ലോട്ടറി നമ്പര്‍ തിരുത്തി തട്ടിപ്പ്

ഇടുക്കി| JJ| Last Modified ഞായര്‍, 16 ഓഗസ്റ്റ് 2015 (13:22 IST)
സംസ്ഥാന സര്‍ക്കാര്‍ ലോട്ടറിയുടെ നമ്പര്‍ തിരുത്തി പണം തട്ടുന്ന സംഘത്തിലെ മൂന്നു പേരെ കഴിഞ്ഞ ദിവസം ഇടുക്കി പൊലീസ് അറസ്റ്റ് ചെയ്തു. ഇടുക്കി ആലിന്‍ ചുവട് ചുരുളിക്കണ്ടത്തില്‍ ബിപിന്‍ (45), ആലിന്‍ ചുവട് വട്ടക്കാലായില്‍ സുരേഷ് കുമാര്‍ (41), ഗാന്ധിനഗര്‍ കണ്ടത്തിന്‍ കരയില്‍ സലീം (56) എന്നിവരാണ് അറസ്റ്റിലായത്. എന്നാല്‍ സംഘത്തലവന്‍ ഒളിവിലാണ്.

കഴിഞ്ഞദിവസം രാവിലെ ചെറുതോണി അഞ്ജു ലക്കി സെന്‍ററില്‍ 5000 രൂപയുടെ ലോട്ടറി അടിച്ചെന്നും തുക മാറിത്തരണം എന്നും ആവശ്യപ്പെട്ട് സംഘത്തിലെ ഒരാളെത്തി. എന്നാല്‍ ലോട്ടറി ഏജന്‍റ് മൊത്തക്കച്ചവടക്കാരായ നെടുങ്കണ്ടത്തെ ഏജന്‍സിയുമായി ബന്ധപ്പെട്ടപ്പോള്‍ ഈ നമ്പരിലുള്ള ഒരു ടിക്കറ്റ് വിറ്റിട്ടില്ലെന്ന് അറിയിച്ചു. തുടര്‍ന്ന് പൊലീസില്‍ പരാതി നല്‍കിയത് അനുസരിച്ച് പൊലീസ് ഇവരെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തപ്പോഴാണ് തങ്ങള്‍ നമ്പര്‍ തിരുത്തിയെന്ന് സമ്മതിച്ചത്.

ഇതേ രീതിയില്‍ മറ്റു മൂന്നു സ്ഥലങ്ങളില്‍ നിന്നായും ഇവര്‍ പണം തട്ടിയെടുത്തു. ഇടുക്കി ജില്ലയിലെ വിവിധ ഏജന്‍റുമാര്‍ക്ക് ഇത്തരത്തില്‍ കബളിപ്പിക്കല്‍ പറ്റിയിട്ടുണ്ടെന്ന് അറിയുന്നു. ഇടുക്കി എസ് ഐ ഷൈനിന്‍റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് ഇവരെ പിടികൂടിയത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :