മാവോയിസ്റ്റുകളെ നേരിടാന്‍ സ്ജ്ജമെന്ന് ചെന്നിത്തല

തിരുവനന്തപുരം| VISHNU.NL| Last Modified തിങ്കള്‍, 8 ഡിസം‌ബര്‍ 2014 (12:32 IST)
മാവോയിസ്റ്റുകളെ നേരിടാന്‍ കേരള പൊലീസ് സുസജ്ജമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. മാവോയിസ്റ്റുകള്‍ക്ക് എതിരായ നടപടി സുരക്ഷാകാരണങ്ങളാല്‍ വിശദീകരിക്കാന്‍ കഴിയില്ലെന്നും തമിഴ്നാട്, കര്‍ണാടക ആഭ്യന്തരമന്ത്രിമാരുമായി ചര്‍ച്ച നടത്തുമെന്നും രമേശ് നിയമസഭയില്‍ പറഞ്ഞു.

പ്രതിപക്ഷം ഉന്നയിച്ച വയനാട് വെള്ളമുണ്ട ചപ്പ കോളനിയില്‍ മാവോയിസ്റ്റുകളും തണ്ടര്‍ബോള്‍ട്ടും ഏറ്റുമുട്ടിയ സംഭവത്തില്‍ മാവോയിസ്റ്റുകള്‍ രക്ഷപ്പെടാനുള്ള പഴുതുകള്‍ അടച്ച് അന്വേഷണം തുടങ്ങിയതായും മന്ത്രി പറഞ്ഞു.

വി എച്ച് പി നേതാവ് പ്രവീണ്‍ തൊഗാഡിയയ്‌ക്കെതിരായ കേസ് പിന്‍വലിച്ച വിഷയം ഉന്നയിച്ച് നിയമസഭയില്‍ പ്രതിപക്ഷം ബഹളം വച്ചു. വര്‍ഗീയവാദികള്‍ക്ക് അഴിഞ്ഞാടാന്‍ സംസ്ഥാന സര്‍ക്കാര്‍ അവസരം ഒരുക്കുന്നുവെന്ന് പ്രതിപക്ഷം ആരോപിച്ചു. കോഴിക്കോട് നടന്ന ചുംബന സമരം അടക്കമുള്ളവ ചൂണ്ടിക്കാട്ടി വി എസ് സുനില്‍കുമാര്‍ എം എല്‍ എയാണ് വിഷയം സഭയില്‍ ഉന്നയിച്ചത്.

തൊഗാഡിയയ്‌ക്കെതിരായ കേസ് സര്‍ക്കാര്‍ പിന്‍വലിച്ചിട്ടില്ലെന്നും കുറ്റപത്രം വൈകിയതിനാല്‍ കോടതിയാണ് കേസില്‍ തീര്‍പ്പുകല്‍പ്പിച്ചതെന്നും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി സഭയെ അറിയിച്ചു. അതിനിടെ, തൊഗാഡിയയ്‌ക്കെതിരായ കേസ് പിന്‍വലിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കിയിട്ടുണ്ടെന്ന് പ്രതിപക്ഷ ഉപനേതാവ് കോടിയേരി ബാലകൃഷ്ണന്‍ ചൂണ്ടിക്കാട്ടി. ഇടതുസര്‍ക്കാരിന്റെ കാലത്തും കുറ്റപത്രം സമര്‍പ്പിക്കാന്‍ തയ്യാറായിട്ടില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. തുടര്‍ന്നാണ് പ്രതിപക്ഷം ബഹളമുണ്ടാക്കിയത്.



മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും പിന്തുടരുക.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :