബൈ സ്ഫോടന പരമ്പരയില്‍ 257 പേര്‍ മരിക്കുകയും 700 ഓളം പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. നഗരത്തിലെ 13 സ്ഥലങ്ങളിലാണ് സ്ഫോടനമുണ്ടായത്.

ബോളിവുഡ് താരം സഞ്ജയ് ദത്തും കേസിൽ പ്രതിയായിരുന്നു. യാക്കൂബ് മേമനു പുറമെ, ടാഡാ കോടതി വധശിക്ഷയ്ക്കു വിധിച്ച മറ്റു 10 പേരുടെ ശിക്ഷ സുപ്രീംകോടതി 2013ൽ ജീവപര്യന്തമാക്കിയിരുന്നു. സഞ്ജയ് ദത്തിന്റെ ആറു വർഷം തടവുശിക്ഷ അഞ്ചു വർഷമാക്കി കുറച്ചു. ഒളിവില്‍ കഴിയുന്ന മുഖ്യപ്രതി ടൈഗര്‍ മെമന്റെ സഹോദരനായ യാക്കൂബ് മെമന്റെ അപ്പീല്‍ ബോംബെ ഹൈക്കോടതിയും സുപ്രീംകോടതിയും തള്ളിയിരുന്നു. ദയാഹര്‍ജി രാഷ്ട്രപതിയും തള്ളി.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :