തിരുവനന്തപുരം|
vishnu|
Last Updated:
ബുധന്‍, 27 നവംബര്‍ 2019 (17:23 IST)
സംസ്ഥാനത്ത്
ഒരേദിവസം തന്നെ നിരവധി മാവോയിസ്റ്റ് ആക്രണങ്ങള്‍ നടന്നതിനു പിന്നാലെ വടക്കന്‍ ജില്ലകളില്‍ വീണ്ടും ആക്രമണം നടത്താന്‍ മാവോയിസ്റ്റുകള്‍ നീക്കം നടത്തുന്നതായി ഇന്റലിജന്‍സ് റിപ്പോര്‍ട്ട്. മാവോവാദികളില്‍ നിന്നോ അവരെ പിന്തുണയ്ക്കുന്ന സംഘങ്ങളില്‍ നിന്നോ കണ്ണൂര്‍, വയനാട്, കാസര്‍കോട്, പാലക്കാട് ജില്ലകളില്‍ ഒറ്റപ്പെട്ട ആക്രമണം ഇനിയും ഉണ്ടായേക്കാമെന്നാണ് ഇന്റലിജന്റ്‌സ് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.
സമീപകാലത്തായി വനംവകുപ്പ് ഓഫീസുകള്‍ ഉള്‍െപ്പടെയുള്ള സ്ഥലങ്ങളിലാണ് മാവോവാദി ആക്രമണങ്ങള്‍ നടന്നതെങ്കിലും വനംവകുപ്പും പോലീസും ഏകോപിച്ചുള്ള പ്രവര്‍ത്തനം നടക്കാത്തത് തിരിച്ചടിയാകുന്നുണ്ട്. ഇത് മുതലെടുത്താണ് മാവോയിസ്റ്റുകള്‍ ആദിവാസി ഊരുകളില്‍ നിരന്തരം വന്നുപോകുന്നത്. പലപ്പോഴും ആദിവാസി ഊരുകളില്‍ നിന്നും മറ്റും വിവരങ്ങള്‍ ശേഖരിക്കാന്‍ ഇന്റലിജന്റ്‌സിന് കഴിയാറുമില്ല.
ഇതോടെ മാവോവാദി വിരുദ്ധ പ്രവര്‍ത്തനം കൂടുതല്‍ ശക്തമാക്കാനും ഇതിനായി വനപാലകരുടെ സഹായത്തൊടു കൂടി മാവോയിസ്റ്റ് വേട്ട ആരംഭിക്കാനും കേരളം തീരുമാനിച്ചിട്ടുണ്ട്. ഡിവിഷണല്‍ ഫോറസ്റ്റ് ഓഫീസര്‍മാരുടെയും പോലീസ് സൂപ്രണ്ടുമാരുടെയും യോഗവും വരുംദിവസങ്ങളില്‍ ചേരാന്‍ തീരുമാനിച്ചിട്ടുണ്ട്. വനപാലകര്‍ക്ക് കൂടുതല്‍ ആയുധം നല്‍കുന്നത് സംബന്ധിച്ചും ഏകദേശ ധാരണയായിട്ടുണ്ട്. അതേ സമയം കേന്ദ്ര സേനയെ സംസ്ഥാനത്ത് വിന്യസിക്കേണ്ട സാഹചര്യമില്ലെന്നാണ് ആഭ്യന്തര വ്കുപ്പ് വിലയിരുത്തുന്നത്.