പ്രതിഷേധം കനക്കുന്നു; എം.സി.ജോസഫൈനെ വനിത കമ്മിഷന്‍ അധ്യക്ഷ സ്ഥാനത്തുനിന്ന് മാറ്റും

രേണുക വേണു| Last Modified വ്യാഴം, 24 ജൂണ്‍ 2021 (11:39 IST)

വനിത കമ്മിഷന്‍ അധ്യക്ഷ സ്ഥാനത്തുനിന്ന് എം.സി.ജോസഫൈനെ നീക്കും. ഭര്‍തൃപീഡനം പരാതിപ്പെട്ട യുവതിയോട് മോശമായി സംസാരിച്ച വിഷയത്തില്‍ ജോസഫൈനെതിരെ പ്രതിഷേധം ശക്തമായ സാഹചര്യത്തിലാണ് വനിത കമ്മിഷന്‍ അധ്യക്ഷ സ്ഥാനത്തുനിന്ന് നീക്കാന്‍ സര്‍ക്കാര്‍ ആലോചിക്കുന്നത്. എല്‍ഡിഎഫിലെ ഘടകകക്ഷികള്‍ക്ക് ജോസഫൈന്‍ തല്‍സ്ഥാനത്ത് തുടരുന്നതില്‍ അതൃപ്തിയുണ്ട്. സോഷ്യല്‍ മീഡിയയിലും ജോസഫൈനെതിരെ രൂക്ഷ വിമര്‍ശനമുയര്‍ന്നിട്ടുണ്ട്.

'സ്ത്രീധനപീഡനം: വനിത കമ്മിഷനോട് സഹായം തേടാം' എന്ന പരിപാടിയിലേക്ക് വിളിച്ച യുവതിയോടാണ് ജോസഫൈന്‍ പുച്ഛഭാവത്തോടെ സംസാരിച്ചത്. ഭര്‍ത്താവും ഭര്‍ത്താവിന്റെ വീട്ടുകാരം സ്ത്രീധനവുമായി ബന്ധപ്പെട്ട് തന്നെ പീഡിപ്പിക്കുന്ന വിവരം പങ്കുവച്ച യുവതിയോട് എന്തുകൊണ്ട് ഇതുവരെ പൊലീസില്‍ ഇക്കാര്യം അറിയിച്ചില്ലെന്ന് ജോസഫൈന്‍ ചോദിക്കുന്നുണ്ട്.

2014ലാണ് വിവാഹം കഴിഞ്ഞതെന്നും ഭര്‍ത്താവ് നിരന്തരം ഉപദ്രവിക്കുന്നതായും കൊച്ചിയില്‍ നിന്ന് ചാനലിലേക്ക് ഫോണ്‍ ചെയ്ത യുവതി പരാതി പറയുന്നു. കുട്ടികളില്ലെന്നും ഭര്‍ത്താവും അമ്മായിയമ്മയും ഉപദ്രവിക്കുന്നുവെന്ന് പറഞ്ഞപ്പോള്‍ എന്ത് കൊണ്ട് പൊലീസില്‍ പരാതിപ്പെട്ടില്ലെന്ന് എം.സി.ജോസഫൈന്‍ ചോദിക്കുകയായിരുന്നു. ആരെയും അറിയിച്ചില്ലെന്ന് പരാതിക്കാരി പറഞ്ഞപ്പോള്‍ 'എന്നാല്‍..പിന്നെ അനുഭവിച്ചോ' എന്നാണ് ജോസഫൈന്‍ മറുപടി നല്‍കിയത്. പരാതി പറയാന്‍ വിളിക്കുന്നവരോട് അല്‍പ്പം കൂടി മര്യാദയിലും സമാധാനത്തോടെയും സംസാരിച്ചുകൂടെ എന്നാണ് വിമര്‍ശനം. അതിനുശേഷം നല്ല അഭിഭാഷകന്‍ മുഖേനയും കുടുംബ കോടതി വഴിയും നിയമപരമായി നേരിടാന്‍ ഈ യുവതിക്ക് ജോസഫൈന്‍ നിര്‍ദേശം നല്‍കുന്നുണ്ട്.



എണ്‍പത്തൊമ്പത് വയസ്സുള്ള കിടപ്പ് രോഗിയുടെ പരാതി കേള്‍ക്കണമെങ്കില്‍ നേരിട്ട് ഹാജരാകണമെന്ന് ആവശ്യപ്പെട്ട ജോസഫൈനെതിരെ മുന്‍പ് രൂക്ഷ വിമര്‍ശനം ഉയര്‍ന്നിരുന്നു.





ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :