വയനാട്ടില്‍ മാവോയിസ്റ്റുകളും പൊലീസും തമ്മില്‍ വെടിവയ്പ്പ്

വെള്ളമുണ്ട| VISHNU.NL| Last Modified തിങ്കള്‍, 8 ഡിസം‌ബര്‍ 2014 (08:12 IST)
വയനാട്ടില്‍ മാവോവാദികളും ദൗത്യസേന തണ്ടര്‍ബോള്‍ട്ടുംതമ്മില്‍ വെടിവെപ്പ്. കോഴിക്കോട്-വയനാട് അതിര്‍ത്തിയിലുള്ള തൊണ്ടര്‍നാട് പഞ്ചായത്തിലെ ചപ്പ കോളനിക്ക് സമീപത്താണ് ഞായറാഴ്ച വൈകിട്ട് അഞ്ചോടെ വെടിവെപ്പുണ്ടായത്. മാവോയിസ്റ്റുകള്‍ക്കായി ഇന്നലെ തിരച്ചില്‍ നടന്നു എങ്കിലും ആരേയും കണ്ടെത്താന്‍ കഴിഞ്ഞില്ല. ഇന്ന് തിരച്ചില്‍ ആരംഭിച്ചു കഴിഞ്ഞു.

സേനാംഗങ്ങള്‍ക്ക് ആര്‍ക്കും പരിക്കേറ്റിട്ടില്ല എന്നാണ് വിവരം എന്നല്‍ തണ്ടര്‍ബോള്‍ട്ട് സേന വനത്തിനുള്ളില്‍ നിന്ന് പുറത്ത് വന്നിട്ടില്ല. ശക്തമായ തിരച്ചിലാണ് നടത്തുന്നതെന്നാണ് വിവരം. തണ്ടര്‍ബോള്‍ട്ടിന്റെ രഹസ്യ സന്ദര്‍ശനത്തിനിടെയാണ് സംഭവം. ഇവരെ കണ്ടതോടെ മാവോവാദികള്‍ മൂന്നുതവണ വെടിയുതിര്‍ത്തു. ദൗത്യസേന പത്തിലധികം തവണ തിരിച്ചുവെടിവെച്ചു. വെടിവെപ്പ് ശക്തമായതോടെ മാവോവാദികള്‍ ഉള്‍ക്കാട്ടിലേക്ക് പിന്‍വലിഞ്ഞു.

പോലീസിന് ഇവരെ പിന്തുടരാനായില്ല. വൈകിട്ടോടെ മഞ്ഞുവീഴുന്ന ഈ വനമേഖലയില്‍ ഉള്ളിലേക്ക് പരിശോധന നടത്താന്‍ സാഹചര്യങ്ങള്‍ അനുകൂലമായിരുന്നില്ല. കേരളത്തിലെ മാവോയിസ്റ്റ് പ്രവര്‍ത്തനം നിര്‍ണ്ണയായക ഘട്ടത്തിലാണ് എന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. സായുധ ആക്രമണങ്ങള്‍ക്ക് ഇവര്‍ തയ്യാറെടുപ്പുകള്‍ നടത്തുന്നതായി ഇന്റലിജന്‍സ് റിപ്പോര്‍ട്ടുമുണ്ടായിരുന്നു.

സംഭവത്തോടെ പ്രദേശം സേനയുടെ നിയന്ത്രണത്തിലായി. കുഞ്ഞോത്ത് രാത്രി പട്രോളിങ് നടത്തുകയായിരുന്ന പോലീസ് സേനയ്ക്കു നേരേയും മുമ്പ് മാവോവാദികള്‍ വെടിയുതിര്‍ത്തിരുന്നു എന്ന റിപ്പോര്‍ട്ടുകളുമുണ്ട്. എന്നാല്‍ ഇത് സ്ഥിരീകരിച്ചിട്ടില്ല. മാസങ്ങള്‍ക്കുമുമ്പ് മാവോവാദികള്‍ വീട് ആക്രമിച്ച് പോസ്റ്റര്‍പതിച്ച മാനന്തവാടി പോലീസ് സ്റ്റേഷനിലെ സിവില്‍പോലീസ് ഓഫീസര്‍ മട്ടിലയത്തെ പ്രമോദിന്റെ വീടിനടുത്താണ് ഈ വനമേഖല. ഇരു ജില്ലകള്‍ക്കും അതിരിടുന്ന വനമേഖലയില്‍ തിരച്ചില്‍ നടത്തുകയെന്നത് ദുഷ്‌കരമായതിനാല്‍ മാവോവാദികള്‍ തമ്പടിക്കാന്‍ ഇവിടം തിരഞ്ഞെടുത്തതായും ദൗത്യസേന പറയുന്നു.

വയനാട്ടില്‍ പോലീസും മാവോയിസ്റ്റുകളും തമ്മിലുണ്ടായ ഏറ്റുമുട്ടലിന്റെ പശ്ചാത്തലത്തില്‍ മന്ത്രി രമേശ് ചെന്നിത്തല ഉന്നതപോലീസുദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തി.രാത്രി പത്തോടെ മന്ത്രിയുടെ ചേംബറിലായിരുന്നു ചര്‍ച്ച. ആഭ്യന്തര സെക്രട്ടറി നളിനി നെറ്റോ, ഡി.ജി.പി എം.എന്‍. കൃഷ്ണമൂര്‍ത്തി, എ.ഡി.ജി.പിമാരായ ഹേമചന്ദ്രന്‍, അനന്തകൃഷ്ണന്‍ എന്നിവര്‍ പങ്കെടുത്തു. മാവോയിസ്റ്റുകളുമായി നേര്‍ക്കുനേര്‍ ഏറ്റുമുട്ടല്‍ സംബന്ധിച്ച കാര്യങ്ങളാണ് വിശദമായി ചര്‍ച്ച നടത്തിയത്. മാവോയിസ്റ്റ് ഭീഷണി മുന്‍നിര്‍ത്തി ശക്തമായ നടപടികള്‍ കൈക്കൊള്ളാനാണ് നിര്‍ദേശം.

കണ്ണൂര്‍ ജില്ലയിലെ പേരാവൂര്‍, കൊട്ടിയൂര്‍, കേളകം, കണ്ണവം വനമേഖലയില്‍ പ്രത്യേക പോലീസ് സംഘത്തെ നിയോഗിച്ചു. കെ.എ.പി. കമാന്‍ഡോകളുടെ ആന്റി നക്‌സല്‍ വിങ്ങിലെ 30 പേരും പതിന്നാലംഗ തണ്ടര്‍ബോള്‍ട്ട് ടീമും 30 സായുധ ബറ്റാലിയന്‍ അംഗങ്ങളുമാണ് ഈ മേഖലയിലുള്ളത്. ഇതിനുപുറമെ ലോക്കല്‍ പോലീസുമുണ്ട്. മാവോവാദി ഭീഷണിയുള്ളതിനാല്‍ വനാതിര്‍ത്തിയിലെ പോലീസ് സ്റ്റേഷനുകള്‍ക്ക് നേരത്തേ കാവല്‍ ഏര്‍പ്പെടുത്തിയിരുന്നു. ഇത് ശക്തമാക്കാനും നിര്‍ദേശം നല്‍കിയിട്ടുണ്ട്.



മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും
പിന്തുടരുക.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :